സെറക്കുട്ടി എന്ന എൻസൈക്ലോപീഡിയ; അക്ഷരം പഠിക്കും മുൻപേ അറിവുമായി കൂട്ടുകൂടി അഞ്ചുവയസുകാരി

HIGHLIGHTS
  • അവ ഫോസിലുകളാണെന്നാണ് സേറക്കുട്ടി പറയുന്നത്
  • കളിപ്പാട്ടങ്ങളേക്കാൾ പുസ്തകങ്ങളോടാണ് ഏറെയിഷ്ടം
four-year-old-little-girl-serah-the-encyclopedia
SHARE

കുഞ്ഞുസേറയുടെ ഇഷ്ടങ്ങളൊക്കെ ഭയങ്കര രസമാണ്. രണ്ടര വയസ്സിൽ 110 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പതാകയുമൊക്കെ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച മിടുക്കിക്കുട്ടിക്ക് അന്നത്തെ ഇഷ്ട കളിപ്പാട്ടങ്ങൾ ഗ്ലോബും ഭൂപടങ്ങളുമൊക്കെയായിരുന്നു. 4 വയസ്സിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ അതും അക്ഷരമാല ക്രമത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിമാർ, യുഎൻ സെക്രട്ടറി ജനറൽ ലിസ്റ്റ്, മനുഷ്യ ശരീരത്തിലെ എല്ലാ എല്ലുകളുടെയും പേര്, വിവിധ ശരീര ഭാഗങ്ങൾ എന്നിങ്ങനെ ‘ഞെട്ടാൻ പോലും സമയം കൊടുക്കാതെ’ അവളോരോന്നു പഠിച്ചുകൊണ്ടിരുന്നു. 

ഇപ്പോൾ അഞ്ചര വയസ്. വന്നുവന്നു 5 മാസം കൊണ്ട് കണ്ണുവച്ചിരിക്കുന്നത് ‘ദിനോസറു’കളെയാണ്. ടിവിയിലെ ഏതോ പാട്ടിലോ മറ്റോ കണ്ട ദിനോസറുകൾ എങ്ങനെയാണ് സേറയുടെ ഉള്ളിൽ കേറിപ്പറ്റിയത് എന്ന് ആർക്കും പിടിയില്ല. ആദ്യം അതു പറഞ്ഞപ്പോൾ ആരും കാര്യമാക്കിയുമില്ല. പിന്നെ പതിവായി ദിനോസറുകളെ പറ്റി സംശയം ചോദിച്ചുതുടങ്ങിയതോടെ അതു വെറും‘കുട്ടിക്കളി’യല്ലെന്ന് വീട്ടുകാർക്ക് മനസിലായി. ദിനോസറുകളെ പറ്റി കിട്ടാവുന്ന ബുക്കുകളും വിവരങ്ങളുമൊക്കെ തപ്പിയെടുത്തു കൊടുത്തു. ദിനോസർ ടോയ്സും. ഇപ്പോൾ പലയിനം ദിനോസറുകളുടെ പേരും അവയെപ്പറ്റി അത്യവശ്യ വിവരങ്ങളുമെല്ലാം സേറയ്ക്ക് അറിയാം. ചപ്പാത്തിമാവ് കൊണ്ട് ദിനോസറുകളുടെ രൂപം ഉണ്ടാക്കുകയാണിപ്പോൾ ഹോബി. അവ ഫോസിലുകളാണെന്നാണ് സേറക്കുട്ടി പറയുന്നത്. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചുവരുന്നതേയുള്ളൂ എങ്കിലും കളിപ്പാട്ടങ്ങളേക്കാൾ പുസ്തകങ്ങളോടാണ് ഏറെയിഷ്ടം. അതും വലിയവർക്ക് പോലും മനസിലാകാത്ത വിവരങ്ങളും വായിൽ കൊള്ളാത്ത പേരുകളുമൊക്കെയുള്ളവ.

ഷാർജയിൽ താമസിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനയ്ക്കാംപാറ സ്വദേശി ഡോ. ആൽഫി മൈക്കിളിന്റെയും മകളാണ് സേറ മരിയ ചാരിറ്റ്. ഒരിക്കൽ നാട്ടിൽ വച്ച് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളായ അങ്കിൾമാരും ആന്റിമാരുമെല്ലാം താമസിക്കുന്ന സ്ഥലങ്ങൾ ഭൂപടം തൊട്ട് കാണിച്ചുകൊടുത്തതാണ്. പിന്നീട് ഷാർജ പുസ്തകമേളയുടെ സ്റ്റാളുകളിൽ ഭൂപടം കണ്ടതോടെ വേണമെന്ന് നിർബന്ധമായി. നിറങ്ങൾ കാണിച്ചുകൊടുത്ത് രാജ്യങ്ങൾ പറഞ്ഞുകൊടുത്തതോടെ അത് ഇഷ്ടമുള്ളൊരു കളിയായി. 

ചുരുങ്ങിയ നാളുകൾ കൊണ്ട് രാജ്യത്തിന്റെ പേരും പതാകയുടെ നിറവും തലസ്ഥാനവുമെല്ലാം മനപാഠമായി. അതോടെയാണ് അമ്മ കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും സേറ പഠിക്കാനും തുടങ്ങിയത്. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ സേറയെ ഒന്നും പഠിക്കാൻ ആരും നിർബന്ധിക്കാറില്ല. താൽപര്യം തോന്നി ചോദിക്കുന്ന കാര്യങ്ങൾ പറയാനും സംശയം തീർത്തുകൊടുക്കാനും ശ്രദ്ധിക്കുന്നതേയുള്ളൂ വീട്ടുകാർ. ഒപ്പം സേറയുടെ ഇഷ്ടങ്ങൾക്കൊത്ത് വീട്ടിലൊരു കൊച്ചുലൈബ്രറിയും ഒരുക്കിക്കഴിഞ്ഞു ആൽഫിയും ജോജോയും.

English Summary : Four year old little girl Serah the encyclopedia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA