ADVERTISEMENT

ന്യുയോർക്കിൽനിന്നു ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു വിശ്രുത എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ബ്രസീലിൽനിന്നുള്ള പൗലോ കൊയ്‌ലോ മലയാളി വായനക്കാർക്കും ഏറെ സുപരിചിതൻ. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രായമുണ്ട് അദ്ദേഹത്തിന്. 1947 ഓഗസ്റ്റ് 24ന് ജനനം. ഇപ്പോൾ വയസ്സ് 76 കഴിഞ്ഞു. അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയ നോവൽ ‘ദി ആൽകെമിസ്റ്റ്’. ഗദ്യവും പദ്യവുമായി മുപ്പതിലേറെ പുസ്തകങ്ങൾ. വിവിധ ഭാഷകളിലായി വിറ്റത് 32 കോടിയിലേറെ കോപ്പികൾ. ഇപ്പോൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ താമസം.

ഷിക്കാഗോയിലൊരു പുസ്തകമേളയിൽ പങ്കെടുക്കാനായിരുന്നു ആദ്യം പറഞ്ഞ യാത്ര. വിമാനം പറന്നുകൊണ്ടിരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റുനിന്നു പറഞ്ഞു: ഷിക്കാഗോയിൽ വിമാനമിറങ്ങുമ്പോൾ ഓരോ റോസാപ്പൂ പിടിച്ചുനിൽക്കാൻ തയാറുള്ള പന്ത്രണ്ടു പേരെ വേണം. ആർക്കും കാര്യം മനസ്സിലായില്ല. എന്നാലും ഒരുപാടുപേർ കൈയുയർത്തി. പൗലോ കൊയ്‌ലോയും കൈ പൊക്കി. എണ്ണം കൂടുതലുണ്ടായിരുന്നതുകൊണ്ട് എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടില്ല; കൊയ്‌ലോയ്ക്കും അവസരം കിട്ടിയില്ല.

കൊയ്‌ലോ പിന്നീട് എഴുതി: വിമാനം ഷിക്കാഗോയിലിറങ്ങിയപ്പോൾ പന്ത്രണ്ടുപേർക്കും ഓരോ റോസാപ്പൂ നൽകപ്പെട്ടു. അവരുടെ പിന്നാലെ നടക്കാൻ ഞാനും തീരുമാനിച്ചു. യാത്രക്കാരെ സ്വീകരിക്കാനെത്തിയവർക്കിടയിൽനിന്ന് ഒരു പെൺകുട്ടി മുന്നോട്ടു വന്നു. ചെറുപ്പക്കാരൻ എന്തോ സൂചന നൽകിയപ്പോൾ ആ പന്ത്രണ്ടുപേരും, ഓരോരുത്തരായി, ആ പെൺകുട്ടിക്ക് ഓരോ റോസാപ്പൂ സമ്മാനിച്ചു. റോസാപ്പൂക്കളുമായി നിന്ന പെൺകുട്ടിയുടെ മുൻപിൽ ചെന്ന്, ഭവ്യതയോടെ കുനിഞ്ഞ്, ചെറുപ്പക്കാരൻ ചോദിച്ചു: എന്നെ ഭർത്താവായി സ്വീകരിക്കുമോ? ‘തീർച്ചയായും’ എന്നു മറുപടി പറഞ്ഞു, പെൺകുട്ടി.

സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരായിരം റോസാപ്പൂക്കൾ അവിടെ വിടരുന്നതു ഞാൻ കണ്ടു. വിമാനക്കമ്പനിയിലെ ഒരുദ്യോഗസ്ഥ അപ്പോൾ എന്നോടു പറഞ്ഞു: ഞാനിവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് കുറെയേറെ വർഷങ്ങളായി. പക്ഷേ, ഈ വിമാനത്താവളത്തിൽ ഇതുപോലെ മനോഹരമായൊരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. ഏതു കാര്യവും വ്യത്യസ്തമായി ചെയ്യുമ്പോഴാണ് അതിനു ‘മനോഹരം’ എന്ന വിശേഷണം വന്നുചേരുന്നത്.

English Summary:

Paulo Coelho Witnesses Touching 12-Rose Proposal on Flight to Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com