ADVERTISEMENT

സംഗീതത്തിലും നൃത്തത്തിലും സാഹിത്യത്തിലും ഒക്കെ മുതിർന്നവർക്കൊപ്പം പേരെടുത്ത കുരുന്നു പ്രതിഭകൾ നിരവധിയാണ്. പക്ഷേ ചെറിയ പ്രായത്തിൽ അധികമാരും കൈവെക്കാത്ത  മേഖലയാണ് പാചകരംഗം. ഈ പതിവ്  തെറ്റിച്ച് പത്ത് വയസ്സിനുള്ളിൽ തൻറെ കൈപ്പുണ്യം കൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ മിടുക്കനാണ് എറണാകുളം സ്വദേശിയായ നിഹാൽ രാജ്. 

അഞ്ചു വയസ്സ് എത്തുന്നതിനു മുൻപുതന്നെ പാചക ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നിഹാൽ ലോകപ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരിപാടിയായ എലൻ ഡീജെനർ ഷോയിൽ അതിഥിയായി എത്തിയതോടെയാണ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്. രുചി ലോകത്ത് ലിറ്റിൽ ഷെഫ് കിച്ച എന്ന് അറിയപ്പെടുന്ന നിഹാൽ മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

kicha-tube-1

തുടക്കം വീട്ടിൽ നിന്നു തന്നെ... 

അമ്മയ്ക്കും ചേച്ചിക്കും ഒപ്പം വീട്ടിലെ അടുക്കളയിൽ നിന്നാണ് പാചക പരീക്ഷണങ്ങൾ തുടങ്ങിയത്. പുതിയ റെസിപ്പികൾ പരീക്ഷിക്കുന്നതിൽ ചെറിയ പ്രായത്തിൽ തന്നെ കിച്ചയ്ക്ക് ഏറെ താത്പര്യമായിരുന്നു. കിച്ചയുടെ ആഗ്രഹപ്രകാരം പാചക പരീക്ഷണങ്ങളുടെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു തുടങ്ങി. അങ്ങനെ കിച്ച സ്വയം നിർമ്മിച്ച മിക്കി മൗസ് മാംഗോ ഐസ്ക്രീം പ്രതീക്ഷിക്കാത്ത തരത്തിൽ ഹിറ്റായി. ആ വിഡിയോയുടെ റൈറ്റ്സ് 2000 ഡോളറിന് ഫേസ്ബുക്ക് വാങ്ങിയതോടെ ഈ കുട്ടി താരം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. അതിനുശേഷം എലൻ ഷോ അടക്കം രാജ്യാന്തര തലത്തിലുള്ള അവസരങ്ങൾ വരെ കിച്ചയെ തേടിയെത്തി.

പാചകം ആണ് എന്റെ സ്ട്രെസ് റിലീവർ..

പാചകം കിച്ചയ്ക്ക് കുട്ടിക്കളിയല്ല. പാചകം ചെയ്യുന്ന സമയത്ത് എല്ലാ സ്ട്രെസ്സും അകന്നുപോകും.

ഇത്രയും സംതൃപ്തി നൽകുന്ന മറ്റൊരു ഹോബി ഇല്ല എന്നാണ് കിച്ചയുടെ അഭിപ്രായം. ഏറെ ഇഷ്ടത്തോടെ രുചിയുള്ള ഭക്ഷണം പാകം ചെയ്ത് അത് ആസ്വദിച്ച് കഴിക്കുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് എന്ന് കിച്ച പറയുന്നു.

പരീക്ഷണങ്ങളിൽ സ്വന്തം സ്റ്റൈൽ...

തന്റെ റെസിപ്പികളിൽ എപ്പോഴും സ്വന്തമായൊരു ഒരു സ്റ്റൈൽ കൊണ്ടുവരാൻ കിച്ച ശ്രദ്ധിക്കാറുണ്ട്. രണ്ട് വ്യത്യസ്ത തരം ചേരുവകൾ കൂട്ടിച്ചേർത്ത് ഒരു പുതിയ രുചി ഉണ്ടാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഒരു റെസിപ്പി കണ്ടെത്തിയാൽ അതിൽ ഉൾപ്പെടുത്തേണ്ട ചേരുവകളെ കുറിച്ച്  അമ്മയുമായി ചർച്ച ചെയ്യും. അമ്മയും ചേച്ചിയും തന്നെയാണ് പാചകകലയിൽ തന്റെ റോൾ മോഡൽസ് എന്നും കിച്ച പറയുന്നു.

ആകാശം തൊടുന്ന പാചക മോഹം..

പാചകത്തിനൊപ്പം സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യമാണ് കിച്ചയ്ക്ക്. മുതിർന്നു കഴിയുമ്പോൾ ഒരു ബഹിരാകാശസഞ്ചാരി ആകണം എന്നതാണ് ലക്ഷ്യം. എന്നാൽ അതിനുവേണ്ടി പാചകം ഉപേക്ഷിച്ചു കളയാനും കിച്ച തയ്യാറല്ല. ബഹിരാകാശത്ത് പോയി പാചകം ചെയ്യാൻ സാധിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പക്ഷേ നിലവിൽ ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയിൽ വെച്ച് ചെയ്യുന്ന രീതിയിൽ  പേടകത്തിനുള്ളിൽ പാചകം ചെയ്യുക എന്നത് സാധ്യമല്ല. അതുകൊണ്ട് താൻ ബഹിരാകാശത്തേക്ക് പോകുന്ന കാലത്ത് അവിടെവച്ച് പാചകം ചെയ്യാൻ  സാധിക്കുന്ന രീതിയിൽ  പ്രത്യേക ഉപകരണങ്ങൾ കണ്ടുപിടിക്കുക എന്ന വലിയ ലക്ഷ്യവും ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു മിടുക്കൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു. 

കിച്ചട്യൂബ് എന്ന പാചകലോകം...

പഴയതുപോലെ പുറത്തിറങ്ങാനും സ്കൂളിൽ പോകാനും സാധിക്കുന്നില്ലെങ്കിലും പാചക റെസിപ്പികൾ പരീക്ഷിക്കാൻ കൂടുതൽ സമയം കിട്ടുന്നതിന്റെ സന്തോഷത്തിലാണ് കിച്ച. കിച്ചട്യൂബ് എന്ന യൂ ട്യൂബ് ചാനലിലൂടെ പങ്കുവെച്ച പാചക വിഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭക്ഷണവും വെസ്റ്റേൺ ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്ന കിച്ച രണ്ടുതരം വിഭവങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട്. തട്ടുകട സ്റ്റൈൽ ഉള്ളി വടയ്ക്കും കൊഴുക്കട്ടയ്ക്കും മസാല ഇഡ്‌ലിയ്ക്കുമൊപ്പം ഡാൽഗോണ കോഫിയും മെക്സിക്കൻ റെസിപ്പികളുമാക്കെ കിച്ച ട്യൂബിൽ  കാണാം. പാചകത്തിനിടെ ചില നുറുങ്ങ് ശാസ്ത്ര പരീക്ഷണ വിഡിയോകളും ഈ മിടുക്കൻ പങ്കുവയ്ക്കാറുണ്ട്. 

പ്രതികരണങ്ങളാണ് ഏറ്റവും വലിയ പ്രചോദനം

കൂട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും എല്ലാം മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതാണ് വലിയ സന്തോഷം. വിഡിയോകൾ കാണുന്നവരെല്ലാം ഇനിയും ധാരാളം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. റെസിപ്പികൾ കണ്ട് ഇഷ്ടപ്പെട്ട് പരീക്ഷിക്കുന്നവർ ഏറെ സന്തോഷത്തോടെ പ്രതികരണങ്ങൾ അറിയിക്കുന്നു.  ഈ പ്രതികരണങ്ങൾ തന്നെയാണ് പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള കിച്ചയുടെ പ്രചോദനം .

kicha-tube-2

തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് കിച്ച. പരസ്യ മേഖലയിൽ ജോലി ചെയ്യുന്ന അച്ഛൻ രാജഗോപാലും കേക്ക് ആർട്ടിസ്റ്റായ അമ്മ റൂബിയും അമേരിക്കയിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരി നിധയും അടങ്ങുന്നതാണ് കിച്ചയുടെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com