വാതിൽക്കല് വെള്ളരി പ്രാവ്; ഒളിച്ചു പാടിയ പാട്ടുമായി മിയക്കുട്ടി ഇവിടെയുണ്ട്

HIGHLIGHTS
  • മിയ പാടിയ ചില ഹിന്ദി ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു
  • മിയ പാടിയതും റെക്കോർഡ് ചെയ്തതുമൊന്നും ആരും അറിഞ്ഞിരുന്നില്ല
vathilkkal-vellariprave-viral-selfie-video-by-miya-interview
SHARE

വാതില്ക്കല് വെള്ളരി പ്രാവ്.... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മാറ്റ് ഇരട്ടിയായത് മിയക്കുട്ടിയുടെ വൈറലായ ആലാപനത്തോട് കൂടിയാണ് എന്ന് പറഞ്ഞാൽ അത് ആരും നിഷേധിക്കില്ല. വീട്ടിൽ ആരും കാണാതെ വാപ്പയുടെ മൊബൈലിൽ സെൽഫി വിഡിയോ ആയി മിയ പാടിയ പാട്ട് പിതാവ് അസ്‌ലം ഷെഹ്നാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കൊച്ചു ഗായിക വൈറലാകുകയായിരുന്നു. തുടർന്ന് ധാരാളം ആളുകളാണ് കുഞ്ഞു മിയയുടെ കൂടുതൽ വിശേഷങ്ങൾ ചോദിക്കുവാനായി അസ്‌ലാമിന് മെസ്സേജുകൾ അയച്ചത്. എന്നാൽ അപ്പോഴും താൻ വൈറലായി, വേറെ ലെവൽ ആയത് അറിയാതെ മൂളിപ്പാട്ടും പാടി തന്റേതായ കളികളിൽ മുഴുകുകയാണ് ഫോർട്ട്കൊച്ചിക്കാരിയായ മിയ എസ്സ മെഹക് എന്ന മിടുക്കി. മിയയുടെ വിശേഷങ്ങളിലേക്ക്....

പാട്ടെന്നാൽ ജീവൻ 

ചെറുപ്പം മുതൽ സംഗീതത്തോട് ഏറെ താല്പര്യമാണ് മിയ എസ്സ മെഹക് എന്ന മിയക്കുട്ടിക്ക്. ചേച്ചി ദിയ സംഗീതം പഠിക്കുന്നുണ്ട്. ചേച്ചിയുടെ കൂടെയിരുന്നു സംഗീതം അഭ്യസിക്കൽ പതിവാക്കിയപ്പോഴാണ് പിതാവ് അസ്‌ലം ഷെഹ്നാസ് കുഞ്ഞു മിയയെ പാട്ട്  പഠിപ്പിക്കാൻ തുടങ്ങിയത്. മൂന്നാം വയസിൽ തുടങ്ങിയതാണ് പാട്ട് പഠനം. ജോലി തിരക്കുകൾക്കിടയിലും അസ്‌ലം മിയക്ക് പാട്ടു പഠിപ്പിക്കാൻ സമയം കണ്ടെത്തും . അങ്ങനെ പഠിച്ചെടുത്തതാണ് വാതിൽക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനവും. 

പാട്ട് പാടുക, കേൾക്കുക ഏറ്റവും വലിയ സന്തോഷം

കൃത്യമായി പറഞ്ഞാൽ മൂന്നാം വയസിൽ തുടങ്ങിയതാണ് മിയയുടെ പാട്ടു പഠനം. കുറച്ചു കൂടി വലുതായിട്ട് ശാസ്ത്രീയമായ പഠനം ആരംഭിക്കാം എന്ന ചിന്തയിലാണ് പിതാവ് വീട്ടിനുള്ളിൽ തന്നെ  പാട്ടുകൾ പഠിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ വലുതാകാനൊന്നും നിൽക്കാതെ തന്നെ മിയ കുട്ടി വൈറലായി. ഇതിനു മുൻപ് മിയ പാടിയ ചില ഹിന്ദി ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് എഫ്എമ്മിൽ വരെ മിയയുടെ പാട്ടെത്തി. എന്നാൽ അന്നൊക്കെ അറിഞ്ഞു കൊണ്ട് പാടിയതായിരുന്നു. എന്നാൽ ഇക്കുറി മിയ സ്റ്റാർ ആയത് ആരും അറിയാതെ പാടിയ പാട്ടിനാണ് എന്നതാണ് സന്തോഷം.

ഒറ്റക്ക് പാടുക, സ്വയം  റെക്കോർഡ് ചെയ്യുക

മിയ പാടുമ്പോൾ പിതാവ് ഫോണിൽ റെക്കോർഡ് ചെയ്ത അവളെ കാണിക്കുമായിരുന്നു. അങ്ങനെയാണ് മൊബൈലിൽ വിഡിയോ എടുക്കൽ ഒരു ഹോബിയായി മാറിയത്. എന്നാൽ അമിതമായ മൊബൈൽ ഉപയോഗം വേണ്ടെന്നു കരുതി തന്നെ ഇതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മിയ സമയം കിട്ടുമ്പോഴൊക്കെ പാട്ടുമായി വരും. ഉമ്മയെയോ ഉപ്പയെയോ സോപ്പിട്ട് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ ചെയ്തതാണ് വൈറലായ വാതിൽക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനം. മിയ പാടിയതും റെക്കോർഡ് ചെയ്തതുമൊന്നും ആരും അറിഞ്ഞിരുന്നില്ല. മൊബൈലിൽ അവിചാരിതമായി വിഡിയോ ഫോൾഡർ തുറന്ന സഹോദരി ദിയയാണ് ഇത് ആദ്യം കാണുന്നത്. കൗതുകം തോന്നി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. 

യുകെജി പഠനവും പാട്ടും 

ഫോർട്ട്കൊച്ചി രാജഗിരി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയാണ് മിയ എസ്സ മെഹക് . കോവിഡ് കാരണം പഠനമെല്ലാം ഓൺലൈൻ ആണ്. കൂട്ടുകാരെ കാണാനാവാത്ത വിഷമമൊക്കെയുണ്ട് മിയക്ക്. ആ വിഷമമെല്ലാം നല്ല പാട്ടിന്റെ രൂപത്തിൽ പാടി തീർക്കുകയാണ് കുഞ്ഞു മിയ. താൻ പാടുന്നത് തനിക്ക് തന്നെ ഒന്ന് കാണണം എന്നത് കൊണ്ടാണ് മിയ പാട്ടുകളെല്ലാം വിഡിയോ ആക്കുന്നത്. ചില വിഡിയോ എല്ലാരും കാൺകെ ചെയ്യും ചിലത് ആരും കാണാതെ ചെയ്യും , കൂട്ടത്തിൽ ഒന്നാണ് വൈറലായ വാതിൽക്കല് വെള്ളരിപ്രാവ്‌.... 

English Summary : Vathilkkal Vellariprave viral selfie video by Miya interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA