ADVERTISEMENT

പതിമൂന്ന് വയസ്സുകാരിയായ മകളുടെ പച്ച വേഷത്തിനൊപ്പം പാഞ്ചാലിയായി അരങ്ങേറ്റം കുറിച്ച അമ്മ കഥകളി പ്രേമികൾക്കിടയിൽ കൗതുകമായി. ദുര്യോ ധനവധം കഥയിൽ കൗരവ സമക്ഷത്തേക്ക് ദൂതുമായി പോകാൻ ഒരുങ്ങിയ ശ്രീകൃഷ്ണനോട്‌ "പരിപാഹിമാം ഹരേ പത്മാലയാ പതേ " എന്ന് തുടങ്ങുന്ന പദമാടിക്കൊണ്ടാണ് തൃശൂർ അന്നമനട സ്വദേശികളായ രമ്യ അനൂപും മകൾ ഭദ്രനന്ദയും വേദിയിൽ മാറ്റുരച്ചത്. ദുര്യോധനനെ കൊന്ന ചോര കയ്യിൽ പുരട്ടിയേ താൻ ഈ അഴിച്ചിട്ട കാർകൂന്തൽ കെട്ടിവെയ്ക്കൂ എന്ന് പാഞ്ചാലി ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നതായിരുന്നു കഥാസന്ദർഭം.

mother-and-daughter-together-learning-kadhakali1

 

അഞ്ചു വർഷം മുമ്പേ ഇരിങ്ങാലക്കുട സദനം കൃഷ്ണൻ കുട്ടി ആശാനു കീഴിൽ മകളെ കഥകളി പഠിപ്പിക്കാൻ ചേർത്ത രമ്യ, പരിശീലനം കഴിയുന്നത് വരെ  ഒരു രസത്തിനു വേണ്ടിയാണ് കഥകളി പഠിക്കാൻ തുടങ്ങിയത്. രമ്യക്ക് മുദ്രകളൊക്കെ എളുപ്പം വഴങ്ങിയെങ്കിലും മുദ്രകളെ വിസ്തരിച്ചു കാണിക്കുക എന്നതായിരുന്നു അല്പം ശ്രമകരം. ചുവടുകളും അടവുകളും എല്ലാം വിഷമം തന്നെയായിരുന്നു. രണ്ടാമത് ഗർഭിണിയാവുകയും ഭർത്താവിനൊപ്പം ദുബായിലേയ്ക്ക് പോവുകയും ചെയ്തതോടെ രമ്യയുടെയും മകളുടെയും കഥകളി പഠനവും മുടങ്ങി. അതുവരെ പുറപ്പാടിൽ മാത്രമേ പരിശീലനം കിട്ടിയിരുന്നുള്ളു. ജനുവരിയിൽ നാട്ടിൽ എത്തിയ ശേഷം പദത്തിൽ പരിശീലനം നടത്തി അന്നമനട ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചാണ് അരങ്ങേറ്റം നടത്തിയത്. കലാനിലയം രാജീവും ഹരിശങ്കറും ചേർന്നായിരുന്നു കഥകളിപ്പദങ്ങൾ പാടിയത്.

mother-and-daughter-together-learning-kadhakali2

 

അഞ്ചു മണിക്കൂറോളം നീളുന്ന മുഖമെഴുത്തും ചുട്ടി കുത്തലും ഉടുത്തു കെട്ടലും ഒക്കെയായി കളിക്കുകയെന്നത് വളരെ ക്ലേശകരമായ അനുഭവമായിരുന്നുവെന്ന് രമ്യ പറയുന്നു. ചാക്കുകൊണ്ട് അരയിൽ വരിഞ്ഞു മുറുക്കി കെട്ടിയതിനു മീതെയാണ് കഥകളി വേഷം കെട്ടുന്നത്. ചെറു പ്രായത്തിൽ തന്നെ കഥകളി അരങ്ങേറാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഭദ്രനന്ദ.

 

നൃത്ത അധ്യാപികയായ രമ്യ ഹൈസ്കൂൾ പഠനകാലം മുതൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഡിഗ്രി സമയത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി സോൺ മത്സരത്തിലും കലാതിലകം ആയിരുന്നു. ഭദ്രനന്ദ സി ബി എസ് ഇ കലോത്സവങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. എറണാകുളം മൂഴിക്കുളം സ്വദേശിയും സിനിമ, സീരിയൽ അഭിനേതാവുമായ കൃഷ്ണൻ പോറ്റിയുടെ മകനായ അനൂപിന്റെ ഭാര്യയാണ് രമ്യ.

 

English Summary : Mother and daughter together learning Kadhakali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com