യു കെയിൽ നിന്ന് ഇന്ത്യയ്ക്കുവേണ്ടി വേണ്ടി കരുതലിന്റെ കരങ്ങൾ നീട്ടി 5 വയസ്സുകാരൻ: സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

HIGHLIGHTS
  • നൂറു കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊണ്ടായിരുന്നു ഇൗ ക്യാംപെയിൻ
  • 60 പേരോളം ഈ ഉദ്യമത്തിന് ഒപ്പം കൂടി
indian-boy-uk-raise-money--covid19-relief-ppe-kits-for-india
SHARE

കൊറോണാ മഹാമാരി ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ തന്റെ നാടിനുവേണ്ടി കടലുകൾക്കപ്പുറം ഇരുന്ന് കരുതലേകി വിസ്മയിപ്പിക്കുകയാണ് അനീശ്വർ  കുഞ്ചല എന്ന  അഞ്ചു വയസ്സുകാരൻ. ഇന്ത്യയിൽ കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകർക്കായി പി പി ഇ കിറ്റ് വാങ്ങുന്നതിന് തന്റെ സൈക്കിൾ യജ്ഞത്തിലൂടെ 3.7 ലക്ഷം രൂപയാണ്  ഈ കുരുന്ന് സ്വരൂപിച്ചത്. ആന്ധ്ര  സ്വദേശികളായ അച്ഛനും അമ്മയ്ക്കും ഒപ്പം യുകെയിലെ മാഞ്ചസ്റ്ററിൽ ആണ് അനീശ്വർ താമസിക്കുന്നത്.

ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ യാദൃശ്ചികമായി യുദ്ധ ഭടനായിരുന്ന ക്യാപ്റ്റൻ ടോം മൂറിനെക്കുറിച്ചുള്ള  വാർത്ത കണ്ടതാണ് അനീശ്വറിന് പ്രചോദനമായത്. കൊറോണ പ്രതിരോധത്തിന് വേണ്ടി പണം സ്വരൂപിക്കുന്നതിനായി തന്റെ വീട്ടുമുറ്റത്ത് കൂടി നൂറു തവണ നടന്ന് അദ്ദേഹം ക്യാമ്പയിൻ നടത്തുന്നതിനെ കുറിച്ചായിരുന്നു വാർത്ത. ഇതു കണ്ട് കൗതുകം തോന്നിയ അനീശ്വർ അച്ഛനോട് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് മനസ്സിലാക്കി. അതോടെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന് കുഞ്ഞ് അനീശ്വർ തീരുമാനിക്കുകയായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ അവൻ ക്രിക്കറ്റ് കളി പഠിച്ചെടുത്തു. അതിനുശേഷം യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിനുവേണ്ടി പണം സ്വരൂപിക്കുന്നതിനായി 10 ദിവസം കൊണ്ട് 1000 ഹിറ്റുകൾ എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഇത് വിജയമായതോടെ തന്റെ സ്വന്തം നാടായ ഇന്ത്യക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം എന്നായി അനീശ്വറിന്റെ ചിന്ത.  ഇത്തവണ കൂട്ടുകാരെയും ഒപ്പംകൂട്ടി ഒരു സൈക്കിൾ യജ്ഞം ആയിരുന്നു ഈ കൊച്ചുമിടുക്കന്റെ പദ്ധതി.  

ഒരു സന്നദ്ധ സംഘടന വഴി ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്ക് പിപി ഇ കിറ്റുകൾ വാങ്ങി നൽകുന്നതിനായി മഞ്ചസ്റ്ററിൽ നൂറു കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊണ്ടായിരുന്നു ഇൗ ക്യാംപെയിൻ. ഒരു മണിക്കൂർ സമയം കൊണ്ട് അഞ്ച് മുതൽ ഏഴ് കിലോമീറ്റർ ദൂരം വരെ ദിനവും  അനീശ്വർ സൈക്കിൾ ചവിട്ടി. തുടക്കത്തിൽ മൂന്ന് നാല് സുഹൃത്തുക്കൾ മാത്രമാണ് ഒപ്പമുണ്ടായിരുന്നത് എങ്കിലും പിന്നീട്  60 പേരോളം ഈ ഉദ്യമത്തിന് ഒപ്പം കൂടി. അനീശ്വറിന്റെ അച്ഛൻ അനിലും അമ്മ വൽമെതിയും മകന്റെ ശ്രമങ്ങളെ കുറിച്ച് പ്രചരണം നൽകിയതോടെ സംഭാവനകൾ എത്തി തുടങ്ങി. 

 'ലിറ്റിൽ പെഡല്ലേഴ്സ്' എന്ന പേര് നൽകിയ ക്യാമ്പയിൻ അവസാനിച്ചപ്പോഴേക്കും 3.7 ലക്ഷം രൂപയാണ് ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഈ അഞ്ചുവയസ്സുകാരൻ സമാഹരിച്ചത്. തന്റെ നാടിനോടും ജീവിക്കുന്ന സമൂഹത്തോടും ഇത്ര ചെറുപ്രായത്തിൽ തന്നെ വലിയ കരുതൽ കാട്ടിയതിന്  കായിക മേഖലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള നിരവധി പ്രമുഖരാണ് അനീശ്വറിന് ആശംസകളുമായി എത്തിയത്.

 English Summary : Indian boy UK raise 3.7 lakh covid19 relief PPE kits for India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA