ADVERTISEMENT

പ​​ഠിക്കുന്നുണ്ടോ ? ഉണ്ട്, കളിക്കുന്നുണ്ടോ? ഉണ്ട്, ജോലി ചെയ്യുന്നുണ്ടോ? ഉണ്ട്, മാതാപിതാക്കളെ സഹായിക്കുന്നുണ്ടോ? ഉണ്ട് , തങ്ങൾക്കാവശ്യമുള്ള പണത്തിന്റെ കുറച്ചു ഭാഗമെങ്കിലും സമ്പാദിക്കുന്നുണ്ടോ? ഉണ്ട്

ഈ ലോക്ഡൗൺ– കൊറോണക്കാലത്തും ഇങ്ങനെ ചെയ്യുന്ന ഇവരെ പറ്റി എന്തു പറയണം...

സൂപ്രാാാാ എന്നല്ലേ പറയേണ്ടേ

∙സഞ്ജയ് .ഡി

കാരാപ്പുഴ എൻഎസ്എസ് സ്കൂളിലെ 7ാം  ക്ലാസ് വിദ്യാർഥി.

മകനൊരു ഭാഗ്യമാണന്ന് അച്ഛൻ 

എങ്ങനെ അങ്ങനെ ആകാതിരിക്കും, ഭാഗ്യമല്ലേ വിൽക്കുന്നത്!!

25 വർഷമായി കോട്ടയം നഗരത്തിൽ ലോട്ടറി വിൽപന നടത്തുന്ന തെങ്കാശി സ്വദേശിയായ ധർമരാജിന്റെ മകനാണ് സഞ്ജയ്.

താമസം കോട്ടയം തിരുനക്കരയിൽ

പറ്റുമ്പോഴെല്ലാം സഞ്ജയ് അച്ഛന്റെയടുത്ത് എത്തും, സൈക്കിളും ഉന്തി ലോട്ടറിയുമായി പോകും. 

പിന്നെ മുഴുവൻ വിറ്റുതീർക്കുക എന്നതാണ് ലൈൻ..

എപ്പോഴാണ് ഓൺലൈൻ പഠനം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ഓൺലൈൻ ക്ലാസിന്റെ സമയത്ത് ലോട്ടറി വൽപനയാണേൽ യൂട്യൂബിൽ ക്ലാസ് കാണും..

ലാഭത്തിന്റെ ചെറിയ പങ്ക് അച്ഛൻ മകന്റെ പോക്കറ്റിലിട്ടുകൊടുക്കും, എന്നിട്ടു പറയും ‘ശീഘ്രം പോയി പഠിക്കടോ’

അമ്മ പൂങ്കൊടിയും ചേച്ചി റോജയും അതുകേട്ടു ചിരിക്കും.

(സഞ്ജയ് 3ാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്മ പെട്ടന്ന് രോഗബാധിതയായി കാലുകൾക്ക് തളർച്ച അനുഭവപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയത്. ഒരു മാസത്തോളം പൂർണമായും അമ്മയ്ക്കൊപ്പം ആയിരുന്ന് ആശുപത്രിയിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സഞ്ജയ് ആയിരുന്നു എന്നും പഠനത്തിൽ സഞ്ജയ് എന്നും മുൻപിലാണ് എന്നും പങ്കുവച്ചത് കാരാപ്പുഴ എൻഎസ്എസ് സ്കൂളിലെ അധ്യാപിക സേതുലക്ഷ്മിയാണ്)

∙മീര മാത്യു, 

ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളിൽ 8ാം ക്ലാസ് വിദ്യാർഥി.

പാലാ ആർവി റോഡിലെ ഞാവള്ളി മംഗലത്തിൽ വീട്ടിൽ അമ്മ കുക്കറിൽ എന്തെങ്കിലും പാകം ചെയ്യുമ്പോൾ രണ്ടു വയസുള്ള കുഞ്ഞ് കിടന്നു കരയുമായിരുന്നു.

അത് കുക്കർ വിസിൽ മുഴങ്ങുന്നതു കേട്ടിട്ടായിരുന്നില്ല, മറിച്ച് പയറും കടലയുമൊക്കെ പാകമാകുന്ന മണം വരുമ്പോൾ ആയിരുന്നു.

ആ കുഞ്ഞാണ് 2020 ലെ വനിത– ലുലു പചക മൽസരത്തിലെ ലിറ്റിൽ ഷെഫായത്.

എങ്ങനെ ആകാതിരിക്കും ചക്കകൊണ്ടു 500 വിഭവങ്ങൾ ഉണ്ടാക്കുന്ന അമ്മയുടെ മോളാണ് മീര.

കുഞ്ഞായിരുന്നപ്പോൾ മുതൽ പാകം ചെയ്യുന്ന, 3 ാം ക്ലാസ് മുതൽ കുക്കറി ഷോ നടത്തുന്ന, സ്വന്തമായി റെസിപ്പി ഉണ്ടാക്കുന്ന മീര തയാറാക്കിയാൽ  പഴങ്കഞ്ഞിക്കും ഒരു സ്പെഷ്യൽ രുചി ആണന്ന് കൂട്ടുകാരുടെ സർട്ടിഫിക്കറ്റ്. 

ആറു വർഷമായി അമ്മയ്ക്കൊപ്പം കുക്കറി ക്ലാസ് നയിക്കാൻ പോകുന്ന മീര ലോക്ഡൗൺ– കോവിഡ് കാലത്ത് വരുമാനം ഉണ്ടാകുന്ന 2–3 പരിപാടികൾ തുടങ്ങി.

∙അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം യൂട്യൂബ് ചാനൽ ആരംഭിച്ചു ‘flavours of ancy’ എന്ന പേരിൽ. 

∙ഓൺലൈൻ കുക്കിങ്ങ് ക്ലാസ് നടത്തുന്നു. 

∙രുചിയൂറും ഹോം മേഡ് കേക്കുകൾ ഒാർഡർ അനുസരിച്ച് ഉണ്ടാക്കി നൽകുന്നു. പാചകത്തിനിടയിൽ പാകത്തിന് ചേർക്കുക എന്ന പോലെയാണ് മീരയ്ക്കു പഠനവും. പകൽ പാചകമെങ്കിൽ പാതിരായ്ക്കു പഠിക്കും!! അച്ഛൻ മാത്യു കുര്യാക്കോസും ചേച്ചി മിലാനയും പാകം ചെയ്യുന്നതെല്ലാം കഴിച്ചും കൈയടിച്ചും  മീരയെ പ്രോൽസാഹിപ്പിക്കുന്നു.

∙തേജസ് എബി ജോസഫ്, 

കോട്ടയം സെന്റർ ഓഫ് എക്സലൻസിൽ 10 ാം ക്ലാസ് കഴിഞ്ഞു.

കോട്ടയം കഞ്ഞിക്കുഴിയിലെ പ്ലാപ്പറമ്പിൽ വീട്ടിൽ ജീവിതം സംഗീത സാന്ദ്രമാണ്. ചിലപ്പോൾ അത് മഞ്ഞുതുള്ളി പോലൊരു മെലഡിയാവും ചിലപ്പോൾ പാറ പൊട്ടും പോലെ റോക്കുമാകും!! കാരണം ഈ വീട്ടിലെ ആച്ഛനും അമ്മയ്ക്കും മകനും സംഗീതമാണ് ജീവിതം..

സാക്സഫോണിന് വയലിനിൽ ഉണ്ടായ പാട്ടുകുട്ടിയാണ് കീബോർഡ് എന്നു പറയുന്നതാവും എളുപ്പം.

കീബോർഡ് കുട്ടിയായ തേജസിന്റെ പിതാവ് എബി സാക്സഫോണും ഫ്ലൂട്ടും കൈകാര്യം ചെയ്യുന്നു അമ്മ വയലിനിസ്റ്റായ പാട്ടുകാരി ദീപ.

4 ാം വയസുമുതൽ കീബോർഡ് വായിക്കുന്ന തേജസ് 7ാം ക്ലാസിൽ പഠിക്കുമ്പോൾ ലണ്ടൻ സ്കൂൾ ഒാഫ് മ്യൂസികിന്റെ ഫിഫ്ത് ഗ്രേഡ് പരീക്ഷ പാസായി, അതും തനിയെ പഠിച്ച്!!

പാട്ടു പാടുന്നു, കീബോർഡ് പ്ളേ ചെയ്യുന്നു, സംഗീത സംവിധാനം ചെയ്യുന്നു, മൊത്തം ഒരു ബാലചന്ദ്ര മേനോൻ ലൈൻ!!

വീട്ടിൽ ഹോം റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളതുകൊണ്ട് തേജസിന്റെ സംഗീതം കോവിഡ് കാലത്തു  ലോക്ക്ഡൗണായില്ല.

കഴിഞ്ഞ 3– 4 മാസം കൊണ്ട് 40 തിനടുത്ത് പാട്ടുകൾക്ക് ഓർക്കസ്ട്രേഷൻ ചെയ്തു. ‘ആവണിത്തുമ്പി...’ എന്ന ഒാണപ്പാട്ട് സംഗീതം കൊടുത്ത് ആലപിച്ചതും തേജസ് ആണ്. കോവിഡാനന്തരം ഫാമിലി ബാൻഡ് ആയ ‘സമസ്ത’ കൂടുതൽ സജീവമാക്കാനാണ് തേജസിന്റെ പ്ലാൻ.

∙ഓഷിൻ വടശേരിൽ

ചങ്ങനാശേരി സെന്റ്. ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ബിഎ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് കഴിഞ്ഞു.

ഓഷിൻ ഗ്രീൻ ഗെയിംസ് എന്ന സ്റ്റാർട്ടപ്പിന്റെ തുടക്കക്കാരി. ചെറിയ കളികൾക്കൊന്നും ഞാനില്ല എന്നു പറഞ്ഞാണ് പച്ചമലയാളി ഗെയിമുമായി ഓഷിൻ എത്തിയത്.

ഗെയിം ഡവലപ്പ് ചെയ്യുന്നതിൽ മുൻ പരിചയമില്ലാതിരുന്നിട്ടും യൂട്യൂബും ഗൂഗിളും നോക്കി പഠിച്ച് കാന്‍ഡി ക്രഷിന്‍റെ കേരള വേര്‍ഷൻ ഉണ്ടാക്കി (തനി നാടൻ). ഓഷിന്‍സ് സ്നാക് വില്ലേജ് എന്നാണ് ഗെയിമിന്റെ പേര്. വരുമാനം ഉണ്ടായി തുടങ്ങുന്നു. ആളുകൾ കളിക്കുന്നതനുസരിച്ച് വരുമാനം കൂടും.

ഗെയിം കലക്കനാണ്. സുന്ദരേട്ടന്‍റെ നാടൻ ചായക്കടയില്‍ ഒരു ലോഡ് വിഭവങ്ങളുണ്ട്. അത് വില്‍ക്കാന്‍ കളിക്കാര്‍ സഹായിക്കണം. ഉഴുന്നുവട, പരിപ്പുവട, പഴംപൊരി എന്നീ പലഹാരങ്ങള്‍ ആദ്യ സ്റ്റേജില്‍. അച്ചപ്പവും കുഴലപ്പവും അടുത്തഘട്ടം. ആ കടമ്പയും കടന്നാല്‍ നാരങ്ങാമിഠായിയും തേൻമിഠായിയും അടക്കമുള്ള കേരള മിഠായിക്കൂട്ടുകളായി. ചിങ്ങമാസത്തിൽ ചിങ്ങം വിശേഷങ്ങൾ വച്ചാണ് അപ്ഡേഷൻ നടത്തിയിരിക്കുന്നത്, ഒാണത്തിന് ചില ഓണ വിഭവങ്ങളുടെ രസകരമായ സ്വാദു നൽകാനുള്ള പണിത്തിരക്കിലാണ് ഒാഷിൻ. 

നിലവില്‍ ഗെയിമിന് 298 സ്റ്റേജുകളുണ്ട് അത് ആയിരം കടത്തുകയാണ് ലക്ഷ്യം. പ്ലേസ്റ്റോറിൽ നിന്നും ആമസോൺ സ്റ്റോറിലും ആപ്പ് ഉണ്ട്. 

ആപ്പിനു മ്യൂസിക്കും സൗണ്ട് എഫക്ട്സും നൽകിയത് പിതാവും സംഗീത സംവിധായകനുമായ ബെന്നി ജോണ്‍സനാണ്.  അമ്മയും മൗണ്ട് കാർമൽ സ്കൂളിലെ അധ്യാപികയുമായ സുമിനാ മോളാണ് ആപ്പിനു പേരിട്ടത്, പ്രമോഷൻ നടത്തിയതും പരസ്യത്തിനു ഡബ് ചെയ്തതുമേല്ലാം സഹോദരങ്ങളായ ഹെയ്സും എസ്രയും.

അങ്ങനെ ഇതൊരു മലയാളി ഫാമിലി ത്രില്ലറായി!!

 

 English Summary : Little stars - students who earn money along with study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com