രാജകുമാരിയുടെ കല്ലറയിൽ കണ്ണഞ്ചിപ്പിക്കുന്ന നിധി; കൊള്ളയടിച്ചവർക്കു സംഭവിച്ചത്! 

HIGHLIGHTS
  • ശ്വാസംമുട്ടി മരിക്കാതെ ഒരു വിധത്തിലാണു രക്ഷപ്പെട്ടത്
  • നിധി കണ്ടെത്തിയവർതന്നെ ഒരു ഘട്ടത്തിൽ അതിന്റെ പേരിൽ ഏറ്റുമുട്ടി
curse-of-croesus-treasure-continues
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പുരാതന ഈജിപ്തിൽ രാജാക്കന്മാരുടെ ശവകുടീരത്തിൽ വിലമതിക്കാനാകാത്ത നിധിശേഖരത്തോടൊപ്പം ചില ‘ശാപങ്ങളും’ കുഴിച്ചിടാറുണ്ട്. കൊള്ളക്കാർ നിധി അടിച്ചുമാറ്റാതിരിക്കാൻ വേണ്ടിയാണത്. രാജാവിന്റെ ‘ഉറക്കത്തെ’ തടസ്സപ്പെടുത്തുന്നവരെ ദുരന്തങ്ങൾ വിടാതെ പിന്തുടരുമെന്ന തുത്തൻഖാമന്റെ ശാപംതന്നെ അതിനുദാഹരണം. തലമുറകൾ പറഞ്ഞു പഴകിയ ഈ ശാപകഥ ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നു. എന്നാൽ ഇതൊന്നും വിശ്വസിക്കാത്ത കൊള്ളക്കാരാകട്ടെ പല രാത്രികളിലും ആരുമറിയാതെ വന്ന് കല്ലറകൾ കൊള്ളയടിക്കാനും തുടങ്ങി. 

തുർക്കിയിലെ ക്രീസസ് രാജാവിനെപ്പറ്റിയുമുണ്ട് അത്തരമൊരു കഥ. ഇരുമ്പു യുഗത്തിൽ ആഡംബരത്തിന്റെ കാര്യത്തിൽ തുർക്കിയിലെ ലിഡിയ സാമ്രാജ്യം പ്രശസ്തമായിരുന്നു. ബിസി 1400–1500 മുതൽ ബിസി 545 വരെയുള്ളതായിരുന്നു ലിഡിയൻ സാമ്രാജ്യ കാലഘട്ടം. ബിസി 600ലാണ് ക്രീസസ് രാജാവ് ഭരിച്ചിരുന്നത്. ആചാരമനുസരിച്ച്, വിലയേറിയ ആഭരണങ്ങളും കൗതുകവസ്തുക്കളുമെല്ലാം മൃതദേഹത്തോടൊപ്പം അടക്കിയിരുന്നു. ആഭരണങ്ങൾ ആരെങ്കിലും മോഷ്ടിച്ചാൽ അവരെ രാജാവിന്റെ ശാപം വിടാതെ പിന്തുടരുമെന്ന കഥയും അന്നു മുതൽ പ്രചരിച്ചു. നാടോടിക്കഥകളിലൂടെ അത് തലമുറകളിലേക്കു പകർന്നു. പ്രദേശത്തെ ഗോത്രവർഗക്കാർ ഉൾപ്പെടെ ആ കഥ ഇന്നും വിശ്വസിക്കുന്നുണ്ട്. പക്ഷേ കഥകളിലെ കല്ലറ യഥാർഥത്തിൽ കണ്ടെത്തിയപ്പോഴാണ് ജനം ഞെട്ടിയത്.

1960കളിൽ  ഈ കല്ലറ തുറന്ന് നിധിയെടുത്തപ്പോൾ പ്രദേശവാസികളിലേറെയും ഭയന്ന് പരിസരത്തേക്കു പോലും വന്നില്ല. അഹമ്മദ് ബുൽബുൽ എന്നയാളാണ് 1965ൽ ആദ്യമായി ക്രീസസ് രാജാവിന്റെ കല്ലറ കണ്ടെത്തുന്നത്. 1966 ജൂലൈയിൽ അദ്ദേഹം സർവ സന്നാഹവുമായി വന്ന് കല്ലറ കുഴിക്കുകയും ചെയ്തു. ഡൈനമിറ്റ് വച്ചു സ്ഫോടനം നടത്തിയായിരുന്നു കല്ലറയുടെ കവാടം തുറന്നത്. പ്രദേശവാസികളായ മൂന്നു പേർ സ്ഫോടനത്തിനു സഹായിക്കാനുമെത്തി. അതിലൊരാൾ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. 

കല്ലറയിലേക്കു കയറിയ അഹമ്മദ് ഓക്സിജൻ ലഭിക്കാതെ ബോധരഹിതനായി. ശ്വാസംമുട്ടി മരിക്കാതെ ഒരു വിധത്തിലാണു രക്ഷപ്പെട്ടത്. പ്രവിശ്യയിലെ ധനികരായ പലരും നിധി വാങ്ങാനായെത്തി. നിധി കണ്ടെത്തിയവർതന്നെ ഒരു ഘട്ടത്തിൽ അതിന്റെ പേരിൽ ഏറ്റുമുട്ടി. പിന്നീട് പല കൈ മറിഞ്ഞാണ് നിധിയുടെ ഒരു ഭാഗം ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെത്തിയത്. അതിനായി മ്യൂസിയം അധികൃതർ ചെലവിട്ടതാകട്ടെ ഏകദേശം 15 ലക്ഷം ഡോളറും. ലോകത്തിന്റെ പല ഭാഗത്തുനിന്നായി പലപ്പോഴായി ഗവേഷകര്‍ ഏകദേശം 363 പുരാതന നിധി വസ്തുക്കൾ കണ്ടെത്തിപ്പിടിച്ചിരുന്നു. ഇവയ്ക്ക് ബിസി ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്നു. ക്രീസസിന്റെ ഭരണകാലമാകട്ടെ ആറാം നൂറ്റാണ്ടും. അതിനാൽത്തന്നെ ക്രീസസിനു മുൻപേയുണ്ടായിരുന്ന ആരോ ആണ് നിധിയുടെ യഥാർഥ അവകാശയെന്നും തെളിഞ്ഞു. 

പക്ഷേ നിധിയുടെ പേരിൽ പ്രശസ്തനായത് ക്രീസസാണ്. ‘ക്രീസസിനെപ്പോലെ ധനികൻ’ എന്ന് പണക്കാരെ വിശേഷിപ്പിക്കുന്ന രീതി തുർക്കി, അറബി ഭാഷാപ്രയോഗങ്ങളുണ്ട്. നിധിയിലേറെയും കണ്ടെത്തിയത് സമീപത്തെ ഒരു രാജകുമാരിയുടെ കല്ലറയിൽ നിന്നാണെന്നും പറയപ്പെടുന്നു. എന്തായാലും ലിഡിയൻ കാലത്തെ നാണയങ്ങളും വെള്ളിപ്പാത്രങ്ങളും മാർബിൾ പാത്രങ്ങളും സ്വർണം, വെള്ളി ആഭരണങ്ങളുമായി കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു നിധി ശേഖരം. നിധിവേട്ടക്കാരുടെ സംഘത്തിലുണ്ടായിരുന്ന ഏഴു പേരും പലപ്പോഴായി അതിദാരുണമായി കൊല്ലപ്പെട്ടെന്ന കഥയും വൈകാതെ പ്രചാരത്തിലായി. ക്രീസസ് രാജാവിന്റെ നിധി അതോടെ ലോകത്തിലെ ഏറ്റവും നിഗൂഢ വസ്തുക്കളുടെ പട്ടികയിലേക്കും കടന്നുകയറി. 

അനധികൃതമായാണ്  നിധിവേട്ടക്കാർ രാജാവിന്റെ കല്ലറ തുറന്ന് നിധി കവർന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ പിന്തുണയോടെയാണ് അതു രാജ്യം കടത്തിയതും. എന്നാൽ ആ കടത്തിനു പിന്നിൽ പ്രവർത്തിച്ചത് ആരെന്നും അവർക്ക് എന്തു സംഭവിച്ചുവെന്നതും ഇന്നും അജ്ഞാതം. ആഭരണങ്ങളിൽ ലഭ്യമായവ 198ൽ ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചു. എന്നാൽ രാജ്യത്തുനിന്നു കടത്തിയ നിധിയുടെ ഉടമസ്ഥാവകാശത്തിനു വേണ്ടി യുഎസിനെതിരെ ആറു വർഷത്തോളം തുർക്കി നിയമപ്പോരാട്ടം നടത്തി. അതിനായി ചെലവഴിച്ചതാകട്ടെ ഏകദേശം 2.5 കോടി പൗണ്ടും. എന്തായാവും 1993ൽ ഈ നിധിശേഖരം തിരികെ രാജ്യത്തെത്തി. തുർക്കിയിലെ ഉസാക്ക് മ്യൂസിയത്തിൽ പ്രദർശനത്തിനും വച്ചു.

13 വർഷം കുഴപ്പങ്ങളില്ലാതെ കടന്നു പോയി. 2006ൽ മ്യൂസിയത്തിനു ലഭിച്ച ഒരു രഹസ്യ വിവര പ്രകാരം പരിശോധിച്ചപ്പോഴാണ് കൂട്ടത്തിലെ ഒരു സ്വർണാഭരണം (Brooch) വ്യാജമാണെന്നു കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ  മ്യൂസിയം ഡയറക്ടർ കാസിം അക്ബിയികോഗ്‌ലുവും 10 പേരും അറസ്റ്റിലായി. യുഎസിൽനിന്ന് നിധി തിരികെയെത്തിക്കാൻ പരിശ്രമിച്ചവരിൽ പ്രധാനിയായിരുന്നു കാസിം. ചൂതാട്ടഭ്രാന്തനായ കാസിം കയ്യിലെ കാശു തീർന്നപ്പോൾ നിധിയിൽനിന്ന് ആഭരണമെടുത്തു വിൽക്കുകയായിരുന്നു. പകരം അതിന്റെ ഒരു വ്യാജ പകർപ്പും മ്യൂസിയത്തിൽ സൂക്ഷിച്ചു. 

13 വർഷത്തെ തടവു ശിക്ഷയാണ് കാസിമിനും സംഘത്തിനും ലഭിച്ചത്. അതോടെ നിധിയുമായി ബന്ധപ്പെട്ട ശാപകഥയ്ക്കു പിന്നെയും പ്രചാരമേറി. നിധി സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ നാശം പിന്തുടരുമെന്ന വിശ്വാസവും ബലപ്പെട്ടു. 2012ൽ ജർമനിയിൽനിന്ന് ഈ ആഭരണം തുർക്കിക്കു തിരികെ ലഭിച്ചു. പുതുതായി പണികഴിപ്പിച്ച മ്യൂസിയത്തിൽ ഇപ്പോഴും പ്രദർശനത്തിന് ഉണ്ട് അത്. എത്ര വലിയ ശാപകഥ പറഞ്ഞാലും തുർക്കിയിൽനിന്നു കടത്തിയ ആമൂല്യ വസ്തുക്കളെല്ലാം തിരിച്ചു പിടിക്കാൻ ആ രാജ്യം ഏറെ ബുദ്ധിമുട്ടിയിരുന്നു. 2011ൽ മാത്രം നിയമപോരാട്ടങ്ങളിലൂടെ 885 അമൂല്യ വസ്തുക്കളാണ് തുർക്കി തിരികെപ്പിടിച്ചത്. 

 English Summary :  Curse of Croesus Treasure continues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA