ADVERTISEMENT

ഉദ്വേഗം നിറയുന്ന കുട്ടികളുടെ  നോവൽ നോയലിന്റെ ദേവലോകം  –  ലക്കം 1 ഇന്നുമുതൽ ഹായ് കിഡ്സിൽ വായിക്കാം...

ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള വിമാനത്തിന്റെ മധ്യ ഭാഗത്തെ സീറ്റിലിരിക്കുമ്പോഴാണ് നോയലിനു മനസ്സിലായത്, ഇനി തനിക്ക് വാശി പിടിക്കാനും ആഗ്രഹങ്ങൾക്ക് നിർബന്ധം പിടിക്കാനും അച്ഛനും അമ്മയുമില്ല. എയർപോർട്ടിൽ നിന്ന് ആന്റണി അങ്കിളും മാജി ആന്റിയും എല്ലാം നന്നായി നോക്കിയിരുന്നു, ഇവിടെ കൊണ്ടു വിട്ടതും പ്രത്യേകം അനുമതി വാങ്ങി ഒപ്പം അകത്തു കയറി ബോർഡിങ് പാസ് എടുത്തതുമൊക്കെ അവരാണ്.  എന്നേക്കുമായി എല്ലാറ്റിനോടും വിട!. 

 

ദിവസങ്ങൾക്കു മുൻപ് തന്നെ ബെംഗളൂരുവിൽ ഉപയോഗിച്ചിരുന്ന, വീടും അമ്മയും അച്ഛനുമൊഴികെയുള്ളവ നാട്ടിൽ മുത്തശ്ശന്റെ അടുക്കലെത്തിയിരിക്കുന്നു, ഇനി ബാക്കിയുള്ളത് താനാണ്. ‘കുട്ടിക്ക് ഇവിടെ ഇരിക്കണോ?’ അമ്പതു വയസ്സോളമുള്ള അങ്കിൾ വിൻഡോ സീറ്റ് വാഗ്ദാനം ചെയ്തതു കണ്ടപ്പോൾ നോയലിനു സങ്കടം വന്നു. സാധാരണ ഫ്ലൈറ്റിൽ കയറിയാൽ വിൻഡോ സീറ്റ് തനിക്ക് പതിവാണ്, 14 വയസ്സായി എന്നത് ആ പതിവ് ഇല്ലാതാകുന്നില്ല. അടുത്തിരിക്കുന്ന ആളുടെ സ്നേഹത്തിൽ കുതിർന്ന നോയൽ ജനാലയ്ക്ക് അരികിലെ സീറ്റിലേക്കു മാറി. വിമാനം ഉയരാൻ പോകുന്നുവെന്ന അറിയിപ്പു വന്നപ്പോൾ അവൻ സീറ്റ് ബെൽറ്റ് ധരിച്ചു. ‘കുട്ടി ഒറ്റയ്ക്കാണോ?’ വീണ്ടും അയാളുടെ ചോദ്യം.‘അതെ, അപ്പൂപ്പനെ കാണാൻ പോവ്വാണ്’. ‘നാട്ടിലെവിടെയാ?’ ‘പരുന്തുമല’അയാളുടെ മുഖം കൗതുകം കൊണ്ട് വിടർന്നു."അതെവിടെയാ? നിന്റെ പേരെന്താ?"അപരിചിതരുമായി ഒരുപാട് അടുക്കരുതെന്ന അമ്മയുടെ വാക്കുകൾ നോയലിന് ഓർമയിലുണ്ട്, എന്നാലും ഒരാൾ ഒരു സഹായം ചെയ്‌താൽ അയാൾ പറയുന്നതിനെല്ലാം മറുപടി പറയാൻ ബാധ്യതയില്ലേ എന്നൊക്കെ അവൻ ആലോചിച്ചു.‘നോയൽ’ എന്ന മറുപടിയിൽ ബാക്കിയെല്ലാമൊതുക്കി അവൻ തിരിഞ്ഞിരുന്നു താഴേക്കു നോക്കി. 

അതിവേഗത്തിൽ പാഞ്ഞ് ആകാശത്തേക്ക് ഉയർന്നു കയറിയ വിമാനത്തിന്റെ കുലുക്കവും വിറയലും അപ്പോഴും തുടർന്നു. ദൂരക്കാഴ്ചകൾ മടുത്തപ്പോൾ അവൻ ബാഗിൽ നിന്നു തന്റെ കിൻഡിൽ ഡിവൈസ് എടുത്തു വായന തുടങ്ങി. ഒരു ഡ്രാഗണിന്റെ മുന്നിൽ പെട്ടു പോകുന്ന കുറെ കുഞ്ഞുങ്ങളുടെ കഥ, അതിൽ നിന്ന് അവരെ രക്ഷിക്കാനെത്തുന്ന സൂപ്പർ ഹീറോയുടെ കഥ. എയർപോർട്ടിൽ നിന്നിറങ്ങി അപ്പൂപ്പനൊപ്പം ടാക്സിയിൽ കയറുമ്പോൾ നോയലോ അപ്പൂപ്പനോ പരസ്പരം സംസാരിച്ചില്ല. അല്ലെങ്കിലും അപ്പൂപ്പനെ കാണുക എന്നത് തന്നെ വല്ലാത്തൊരു അസ്വസ്ഥതയാണ്. അപൂർവമായി മാത്രമേ പരുന്തുമലയിലുള്ള അപ്പൂപ്പന്റെ വീട്ടിൽ പോയിട്ടുള്ളൂ, അതും അമ്മയ്‌ക്കൊപ്പം മാത്രം. അച്ഛന് ഒപ്പം വരുന്നതിൽ അത്രയും താൽപര്യമുണ്ടായിരുന്നില്ല. 

 

അച്ഛന്റെയും അമ്മയുടെയും വീട്ടിൽ അവർ ഒറ്റ മക്കൾ ആയിരുന്നതുകൊണ്ടും അച്ഛന്റെ മാതാപിതാക്കൾക്ക് വളരെ പ്രായമാതുകൊണ്ടും ആന്റണി അങ്കിളാണ് എന്നെ അപ്പൂപ്പന്റെ അടുത്ത് എത്തിക്കാം എന്ന ഐഡിയ പറഞ്ഞത്. നോയലിനു തീരെ താൽപര്യമുണ്ടായിരുന്നില്ല പരുന്തുമലയിലെ ഉൾഗ്രാമത്തിൽ എന്നെന്നേക്കുമായി കഴിഞ്ഞുകൂടാൻ. എന്തൊരു ഇരുണ്ട സ്ഥലമാണത്! ഇരുവശവും നിറഞ്ഞ മരങ്ങളിൽ നിന്നും പൊഴിഞ്ഞ ഇലകൾ കൊണ്ടു സമൃദ്ധമായ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. എപ്പോഴോ ടാർ അവസാനിച്ച് മണ്ണ് പൊന്തുന്ന കുഞ്ഞു വഴികൾ ആരംഭിച്ചിരുന്നു. അമ്മയും അച്ഛനും ബെംഗളൂരുവിലെ ഏറ്റവും വൃത്തിയുള്ള മികച്ച റോഡുകളിൽ ഒന്നിലാണ് അപകടത്തിൽ മരിച്ചു കിടന്നത്. ഏറ്റവുമടുത്ത സുഹൃത്ത് ആന്റണി അങ്കിളിനും മാജി ആന്റിക്കും നോയലിനെ കൂടെ നിർത്താൻ ഇഷ്ടമായിരുന്നെങ്കിലും അവരുടെ രണ്ടു മക്കൾക്കും അത് സമ്മതമായിരുന്നില്ല, നോയലിന്റെ ബുദ്ധിക്കൂടുതലും കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും പഠനത്തിനുള്ള മികവും അവരെ അസൂയാലുക്കളാക്കി മാറ്റിയിരുന്നു. 

 

വീടെത്തി. അപ്പൂപ്പൻ വാതിൽ തുറന്നു. നോയൽ ഒറ്റയ്ക്ക് അകത്തേക്കു കയറിപ്പോയി, അതിനിടെ അപ്പൂപ്പന്റെ ചുമ അകത്തെ മുറികളിൽ എവിടെ നിന്നോ കേട്ടു. ആരുമില്ലാതായി എന്നു നോയലിനു വീണ്ടും വീണ്ടും തോന്നി. ഇനി തന്നെ ലോകത്തിൽ ആരും അറിയാൻ പോകുന്നില്ല. ഭാവിയിൽ ശാസ്ത്രജ്ഞനാകാൻ കൊതിച്ച നോയൽ പ്രതീക്ഷയില്ലാതെ അമ്മ വീടിന്റെ നിലത്തിരുന്നു കരഞ്ഞു.

 

‘ചേട്ടായി ഏതാ? ഇവിടെ ഇങ്ങനെ ഇരിക്കേണ്ട കരിക്കട്ട കൊണ്ടോവും’ പതറിയ ഒച്ച കേട്ടു നോയൽ കരച്ചിലിൽ നിന്നു ഞെട്ടിയുണർന്നു. മുറ്റത്ത് ഭീതിയോടെ നോക്കി നിൽക്കുന്ന ഒരു കുട്ടി. ‘ങേ, നീയാരാ? ആരാ കരിക്കട്ട?’ നോയൽ ചോദിച്ചു. ‘ഇവിടെ പുതിയതാണോ? പെട്ടെന്ന് രക്ഷപ്പെടാൻ നോക്ക്. വേറെ എങ്ങോട്ടെങ്കിലും ഓടിപ്പൊക്കോ’ തുടർന്നൊന്നും പറയാതെ ബനിയനും നിക്കറും മാത്രം ധരിച്ച 10 വയസ്സോളമുള്ള ആ ചെക്കൻ ഗേറ്റും കടന്ന് ഓടിപ്പോയി.  

 

ആരാണ് ഈ കരിക്കട്ട? താൻ ഇവിടെ വന്നാൽ അയാൾക്കെന്താണു കുഴപ്പം! തന്നെയെന്തിനാണ് അയാൾ അപകടത്തിൽപ്പെടുത്തുന്നത്? നോയലിന് ഒന്നും മനസ്സിലായില്ല. അകത്തെ മുറിക്ക് പൊടിയുടെ പഴകിയ മണം. ചുമയും തുമ്മലും ഒന്നിച്ചു വന്നു, ബാഗ് കട്ടിലിന്റെ മുകളിൽ വച്ച് അവൻ ജനാലകൾ തുറന്നിട്ടു. ഇപ്പോൾ കുറച്ചു ശുദ്ധവായു കിട്ടുന്നുണ്ട്. ജനാലയിലൂടെ നോക്കിയാൽ ഗേറ്റ് കാണാം. മുൻപേ കണ്ട പയ്യൻ വീണ്ടും അവിടെ നിന്ന് ഒളിഞ്ഞു നോക്കി നിൽക്കുന്നു. 

 

നോയൽ മുറിക്കു പുറത്തേക്കിറങ്ങി പൂമുഖത്തേക്കു നടന്നു, നോയലിനെ കണ്ടതും പയ്യൻ പുറത്തേക്കോടി. എന്തായാലും അവനു പറയാനുള്ളതു കേൾക്കണം. ആരാണ് ആ അപകടകാരി? നോയൽ ഗേറ്റും കടന്നു പിന്നാലെയോടി, അവനതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. വഴിയിലൂടെ മെല്ലെ നടന്നു പോവുകയായിരുന്ന ചെക്കനെ നോയൽ പിന്നിലൂടെ പിടിച്ചു നിർത്തി, കുതറി മാറാൻ ശ്രമിച്ചെങ്കിലും നോയൽ അവനെ വിട്ടില്ല.‘നീ പറ, ആരാ ഈ കരിക്കട്ട? അയാളെന്തിനാ എന്നെ അപകടത്തിലാക്കുന്നത്?’ പയ്യൻ ഭീതിയോടെ മറു പടി പറഞ്ഞു,‘പരുന്തുമ്മലെലെ മാജിക്കുകാരൻ കരിക്കട്ട... ഞങ്ങക്ക് പേടിയാ, കുട്ടികളെ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച രാത്രിയിൽ അയാള് തട്ടിക്കൊണ്ട് പോകും... ഞാൻ പോട്ടെ..’ എന്തെങ്കിലും ചോദിക്കും മുൻപേ നോയലിന്റെ പിടി വിടുവിച്ച് ചെക്കൻ ഒറ്റയോട്ടത്തിന് കാണാമറയത്തെത്തി. അപ്പോഴും അവൻ പറഞ്ഞില്ല ആരാണ് ഈ കരിക്കട്ട, ഇവനെന്തിനാണ് അത് തന്നോട് പറഞ്ഞത്, കരിക്കട്ട പിള്ളേരെ എന്ത് ചെയ്യാനാണ് തട്ടിക്കൊണ്ട് പോകുന്നത്? അയാളെന്ത് മാജിക്കാണ് ഇവിടെ കാണിക്കുന്നത്? എന്താണ് പൊലീസ് അയാളെ അറസ്റ്റ് ചെയ്യാത്തത്?

 

ദിവസങ്ങളെടുത്തു ആ വീടും നാടും നോയലിന്റെ ഹൃദയത്തിൽ പതിയാൻ. അന്ന് ഓടിപ്പോയ ചെക്കനെ പിന്നെ ആ വഴിക്കൊന്നും കണ്ടിട്ടേയില്ല. അപ്പൂപ്പൻ എന്നും രാവിലെ രണ്ടു പേർക്കുള്ള കാപ്പിയും പലഹാരമുണ്ടാക്കും .ഉച്ചയ്ക്കത്തെ ചോറും കറിയും തയാറാക്കും. രാത്രിയും അതു തന്നെ കഴിക്കും. പുറത്തേക്കൊന്നും പോകുന്നത് നോയൽ കണ്ടിട്ടേയില്ല. ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഫ്രിജിൽ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ ആഴ്ചയുമാകും അപ്പൂപ്പൻ സാധനങ്ങൾ വാങ്ങുക എന്നവനു തോന്നി. അച്ഛൻ വാങ്ങിക്കൊടുത്ത ഫോണിൽ ഫെയ്സ് ബുക്ക് എടുത്ത് നോക്കുമ്പോഴാണ് എത്രമാത്രമാണ് താൻ ലോകത്തിൽ നിന്ന് അകന്നതെന്നു അവനു തോന്നുന്നത്. പിന്നെ അത് മാറ്റി കിൻഡിലെടുത്ത് ഏതെങ്കിലും പുസ്തകം വായിക്കും. 

 

പതുക്കെ പതുക്കെ അപ്പൂപ്പൻ എന്തെങ്കിലുമൊക്കെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ കനത്ത വിഷാദവും നിരാശയും നോയലിനെ വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു. ഇതുവരെ ഈ നാട് കാണണമെന്ന് തോന്നിയില്ല, ഒരാള് കൂട്ടുകാരായില്ല. അമ്മയും അച്ഛനും നഷ്ടപ്പെട്ടു കഴിഞ്ഞാൽ പൂർണമായും കുഞ്ഞുങ്ങൾ അനാഥരാണെന്നും മറ്റൊരാൾക്കും അവരില്ലാത്തതിന്റെ ശൂന്യതയെ മാറ്റാനാവില്ലെന്നും അവനു തോന്നി. അന്ന് രാത്രിയിൽ അപ്പൂപ്പൻ ഊണ് കഴിച്ചില്ല, അവനുള്ളത്‌ വിളമ്പി മേശപ്പുറത്ത് അടച്ചു വച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് അകത്തെ മുറിയിൽ ചെന്നു നോക്കുമ്പോൾ അപ്പൂപ്പൻ അടക്കിപ്പിടിച്ച് കരയുന്നു. എന്താണ് അപ്പൂപ്പന്റെ പ്രശ്നം? കാണുമ്പോൾ മുതൽ വികാരമില്ലാത്തൊരു ഭാവത്തിലാണ് അപ്പൂപ്പൻ, എന്താവും അപ്പൂപ്പൻ ഇത്രമാത്രം ഒളിച്ചിരിക്കാനുള്ള കാരണം? പെട്ടെന്ന് നോയലിന് ഓർമ വന്നു, ഇന്നല്ലേ ആ ചെക്കൻ പറഞ്ഞ ശനിയാഴ്ച!. ഗ്രാമത്തിലെ കുഞ്ഞുങ്ങളിലൊരാൾ അപ്രത്യക്ഷമാകുന്ന മറ്റൊരു ദിവസം! നോയൽ മുറിയുടെ ജനാല തുറന്നിട്ടു പുറത്തേക്കു നോക്കി. നിലാവ് തട്ടി വാഴക്കൈകൾ നൃത്തം വയ്ക്കുന്നു. ഇലത്തുമ്പിൽ തട്ടി നിൽക്കുന്ന ജലവുമായി കൂടിച്ചേരുമ്പോൾ നിലാവ് കണ്ണാടിയാകുന്നു. ഇത്ര മനോഹരമായ ഈ രാത്രിയിൽ ആർക്കാണ് ഒരു കുഞ്ഞിനെ അവന്റെ അമ്മയിൽ നിന്നു തട്ടിക്കൊണ്ടു പോവാനാവുക? നോയൽ സമാധാനമായി ഉറങ്ങി. ഇതുവരെയില്ലാത്തത്ര ശാന്തമായിരുന്നു അവന്റെ സ്വപ്നം പോലും. ഇന്നും ഏതെങ്കിലും കുഞ്ഞുങ്ങളെ കരിക്കട്ട തട്ടിക്കൊണ്ടു പോകുമോ ? എങ്ങോട്ടാവും അവരെ അയാൾ കൊണ്ടു പോകുന്നത് ?

(തുടരും)

(ശ്രദ്ധേയയായ യുവ സാഹിത്യകാരിയും കോളമിസ്റ്റുമാണ് ശ്രീപാർവതി.പോയട്രി കില്ലർ, നായിക അഗത ക്രിസ്റ്റി തുടങ്ങിയവ രചനകൾ)

 

English Summary : Hai kids vacation Special - Children's novel Noyalinte Devalokam by Sreepartvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com