‘എനിക്ക് പഠിക്കണം സാറേ, കറണ്ട് ഒന്ന് തരാന്‍ പറ സാറേ’ കണ്ണു നിറഞ്ഞ് ജ്യോതി ; കറന്റും പഠന സൗകര്യങ്ങളും ഉറപ്പാക്കി കളക്ടർ

HIGHLIGHTS
  • .. ഞങ്ങക്ക് കറണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി.
  • ഞാന്‍ ക്യാമ്പില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം
little-girl-jyothi-adithya-s-request-to-collector-pb-nooh
SHARE

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ പായുകയാണ്. കേരളത്തിലാണെങ്കിൽ കോവിഡിനൊപ്പം മഴക്കെടുതികളും പ്രളയഭീതീയും. ഇതിനിടയ്ക്ക് തന്റെ വിഷമങ്ങൾ കേൾക്കാൻ ആരെങ്കിലും ഉണ്ടാകുമെന്നു പത്തനംതിട്ട സ്വദേശിനിയായ ജ്യോതി ആദിത്യ എന്ന മിടുക്കി കരുതിയിരുന്നില്ല. വീട്ടിൽ കറന്റില്ല, അതിനാൽ തന്നെ പഠിക്കാൻ സാധിക്കുന്നില്ല.കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യോതി ഇക്കാര്യം തുറന്നു പറഞ്ഞപ്പോൾ ആ വിഷമം കാണാൻ  ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉണ്ടായിരുന്നു. 

മഴക്കെടുതിയെ തുടർന്നു തുറന്ന ക്യമ്പിൽ വച്ചാണ് ജ്യോതി ആദിത്യ കളക്റ്ററോട് തന്റെ വിഷമങ്ങൾ പങ്കുവച്ചത്.‘എനിക്ക് പഠിക്കണം സാറേ... ഞങ്ങക്ക് കറണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി...'' എന്ന് ജ്യോതി പറഞ്ഞപ്പോൾ അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാ കളക്ടർ പി.ബി നൂഹ് , ജ്യോതിയെ ആശ്വസിപ്പിച്ചുകൊണ്ട് കാര്യങ്ങൾ തിരക്കി . 

കരഞ്ഞുകൊണ്ടിരുന്നു ജ്യോതി ഏങ്ങലടിച്ച് കാര്യങ്ങൾ വിശദീകരിച്ചു. ‘എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ. എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാമ്പില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം...’

ഏറെ വിഷമത്തോടെ ജ്യോതി ഇത് പറഞ്ഞു തീർത്തപ്പോഴേക്കും  നൂഹ് മനസ്സിൽ പരിഹാരവും കണ്ടിരുന്നു. അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാന്‍ താന്‍ എത്തുമെന്നും അപ്പോള്‍ വീട്ടില്‍ കറണ്ടുണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുതരുമെന്നും ഉറപ്പ് നല്‍കിയാണ് കളക്ടർ കുട്ടിയെ ആശ്വസിപ്പിച്ചത്. മുട്ടുമണ്ണില്‍ സതീശന്റെയും മോനിഷയുടേയും മൂത്ത മകളായ ജ്യോതി ആദിത്യ കളക്റ്ററുടെ വാക്കിൽ പൂർണ തൃപ്തയാണ്. 

 English Summary : Little girl Jyothi Adithya's request to collector PB Nooh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA