sections
MORE

ആറുവയസുകാരന്റെ പിറന്നാളിന് സർപ്രൈസുമായി എത്തിയത് പൊലീസ്: രാജ്യത്തിന്റെ പ്രത്യാശയുടെ പ്രതീകമെന്ന് വൈറ്റ് ഹൗസ്

HIGHLIGHTS
  • ജയ്സിന്റെ ആറാം പിറന്നാളിന് സർപ്രൈസുമായി എത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണ്
  • പിറന്നാൾ ആഘോഷത്തിന് പൊലീസ് വേഷത്തിൽ തന്നെയാണ് ജെയ്സ് ഒരുങ്ങിയത്
i-love-police-white-house-shows-video-of-little-boys-birthday-surprise
SHARE

ന്യൂയോർക്കിലെ ഉൾഗ്രാമങ്ങളിൽ ഒന്നായ റിഡ്ജിൽ  ജീവിക്കുന്ന ജെയ്സ്‌ മെക്കൻസി എന്ന ബാലന്റെ ഇത്തവണത്തെ പിറന്നാൾ അമേരിക്കയിൽ ആകെ വാർത്തയായിരുന്നു. എങ്ങനെയെന്നല്ലേ. ജയ്സിന്റെ ആറാം പിറന്നാളിന്  സർപ്രൈസുമായി എത്തിയത് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് എന്നാൽ കുഞ്ഞു ജെയ്സിന് ജീവനാണ്. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. എന്നാൽ അവിടം കൊണ്ടും തീർന്നില്ല. രാജ്യത്തിന്റെ ആകെ  പ്രത്യാശയുടെ അടയാളമാണിത്  എന്ന് അറിയിച്ചു കൊണ്ട്  വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിൽ ഈ സർപ്രൈസ് വിസിറ്റിന്റെ ദൃശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ഗ്രീൻ പോർട്ടിൽ വെച്ചാണ് ജെയ്സിന്റെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സംസാരിച്ചു തുടങ്ങിയ കാലം തൊട്ടേ ജെയ്സിന്  ഏറ്റവും ഇഷ്ടമുള്ളത് പോലീസുകാരെയാണ്. വളർന്നു വരും തോറും അവന് ആ ഇഷ്ടം കൂടി വരുന്നതേയുള്ളൂ എന്നു മനസ്സിലാക്കിയ കുടുംബം ഇത്തവണത്തെ പിറന്നാൾ ഏറ്റവും പ്രിയപ്പെട്ടതാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജെയ്സിന്റെ ആന്റിയായ അലിസൺ ഷെൽബി സൗത്തോൾഡ് ടൗൺ പൊലീസിനെ കാര്യങ്ങൾ ധരിപ്പിച്ചു. ഇത് അറിഞ്ഞതോടെ ഏറെ സന്തോഷത്തോടെ ജെയ്സിന്റെ അരികിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ  എത്തുകയായിരുന്നു.

പിറന്നാൾ ആഘോഷത്തിന് പൊലീസ് വേഷത്തിൽ തന്നെയാണ് ജെയ്സ് ഒരുങ്ങിയത്. അപ്രതീക്ഷിതമായി മൂന്ന് കാറുകളിലായി പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നത് കണ്ടതോടെ ജെയ്സിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ ജെയ്സ് ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. ഈ കൊച്ചുമിടുക്കന് പിറന്നാൾ സമ്മാനമായി  പോലീസുകാർ ഉപയോഗിക്കുന്ന ബാഡ്ജിന്റെയും ബ്രേസ്‌ലെറ്റിന്റെയും മാതൃകയുമായാണ്  ഉദ്യോഗസ്ഥർ എത്തിയത്. ഏറെനേരം അവനൊപ്പം  ചിലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്.

ജെയ്സിനെ കാണാൻ എത്തിയ ഉദ്യോഗസ്ഥർക്കും സമാന പ്രായത്തിലുള്ള മക്കൾ ഉണ്ടെന്നും അവന്റെ സ്വപ്നം യാഥാർഥ്യമാക്കി കൊടുത്തതിൽ അവരെല്ലാം അതീവ സന്തുഷ്ടരാണെന്നും സൗത്തോൾഡ് ടൗൺ പോലീസ് മേധാവി മാർട്ടിൻ ഫ്ലാട്‌ലെ പറയുന്നു. പത്രസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കെയ്ലി മെക്കനാനി ജെയ്സിന്റെയും ഉദ്യോഗസ്ഥരെയും ദൃശ്യങ്ങൾ അവതരിപ്പിച്ചതോടെ സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

എന്നാൽ ഇതിന്റെയൊന്നും പ്രാധാന്യം  കുഞ്ഞു ജെയ്സിന് ഇനിയും മനസ്സിലായിട്ടില്ലയെന്നും, പൊലീസ് ഉദ്യോഗസ്ഥർ തന്നെ കാണാനെത്തിയ സന്തോഷത്തിൽ മതിമറന്ന് ജീവിക്കുകയാണ് അവനിപ്പോഴുമെന്നും മാതാപിതാക്കൾ പറയുന്നു. മുതിർന്നു കഴിഞ്ഞാൽ തീർച്ചയായും പോലീസുദ്യോഗസ്ഥൻ ആകണം എന്നുതന്നെയാണ് ജെയ്സിന്റെ ആഗ്രഹവും.

English Summary : I Love Police : White House Shows Video Of Lillte Boys Birthday surprise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA