ADVERTISEMENT

കഴിഞ്ഞ നാല് ദിവസമായി എറണാകുളം വല്ലാർപാടം  സ്വദേശിനിയായ രണ്ടാം ക്ലാസ്  വിദ്യാർത്ഥിനി കാളിന്ദി ദക്ഷ  എന്ന കാളി  ക്വാറന്റീനിൽ ആണ്. വീടിനു സമീപത്തായുള്ള ഒരു വ്യക്തിക്ക് കോവിഡ് 19 പോസിറ്റിവ് ആകുകയും ആ വ്യക്തിയുടെ പ്രൈമറി കോൺടാക്റ്റിൽ വരികയും ചെയ്തതിനാലാണ് കാളിയ്ക്കും കുടുംബത്തിനും ക്വാറന്റീനിൽ പോകേണ്ടി വന്നത്. അവസ്ഥയുടെ ഗൗരവമെല്ലാം നന്നായി അറിയാം കാളിയ്ക്ക്. അതിനാൽ ക്വാറന്റീൻ ദിനങ്ങളോട് പൂർണമായി സഹകരിക്കുന്ന കാളി തന്നാൽ കഴിയും വിധം ഈ ദിവസങ്ങളെ ലൈവാക്കി നിർത്തുകയാണ്. 

ക്വാറന്റീൻ ദിനങ്ങളിലിൽ കാളിന്ദിയുടെ വിശേഷങ്ങൾ ചോദിച്ചു വിളിച്ച കേന്ദ്രീയ വിദ്യാലയത്തിലെ സുഹൃത്തുക്കൾക്കും മറ്റെല്ലാ പ്രിയപ്പെട്ടവർക്കും മുന്നിൽ താൻ പൂർണ സന്തോഷവതിയും ആരോഗ്യവതിയുമാണ് എന്ന് പറഞ്ഞുകൊണ്ട്   വ്‌ളോഗുകൾ തയ്യാറാക്കുന്ന തിരക്കിലാണ് കാളി. ക്വാറന്റീൻ ദിനങ്ങളിലെ വിരസത മാറ്റുന്നതിനായി കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങനെയാണു എന്ന വിഡിയോ ആണ് കാളി പങ്കിട്ടിരിക്കുന്നത്.

കാളിയുടെ അച്ഛനും ഫോർട്ട്കൊച്ചി പോലീസ് ഉദ്യോഗസ്ഥനുമായ ഷൈജു കെഎം ആണ് തന്റെ ഫെസ്‌ബുക്ക് വഴി വിഡിയോ പങ്കിട്ടിരിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ക്വാറന്റീനിൽ ആയതിനാൽ ഭീതിയും ആശ്വാസവും ഒപ്പത്തിനൊപ്പമാണ്. അച്ഛനും അമ്മയും കൂടെ ഉണ്ടെങ്കിലും വീടിനു പുറത്തിറങ്ങാൻ കഴിയാത്തത് കുട്ടികൾക്ക് വീർപ്പുമുട്ടൽ ഉണ്ടാക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായാണ് കാളി കുക്കിംഗ് വ്‌ളോഗുകൾ ചെയ്യുന്നത്. 

എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്നതിൽ തുടങ്ങി, ഗ്യാസ് കത്തിച്ച്, ചട്ടി ചൂടാക്കി, എണ്ണ ഒഴിച്ച് പാചകം എങ്ങനെ എന്നത് ഓരോ ഘട്ടവും വിവരിച്ചുകൊണ്ടാണ് കാളിക്കുട്ടിയുടെ പാചകം. കുട്ടി ഷെഫിന്റെ ചേരുവകൾ ആർക്കും പിന്തുടരാവുന്നതാണ്. വിഡിയോ രസകരമാണ്. വാഴയിലയിലാണ് കരിമീൻ പൊള്ളിച്ചെടുക്കുന്നത്. റെസിപ്പിയും നാടൻ തന്നെ. ഒടുവിൽ പാചകം ചെയ്ത വിഭവം ആദ്യം രുചിക്കാൻ കൊടുത്തത് കാളി തന്റെ ചേട്ടനാണ്.

ചേട്ടൻ കൊള്ളാം എന്ന് വിധി പറഞ്ഞതോടെ കാളിക്കുട്ടി ഹാപ്പി. ഒടുവിൽ കളിക്കുട്ടിയും സ്വന്തം പാചകം പരീക്ഷിച്ചു നോക്കി തൃപ്തി ആയതോടെ കോറന്റൈൻ പാചക വിഡിയോയുടെ ആദ്യ എപ്പിസോഡ് അവസാനിച്ചിരിക്കുകയാണ്. ഭയക്കാതെ, പോസിറ്റിവ് ആയി ക്വാറന്റീൻ കാലത്തെ നേരിടുന്ന കാളിന്ദിയെ  എല്ലാവരും സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുകയാണ് 

English Summary : Cooking experiments of little girl in quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com