ADVERTISEMENT

തീയറ്ററുകൾ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് എന്ന പാരാസൈക്കോളജിക്കൽ ത്രില്ലർ കണ്ടവർ ആരും തന്നെ അമേയ ഗബ്രിയേൽ എന്ന 11  വയസുള്ള കഥാപാത്രത്തെ മറക്കില്ല. നിമിഷനേരം കൊണ്ടു മുഖത്ത് മിന്നി മറയുന്ന ഭാവഭേദങ്ങൾ, ഒരു പതിനൊന്നുകാരിയുടെ മെയ്​വഴക്കത്തിനപ്പുറം നിന്ന് ചെയ്തെടുത്ത സീക്വൻസുകൾ, കടുത്ത വോയ്‌സ് മോഡുലേഷനൊത്ത് അഭിനയിക്കുന്ന കണ്ണുകൾ അങ്ങനെ ആർക്കും പിടിതരാതെ നടക്കുന്ന, ദേഷ്യവും വാശിയും രൗദ്രതയും നിറഞ്ഞ അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തോട് തന്റെ കഴിവിന്റെ പരമാവധി നീതി പുലർത്തിയ ബാലതാരമാണ് ബേബി മോണിക. കൈതി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മോണിക മലയാളികൾ ദി പ്രീസ്റ്റിന്റെ വിജയം ആഘോഷിക്കുമ്പോൾ ചെന്നൈയിലെ തന്റെ വീട്ടിലിരുന്ന് ഇതെല്ലാം നോക്കി കാണുകയാണ്. ഓഫ് സ്‌ക്രീനിൽ, മിതഭാഷിയായ അമേയ ഗബ്രിയേൽ ആയല്ല, 11 വയസുള്ള  കൊച്ചു മിടുക്കിയുടെ എല്ലാ കുസൃതിയോടും കൂടിയാണ് മോണിക സംസാരിക്കുന്നത്.

interview-with-baby-monica-in-the-priest-movie2

എല്ലാം ഒരു സ്വപ്നം പോലെ

കൈതിക്ക് ശേഷമാണ്, ജോഫിൻ അങ്കിൾ വന്ന് ഈ സിനിമയുടെ കഥ പറയുന്നത്. കേട്ടപ്പോൾ അമ്മയ്ക്ക് ഇഷ്ടമായി. മമ്മൂട്ടി അങ്കിളിന്റെ കൂടെയാണ് സിനിമ എന്ന് കേട്ടപ്പോൾ ഞാൻ സൂപ്പർ എക്സൈറ്റഡ് ആയി. പിന്നെയാണ് ഞാൻ അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തിന്റെ ഓരോ സ്വഭാവവും പഠിക്കുന്നത്. സാധാരണ അഭിനയിക്കുന്നത് പോലെ അത്ര ഈസി ആയിരുന്നില്ല. പക്ഷെ സെറ്റിലുള്ള എല്ലാവരും എന്നെ സപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് എക്‌സോർസിസം ചെയ്യുന്ന ഷോട്ടുകൾ ഒക്കെ എടുക്കുമ്പോൾ നല്ല ബുദ്ധിമുട്ടായിരുന്നു. പക്ഷെ എല്ലാവരും എന്നെ നല്ല പോലെ സപ്പോർട്ട് ചെയ്തു.

പാരാസൈക്കോളജി, ഞാനും പേടിച്ചു

സിനിമയെ പറ്റിയും അതിന്റെ കഥാപാത്രങ്ങളെപ്പറ്റിയും ഒക്കെ ജോഫിൻ അങ്കിളും ബാക്കി എല്ലാവരും പറഞ്ഞു തന്നിരുന്നു. എന്നാലും അഭിനയിച്ചു വന്നപ്പോൾ എനിക്ക് ശരിക്കും പേടി തോന്നി. ഗോസ്റ്റ് എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, ആക്റ്റ് ചെയ്യുമ്പോൾ അത്തരത്തിൽ ഒരു സിറ്റുവേഷൻ ഒക്കെ വന്നപ്പോൾ പേടി തോന്നിയിരുന്നു. അപ്പോൾ ഒക്കെ മമ്മൂക്കയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഓരോ ഷോട്ട് എടുക്കുമ്പോഴും ഞാൻ ഓക്കേ ആണോയെന്ന് ചോദിക്കുമായിരുന്നു. പ്രത്യേകിച്ച് റോപ്പ് ഷോട്ടുകൾ എടുക്കുമ്പോൾ എല്ലാവരും കൂടുതൽ കെയർ ചെയ്തിരുന്നു. മലയാളം പഠിപ്പിച്ചു തരാൻ സെറ്റിൽ എല്ലാവരും നന്നായി സഹായിച്ചു.

interview-with-baby-monica-in-the-priest-movie1

തീയറ്ററിലെ ആദ്യ അനുഭവം

സിനിമ സെറ്റിൽ ഞങ്ങൾ ആസ്വദിച്ചാണ് അഭിനയിച്ചത്,പക്ഷെ ഞാൻ സിനിമ തീയറ്ററിൽ പോയി കണ്ടപ്പോൾ അല്പം ഭയന്നു. അമേയ ഗബ്രിയേൽ എന്നെയും കരയിപ്പിച്ചു. പക്ഷെ ഞാൻ എന്തിനാണ് കരഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ചിലപ്പോൾ സന്തോഷംകൊണ്ടായിരിക്കും. ഞാൻ ഇവിടെയുള്ള എന്റെ ഫ്രെണ്ട്സിനോടും അവരുടെ പേരന്റ്സിനോടും ഒക്കെ സിനിമ കാണാൻ പറഞ്ഞിരുന്നു. അവരൊക്കെ വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്.

അമ്മയാണ് കട്ട സപ്പോർട്ട്

അഭിനയത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നത് 'അമ്മ വനിതയാണ്. പിന്നെ അച്ഛൻ, അമ്മൂമ്മ, മുത്തച്ഛൻ , അനിയത്തി ദിയ അങ്ങനെ എല്ലാവരും കൂടെയുണ്ട്. സിനിമ കണ്ടിട്ട് ദിയ സൂപ്പർ എക്സൈറ്റഡ് ആയിരുന്നു. ഞങ്ങൾ എല്ലാവരും ഓരോ സീനും ഏറെ ആസ്വദിച്ചാണ് ചെയ്തത്.

interview-with-baby-monica-in-the-priest-movie3

കുഞ്ഞു ഹോംവർക്ക് മാത്രം

ഇത്തരത്തിൽ ഒരു സിനിമ ചെയ്യുന്നതിന് മുൻപായി വലിയ രീതിയിലുള്ള  ഹോംവർക്ക് ഒന്നും ഞാൻ നടത്തിയിട്ടില്ല. എങ്കിലും മുൻപ് കണ്ട ചില പാരാസൈക്കോളജി സിനിമകൾ മനസിലുണ്ടെന്നു മാത്രം. പക്ഷെ കണ്ടതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ദി പ്രീസ്റ്റ്.

interview-with-baby-monica-in-the-priest-movie4

ഭാവി പരിപാടികൾ

ആക്ടിങ് വളരെ ഇഷ്ടമാണ്. അതിനാൽ നല്ല ചിത്രങ്ങൾ കിട്ടിയാൽ അത് ചെയ്യും.  ഇനി ജീത്തു അങ്കിളിന്റെ സിനിമ ഉൾപ്പെടെ ചില സിനിമകൾ കൂടി വരാനുണ്ട്. അതുവരെ ചെന്നൈയിൽ വീടും സ്‌കൂളും ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകും.

English Summary : Interview with baby Monica in The Priest movie

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com