ADVERTISEMENT

സ്നേഹമാണ് ഏറ്റവും വലിയ ഇന്ദ്രജാലക്കാരനെന്ന് ഗോപിനാഥ് മുതുകാട് വെറുതേ പറയുകല്ല. ഒരുകൂട്ടം അമ്മമാരുടെ സങ്കടങ്ങളെ കരുതലിന്റെ വലിയൊരു തിരശീലയാൽ മറച്ച്, പിന്നെയതൊരു ജാലവിദ്യയിലെന്നപോലെ വലിച്ചുമാറ്റുമ്പോൾ ആ അമ്മമുഖങ്ങളിൽ തെളിഞ്ഞുനിൽക്കുന്നത് ആശ്വാസത്തിന്റെ നിലാവെളിച്ചമാണ്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിക്കുന്ന അവരുടെ അമ്മമാർക്ക്, ആ കുഞ്ഞുങ്ങളുടെ ഇടർച്ചകൾക്കൊപ്പം നടന്ന് കരഞ്ഞു തളർന്നിട്ടും വീണുപോകാതെ അവരുടെ നിഴലായി ജീവിക്കാൻ ശിഷ്ടകാലം നിറഞ്ഞ മനസ്സോടെ മാറ്റിവച്ച ആ അമ്മമാർക്ക് കൈത്താങ്ങാകുകയാണ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഡിസംബർ 3 ന്, ലോകഭിന്നശേഷി ദിനത്തിൽ തന്റെ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടിമജീഷ്യന്മാരുടെ അമ്മമാർക്കുവേണ്ടി ‘കരിസ്മ’ എന്ന പ്രോജക്ട് തുടങ്ങിയതിനെപ്പറ്റിയും അമ്മമാരുടെ കണ്ണീരിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തതിനെപ്പറ്റിയും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് ഗോപിനാഥ് മുതുകാട്.

∙ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി ഇടമൊരുക്കണമെന്നു തീരുമാനിക്കാനുള്ള പ്രേരണയെന്തായിരുന്നു?

2014 ഒക്ടോബർ 31 നാണ് മാജിക് പ്ലാനറ്റ് തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്കാണിത്. തെരുവിൽ അലഞ്ഞു നടക്കുന്ന മജീഷ്യന്മാരുടെയും തെരുവു സർക്കസുകാരുടെയും പുനരധിവാസം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഉദ്യമം തുടങ്ങിയത്. അന്നൊന്നും ഭിന്നശേഷിക്കുട്ടികളെ കുറിച്ചുള്ള ചിന്തയൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. അതിനുശേഷം മലയാള മനോരമയുടെ നല്ല പാഠത്തിന്റെ ഭാഗമായി ആർദ്രകേരളം എന്ന പദ്ധതിയുമായി സംസ്ഥാനത്തുടനീളം അധ്യാപകരെയും കുട്ടികളെയും എംപതിയുള്ള വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു പ്രോജക്ട് തുടങ്ങിയിരുന്നു. ആ സമയത്താണ് ഇത്തരത്തിലുള്ള കുട്ടികളെ കാണാനും അവരുടെ അമ്മമാരുടെ വേദനകളിലേക്ക് കടന്നു ചെല്ലാനും കഴിഞ്ഞത്. ഈ അവസ്ഥയിലുള്ള ഒരു കുട്ടി ഒരു കുടുംബത്തിൽ പിറന്നു കഴിഞ്ഞാൽ മാത്രമേ നമുക്കതിന്റെ ദുഃഖം മനസ്സിലാക്കാൻ സാധിക്കൂ. അങ്ങനെ ഈ അമ്മമാരുടെ കണ്ണീരു കണ്ടപ്പോൾ ഞാനും മനോരമയിലെ മഹേഷ് ഗുപ്തനും ചേർന്ന് ഭിന്നശേഷിയുള്ള കുട്ടികളെ മാജിക് പഠിപ്പിക്കുക എന്ന ആശയത്തെക്കുറിച്ച് ചർച്ച ചെയ്തു. ഈ ആശയത്തെക്കുറിച്ച് മന്ത്രി ശൈലജ ടീച്ചറോട് പറഞ്ഞു. ടീച്ചറിന്റെ അനുവാദത്തോടെ ആദ്യ ഘട്ടത്തിൽ 23 കുട്ടികളെ  മാജിക് അക്കാദമിയിൽ കൊണ്ടുവന്ന് മാജിക് പഠിപ്പിക്കാൻ തുടങ്ങി.

international-day-of-persons-with-disabilities-and-magic-planet3

ഹൈപ്പർ ആക്ടീവ്, ഓട്ടിസ്റ്റിക്, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥയിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുക എളുപ്പമല്ല. അഭിമുഖീകരിച്ച വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുഞ്ഞുങ്ങളെ നിയന്ത്രിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഹൈപ്പർ ആക്ടീവായ കുട്ടികൾ വല്ലാതെ ബഹളം വയ്ക്കും. ഓട്ടിസം ബാധിച്ചവരാണെങ്കിൽ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. തുടക്കത്തിൽ അവരുമായി ശരിയായ രീതിയിലുള്ള ആശയ വിനിമയം സാധ്യമാകുന്നുണ്ടായിരുന്നില്ല. പേരെന്താ എന്നു ചോദിച്ചാൽ തിരിച്ചും പേരെന്താ എന്നു ചോദിക്കുന്ന കുട്ടികൾ. ഈ അവസ്ഥയിലുള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ, ആദ്യഘട്ടത്തിൽത്തന്നെ തോറ്റു പിന്മാറേണ്ടി വരുമോ എന്നു വിചാരിച്ചിരുന്നു. എന്തുസംഭവിച്ചാലും പിന്നോട്ടു പോകാൻ കഴിയില്ല എന്ന് തീരുമാനിച്ചുറപ്പിച്ചു. ആറുമാസത്തേക്ക് ഷോകൾ അടക്കം എല്ലാം നിർത്തിവച്ച് ഈ ലക്ഷ്യത്തിനുവേണ്ടി മാത്രം കഠിനാധ്വാനം ചെയ്തപ്പോൾ കുട്ടികൾ പതുക്കെ മാറിത്തുടങ്ങി. അതിനുശേഷമാണ് മുഖ്യമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചതും ടഗോർ തിയറ്ററിൽവച്ച് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ മുന്നിൽ എന്റെ കുട്ടികൾ ഒരു കുഞ്ഞു പിഴവുപോലുമില്ലാതെ 40 മിനിറ്റ് നേരം മാജിക് അവതരിപ്പിച്ചതും.

international-day-of-persons-with-disabilities-and-magic-planet5

∙  മാജിക് പ്ലാനറ്റിലെ എംപവർ തിയറ്റർ, ഡിഫറന്റ് ആർട്ട് സെന്റർ (Different Art Center) എന്നിവയുടെ  പ്രവർത്തനങ്ങളെപ്പറ്റി?

കുഞ്ഞുങ്ങൾ പിഴവില്ലാതെ മാജിക് അവതരിപ്പിച്ചതോടെ മാതാപിതാക്കൾക്കും ആത്മവിശ്വാസമായി. ഇനി എന്താണു ഞങ്ങൾ ചെയ്യേണ്ടതെന്ന് അവരുടെ അമ്മമാർ ചോദിച്ചു. മാജിക് അവതരിപ്പിക്കുന്ന കുട്ടികൾക്ക് ജോലിയും പ്രതിഫലവും നൽകുന്നതിനെക്കുറിച്ച് അങ്ങനെയാണ് ചിന്തിച്ചത്. അങ്ങനെയാണ് എംപവർ തിയറ്ററിന്റെ പിറവി. മുഖ്യമന്ത്രിയാണ് മാജിക് പ്ലാനറ്റിലെ എംപവർ സെന്റർ ഉദ്ഘാടനം ചെയ്തത്. ഈ കുട്ടികൾ അവിടുത്തെ എംപ്ലോയീസ് ആയി ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ 2000 ൽ അധികം സ്റ്റേജിൽ അവർ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1000 സ്റ്റേജുകൾ പൂർത്തിയാക്കിയപ്പോഴാണ് അവർ ലിംക ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയത്. വിദേശത്തു പോകണമെന്ന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് അബുദാബിയിൽ പോയി മാജിക് അവതരിപ്പിച്ചു. 

∙ ഇതുവരെയുള്ള പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ദിവസവും കാണികൾക്കു മുന്നിൽ പെർഫോം ചെയ്യുമ്പോൾ അവർ നൽകുന്ന കൈയടി, അവരിൽനിന്ന് ലഭിക്കുന്ന അഭിനന്ദനം ഇവയൊക്കെ കേട്ടുകേട്ട്, ഈ അവസ്ഥയിലുള്ള കുട്ടികളുടെ തലച്ചോറിൽ മാറ്റങ്ങൾ വരുന്നതായി ഞങ്ങൾക്ക് മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ, സിഡിസിയും ഐക്കൺസും ചേർന്ന് ഈ കുട്ടികൾക്ക് എന്തുമാറ്റമാണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ഒരു റിപ്പോർട്ട് സബ്മിറ്റ് ചെയ്യുകയും ചെയ്തു. തുടർച്ചയായി അഭിനന്ദനവും പ്രോത്സാഹനവും ലഭിക്കുന്ന സമയത്ത് ഈ കുട്ടികളിൽ ബൗദ്ധിക മാറ്റങ്ങൾ വന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.

international-day-of-persons-with-disabilities-and-magic-planet

∙ 100 കുട്ടികളെ ഏറ്റെടുക്കാനുള്ള തീരുമാനത്തെപ്പറ്റി?

കുട്ടികളിലെ പോസിറ്റീവായ ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയൊരു ആശയം തോന്നിയത്. ഈ പദ്ധതി 23 കുട്ടികളിൽ മാത്രമായി ഒതുക്കി നിർത്താതെ നൂറ് കുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും കെഡിസ്ക്കുമൊക്കെയായി സഹകരിച്ച് ആ കുട്ടികൾക്ക് സ്കിൽ ടെസ്റ്റ് നടത്തി അതിൽനിന്ന് 100 കുട്ടികളെ തിരഞ്ഞെടുത്തു. ഇവിടെ ഏഴു സ്റ്റേജാണുള്ളത്. പാട്ടുപാടാൻ ഒരു സ്റ്റേജ്, സിനിമ നിർമിക്കാനും എഡിറ്റ് ചെയ്യാനും ഒരു സ്റ്റേജ്, ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യാൻ പറ്റുന്നൊരു സ്റ്റേജ്, ഡാൻസ് ചെയ്യുന്ന സ്റ്റേജ്, ചിത്രം വരയ്ക്കുന്ന സ്റ്റേജ് അങ്ങനെയങ്ങനെ. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് ഏതു സ്റ്റേജിലാണോ താൽപര്യം അതനുസരിച്ച് അവർക്ക് പരിശീലനം നൽകുകയാണ്.

∙ ലോക്ഡൗണിനെത്തുടർന്ന് ഡിഎസി അടച്ചിട്ടപ്പോൾ എങ്ങനെയാണ് ആ കാലത്തെ അതിജീവിക്കാൻ കുട്ടികൾക്ക് കൂട്ടായി നിന്നത്?

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പരിശീലന പരിപാടികൾ തുടർന്നു വരികയും അവർക്കു മാനസികമായി നല്ല മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് ലോക്ഡൗൺ വന്നതും ഈ കുട്ടികൾ വീടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരായതും. ആ ഘട്ടത്തിൽ ഈ കുട്ടികൾ വല്ലാത്തൊരു മാനസികാവസ്ഥയിലായി. തിരുവനന്തപുരത്തുള്ള ഇത്തരം കുട്ടികളുടെ വീടുകളിൽ ഞാൻ ആ സമയത്ത് ഭക്ഷണക്കിറ്റുമായി പോകുമായിരുന്നു. അവിടെ ചെന്നപ്പോഴാണ് പല യാഥാർഥ്യങ്ങളും മനസ്സിലാക്കാനായത്. വളരെ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളായിരുന്നു മിക്കതും. ഭൂരിപക്ഷം പേരും താമസിച്ചിരുന്നത് കൊച്ചുകുടിലുകളിലായിരുന്നു. ഹൈപ്പർ ആക്ടീവായ കുട്ടികളൊക്കെ വീടിനകത്ത് അടച്ചിരിക്കുന്ന സമയത്ത് ഭയങ്കര പ്രശ്നങ്ങളായിരുന്നു. ഒന്നു രണ്ടു കുട്ടികൾ ആത്മഹത്യാ ശ്രമം നടത്തുക പോലും ചെയ്തു. ഒരാൾ അമ്മയുടെ സാരിയെടുത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ചു, മറ്റൊരാൾ ദേഹമാസകലം മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയയുടൻ ശൈലജ ടീച്ചറെ ചെന്നു കാണുകയും ഈ അവസ്ഥയിലുള്ള കുട്ടികളെ മരണത്തിൽനിന്നു രക്ഷപ്പെടുത്താൻ സെന്റർ വീണ്ടും തുറക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്തു. അങ്ങനെയാണ് ലോക്‌ഡൗണിനു ശേഷം നവംബർ 1 ന് സെന്ററുകളുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്.

international-day-of-persons-with-disabilities-and-magic-planet4

∙  ലോകഭിന്നശേഷി ദിനത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്ന കരിസ്മ പ്രോഗ്രാമിനെക്കുറിച്ച്?

ലോക്ഡൗൺ കാലത്ത് ഈ കുട്ടികൾ വല്ലാതെ ഫ്രസ്ട്രേറ്റഡ് ആവുകയും തളർന്നു പോകുകയും ചെയ്തിരുന്നു. ഇപ്പോൾ മാജിക് പ്ലാനറ്റിൽ വീണ്ടുമെത്തി സജീവമായപ്പോൾ അവർക്ക് നല്ല മാറ്റമുണ്ട്. കുട്ടികൾക്ക് സ്റ്റൈപൻഡ്, ഭക്ഷണം എല്ലാം നൽകുന്നുണ്ട്. അമ്മമാർക്കും ഭക്ഷണം കൊടുക്കുന്നുണ്ട്.  കുട്ടികളെ ഇവിടെയാക്കാൻ എല്ലാ ദിവസവും അമ്മമാരും കുറച്ച് അച്ഛന്മാരും സ്ഥിരമായി മാജിക് പ്ലാനറ്റിൽ വരുന്നുണ്ട്. ഭൂരിഭാഗം കുട്ടികളുടെയും അമ്മമാർ ദിവസവും അവിടെ വരുന്നുണ്ട്. കുട്ടികൾക്കൊപ്പം മടങ്ങുന്നതു വരെ അവർ പകൽ സമയം മുഴുവൻ അങ്ങനെ സംസാരിച്ചിരിക്കും. മികച്ച സാമ്പത്തിക പശ്ചാത്തമില്ലാത്തവരാണ് ഭൂരിപക്ഷം പേരും. അങ്ങനെയാണെങ്കിൽ അവർക്കു വേണ്ടി എന്തുകൊണ്ട് ഒരു സെന്റർ തുടങ്ങിക്കൂടാ എന്നു ചിന്തിച്ചു. വെറുതേ സമയം കളയുന്നതിനു പകരം അവർക്കൊരു വരുമാന മാർഗം ആകുകയാണെങ്കിൽ നല്ലതല്ലേ എന്നു ചിന്തിച്ചു. അങ്ങനെ സഞ്ചി ബാഗ്സിന്റെ സഫറുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് ഇതിന് നേതൃത്വം നൽകാൻ മുന്നോട്ടു വന്നത്. അമേരിക്കയിലുള്ള ഫൊക്കാന അധികൃതരുമായി സംസാരിച്ചപ്പോൾ അവർ പിന്തുണ അറിയിച്ചിട്ടുണ്ട്. ലയൺസ് ക്ലബിലെ ആളുകൾ കുറച്ച് മെഷീൻസ് വാങ്ങിത്തന്നു. അതെല്ലാം കൂടിച്ചേർത്ത് ഇപ്പോൾ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. ‘കരിസ്മ’ എന്നാണതിന്റെ പേര്. ഇവിടെയെത്തുന്ന അമ്മമാർ ടെയ്‌ലറിങ്, മെഴുകുതിരി നിർമാണം, ടൂത്ത്ബ്രഷ് നിർമാണം എന്നീ ജോലികൾ ചെയ്യും. അതിൽനിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും അവർക്കു മാത്രം ലഭിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

 

തങ്ങളുടെ കണ്ണടഞ്ഞാൽ ഭിന്നഷശേഷിയുള്ള മക്കൾക്കിനിയാര് എന്ന നോവ് ഇനി ഈ അമ്മമാരുടെ ഉള്ളു നീറ്റില്ല. സ്നേഹത്താൽ അദ്ഭുതങ്ങൾ കാട്ടുന്ന ഒരു മാന്ത്രികന്റെ തണലിൽ ആ മക്കളൊക്കെ ജോലി ചെയ്ത് സ്വയംപര്യാപ്തരായി ജീവിക്കുന്നതു കാണാം, ആ അമ്മമാർക്കും സ്വന്തം കാലിൽ നിൽക്കാം, കൺവട്ടത്ത് മക്കളെക്കണ്ട് ആധിയില്ലാതെ, ‘കരിസ്മ’യിലൂടെ ജീവിതം പടുത്തുയർത്താം.

 English Summary : International Day of Persons with Disabilities and magic planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com