ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു മാസ്കുകൾ നിർബന്ധമാക്കിയതോടെ വെട്ടിലായത് മാതാപിതാക്കളാണ്. മുഖവും വായും മൂടിക്കെട്ടിയ രീതിയിൽ ശ്വാസം മുട്ടുന്നത് പോലെ മാസ്കും ധരിച്ചു പുറത്തിറങ്ങാൻ വീട്ടിലെ കുട്ടിക്കൂട്ടങ്ങൾ തയ്യാറാകുന്നില്ല. പത്തു മിനിട്ടിനു മുകളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങുന്ന റെഗുലർ മാസ്കുകൾ മുഖത്ത് വയ്ക്കാൻ കുട്ടികൾ സമ്മതിക്കുന്നില്ല, അവർ അത് വലിച്ചെറിയുന്നു. 

അതോടെ വീടിന് പുറത്തേക്ക് കുട്ടികളുമായി അത്യാവശ്യകാര്യങ്ങൾക്ക് പോലും ഇറങ്ങാൻ കഴിയാതെ മാതാപിതാക്കൾ വെട്ടിലായി. ഒപ്പം റെഗുലർ സൈസിൽ ഇറങ്ങുന്ന മാസ്കുകൾ കുട്ടികളുടെ മുഖത്തിനു ചേരുന്നില്ല എന്ന പരാതിയും വർധിച്ചു. ഈ അവസ്ഥയെ ഒരു അവസരമായി കണ്ട് കുട്ടികൾക്കായി സ്പെഷ്യലായി ഡിസൈൻ ചെയ്ത ഇക്കോ ഫ്രണ്ട്​ലി മാസ്കുകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശിനിയായ ഉമ്മു ഹബീബ .

eco-friendly-cartoon-mask-for-kids1

ഫാഷൻ ഡിസൈനറായ ഉമ്മു ഉമ്മുസ് എന്ന ബ്രാൻഡിലാണ് കുട്ടികൾക്കായുള്ള മാസ്കുകൾ വിപണിയിൽ എത്തിക്കുന്നത്. വലിയൊരു ബിസിനസ് സംരംഭമായി തുടങ്ങിയതല്ല ഉമ്മുസിന്റെ മാസ്ക് നിർമാണം. ആദ്യമായി ഒരു ഡിസൈനർ മാസ്ക് നിർമിച്ചത് മകൾക്ക് വേണ്ടിയാണ്. സ്ഥിരം പാറ്റേണിലുള്ള മാസ്കുകൾ കണ്ട് മടുത്ത മകൾ ഡിസൈനറായ അമ്മയോട് വ്യത്യസ്തമായ ഒരു മാസ്ക് നിർമിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഹാൻഡ് എംബ്രോയ്ഡറി ചെയ്ത മാസ്ക് നിർമിച്ചു. 

ഇതു കണ്ട് മകളുടെ സുഹൃത്തുക്കളും മറ്റും സമാനമായ മാസ്കുകൾ ആവശ്യപ്പെട്ടു. അങ്ങനെ മുതിർന്നവർക്കായുള്ള ഡിസൈനർ മാസ്കുകൾ നിർമിച്ചു വരികെയാണ് മാസ്കുകളുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ അവസ്ഥ ശ്രദ്ധയിൽ പെടുന്നത്. അങ്ങനെ ചിന്തിച്ചപ്പോൾ ഒരു കാര്യം മനസിലായി, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നിറത്തിലും പാറ്റേണിലും മാസ്കുകൾ നിർമിക്കാൻ കഴിഞ്ഞാൽ അത് അവരുടെ ഫാഷനായി മാറുകയും കുട്ടികൾ അംഗീകരിക്കുകയും ചെയ്യും. അങ്ങനെയാണ് ഉമ്മുസ് കുട്ടികൾക്കായുള്ള കാർട്ടൂൺ മാസ്കുകളുടെ നിർമാണം ആരംഭിച്ചത്. 

eco-friendly-cartoon-mask-for-kids2

സോഫ്റ്റ് കോട്ടണിൽ ഹാൻഡ് എബ്രോയ്ഡറി ചെയ്ത പൂച്ചക്കുട്ടി

കുട്ടികൾക്കായി തയ്യാറാക്കുന്ന മാസ്ക് ആയതിനാൽ തന്നെ സോഫ്റ്റ് കോട്ടൺ മെറ്റിരിയൽ ആണ് ഉമ്മുസ് തെരെഞ്ഞെടുത്തത്. ചൂട് കുറയ്ക്കാനും നല്ലത് ഇത് തന്നെയാണ്. പല നിറത്തിലുള്ള സോഫ്റ്റ് കോട്ടൺ മെറ്റിരിയലുകൾ ഇതിനായി തെരെഞ്ഞെടുത്തു. ശേഷം, കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കാർട്ടൂൺ കഥാപാത്രങ്ങളെയും പൂച്ചകുട്ടികളെയും മറ്റും അതിൽ എബ്രോയ്ഡറി ചെയ്ത് ചേർത്തു. എവിടെയും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ആശയമായതിനാൽ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ഒറ്റനോട്ടത്തിൽ മാസ്ക് വച്ച കുട്ടിയെ കണ്ടാൽ ഒരു പൂച്ചക്കുട്ടി ചിരിക്കുകയാണ് എന്നെ തോന്നൂ. കാണുന്നവർക്കും മാസ്ക് വയ്ക്കുന്നവർക്കും ഒരു പോലെ കൗതുകം ജനിപ്പിക്കുന്നതാണ് ഉമ്മുസിന്റെ കുട്ടി മാസ്കുകൾ. 

വലിയവർക്കായുള്ള മാസ്ക്  അവർ ആവശ്യപെടുന്ന മോഡൽ ഉണ്ടാക്കി കൊടുക്കും.. ഇഷ്ടപെട്ട നിറത്തിലും ഡിസൈനിലും മാസ്കുകൾ നിർമിക്കും.  ഉയർന്ന ഗുണനിലവാരമുള്ള തുണികളാണ് മാസ്ക് നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത്  വീണ്ടും കഴുകി ഉപയോഗികം. 3 ലെയർ മാസ്ക് ആണ് നിർമിക്കുന്നത്. കുട്ടികളുടേതു 50രൂപയും 30. രൂപ കൊറിയർ ചാർജുമാണ് ഈടാക്കുന്നത്. 

ഒരു കൗതുകത്തിനായി തുടങ്ങിയതാണ് കുട്ടികൾക്കായുള്ള മാസ്ക് നിർമാണം എങ്കിലും ഇപ്പോൾ ധാരാളം ആളുകൾ ആവശ്യക്കാരായി വരുന്നുണ്ടെന്ന് ഉമ്മുസ് പറയുന്നു. മാസ്ക് നിർമാണത്തോടൊപ്പം തന്നെ ഗ്ലാസ് പെയിന്റിംഗ്, ബോട്ടിൽ പെയിന്റിംഗ് എന്നിവയിലും ഉമ്മുസ് സജീവമാണ്. കുട്ടികളുടെ സുരക്ഷയ്ക്കായി വ്യത്യസ്തമായ രീതിയിൽ മാസ്ക് ഡിസൈൻ ചെയ്യാൻ പറ്റിയതിന്റെയും കുട്ടികൾ അത് ഇരുകൈകളും നീട്ടി സ്വീകരിച്ചതിന്റെയും സന്തോഷത്തിലാണ് ഉമ്മുസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com