പൊലീസുകാർക്കും വേണ്ടേ സംരക്ഷണം ; ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൾഡുകൾ നിർമ്മിച്ചു നൽകി ആറാം ക്ലാസുകാരി

HIGHLIGHTS
  • അമ്മയുടെ വാക്കുകളാണ് അനുഗ്രഹയ്ക്ക് പ്രചോദനമായത്
  • നാല് ദിവസങ്ങൾ കൊണ്ട് 50 ഫേസ് ഷീൾഡുകളാണ് ഇരുവരും ചേർന്ന് നിർമ്മിച്ചത്
little-girl-anugraha-made-face-shield-for-police-officers
SHARE

കൊറോണ പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹസമ്മാനം എത്തിച്ചു നൽകിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. സമൂഹത്തിന് സുരക്ഷയൊരുക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൾഡുകൾ നിർമ്മിച്ചു നൽകിയാണ് അനുഗ്രഹ എന്ന ആറാം ക്ലാസുകാരി വ്യത്യസ്തയാകുന്നത്. ആനാവൂർ ഗവൺമെൻറ് എച്ച്എസ്എസിലെ വിദ്യാർഥിനിയായ അനുഗ്രഹ നിർമിച്ച കരുതലിന്റെ കയ്യൊപ്പുള്ള സ്നേഹ സമ്മാനം തിരുവനന്തപുരം ജില്ലയിലെ മാരായമുട്ടം സ്റ്റേഷനിലെ പൊലീസുകാർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.

ദിവസവും ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കേണ്ടി വരുന്ന പൊലീസുകാർക്ക് രോഗബാധ  തടയുന്നതിന് ഫെയ്സ് ഷീൾഡുകൾ കൂടുതൽ ഉപയോഗപ്രദമാകും എന്ന അമ്മയുടെ വാക്കുകളാണ് അനുഗ്രഹയ്ക്ക് പ്രചോദനമായത്. അനുഗ്രഹയുടെ മാതാപിതാക്കളായ റെജിൻനാഥും ഷീജയും ആരോഗ്യ പ്രവർത്തകരാണ്. പൊലീസുകാർക്ക് ഫെയ്സ് ഷീൽഡ് നിർമിച്ചു നൽകണമെന്ന മകളുടെ ആഗ്രഹം അറിഞ്ഞപ്പോൾ തന്നെ വേണ്ട നിർമ്മാണ വസ്തുക്കൾ എല്ലാം മാതാപിതാക്കൾ എത്തിച്ചു നൽകി. അങ്ങനെയാണ് അനുജന്റെ സഹായത്തോടെ ഈ കൊച്ചുമിടുക്കി ഷീൾഡുകൾ നിർമ്മിച്ചു തുടങ്ങിയത്.

നാല് ദിവസങ്ങൾ കൊണ്ട് 50 ഫെയ്സ് ഷീൾഡുകളാണ് ഇരുവരും ചേർന്ന് നിർമ്മിച്ചത്. അവ ആദ്യം തന്നെ സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്ക് വിതരണം ചെയ്തു. അതിനുശേഷം മാരായമുട്ടം പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കും അനുഗ്രഹ നേരിട്ട് തന്നെ ഫെയ്സ് ഷീൾഡുകൾ കൈമാറി. സമൂഹത്തോടുള്ള പ്രതിബദ്ധത കാണിച്ചുകൊണ്ടുള്ള ഈ കുരുന്നിന്റെ പ്രവർത്തിക്ക് മാരായമുട്ടം പൊലീസ് സ്റ്റേഷൻ എസ്ഐ എം ആർ മൃദുൽ കുമാറും സംഘവും നിറഞ്ഞ കൈയടിയോടെയാണ് അഭിനന്ദനം അർപ്പിച്ചത്. ഈ സമ്മാനത്തെ കുറിച്ച് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ അനുഗ്രഹയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

English Summary : Little girl Anugraha made face shield for police officers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA