ADVERTISEMENT

‘ചേട്ടായീ , മുരളി ചേട്ടന്റെ വീട്ടിലെ അപ്പൂനെയാ ഇന്നലെ കരിക്കട്ട കൊണ്ടോയെ‘ – ദിവസങ്ങൾക്കു ശേഷം അന്നു കണ്ട ചെക്കൻ വീണ്ടും നോയലിന്റെ മുന്നിലെത്തി.

 

‘എന്നിട്ട് അയാളുടെ വീട്ടിൽ പോയി അന്വേഷിച്ചില്ലേ?’ – നോയൽ ആ വാർത്ത കേട്ടു ഞെട്ടി. മുൻപ് അവൻ പറഞ്ഞ കഥകൾ നോയൽ വെറും നാട്ടുകഥകൾ എന്നേ കരുതിയിരുന്നുള്ളൂ. ഇപ്പോഴിതാ...

‘എല്ലാ തവണയും അന്വേഷിക്കും, നാട്ടുകാരും പോലീസുകാരും വീടു മുഴുവനും പിന്നെ ആ പ്രദേശം മുഴുവനും അരിച്ചു പെറുക്കി. ആ ചെക്കന്റെ ഉടുപ്പ് പോലും കിട്ടീല്ല. എവിടാ കൊണ്ടോയി ഒളിപ്പിച്ചു വയ്ക്കുന്നെ ആവോ?’ –

അവൻ കരച്ചിലിന്റെ വക്കിലായിരുന്നു.

 

‘നിന്റെ പേരെന്താ?’

 

‘ഉണ്ണി. ചേട്ടായീടെയോ?’

 

‘നോയൽ. നിന്റെ വീടെവിടെയാ, അന്നു കഴിഞ്ഞു പിന്നെ കണ്ടില്ലല്ലോ, ഈ പിള്ളേരെ ഒക്കെ ഇയാള് എന്തിനാ തട്ടിക്കൊണ്ട് പോണത്?’

 

‘അറിഞ്ഞൂടാ ചേട്ടായീ. ഓരോ വീട്ടിലെയും ഓരോ കുഞ്ഞുങ്ങളെ അയാള് കൊണ്ടോവും. എന്റെ ചേച്ചിയെ കരിക്കട്ടയാ കൊണ്ടൊയെ‘ – ഉണ്ണി വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.

 

എന്തു പറയണമെന്നറിയാതെ നോയൽ ഉണ്ണിയെ വട്ടം പിടിച്ചു. ‘എടാ, എനിക്ക് ഈ കരിക്കട്ടയെ ഒന്നു കാണാൻ പറ്റുമോ?’

 

‘പിന്നെന്താ, കണ്ടാ ഞെട്ടും’

 

‘അതെന്താ അയാൾക്കു കൊമ്പുണ്ടോ?‘

 

‘അല്ല, കണ്ടു നോക്ക്‘

 

കരിക്കട്ടയെ അന്വേഷിച്ചുള്ള വഴിയിലാണ് നോയൽ ആ ഗ്രാമം കണ്ടത്. ഏതോ ഭീതിപ്പെടുത്തുന്ന നോവലിൽ കണ്ട കാഴ്ചകൾ. വഴിയുടെ ഇരുവശവും നിറയെ മരങ്ങളുടെ കൂട്ടം, മണ്ണിട്ടു മൂടിയ വഴികളിലൂടെ ഏതെങ്കിലും വണ്ടികൾ പോകുമ്പോൾ പൊടി ഉയരും.

 

‘ചേട്ടായി കുഴലൂതി കുഞ്ഞുങ്ങളെ കൊണ്ട് പോയ ഒരാളുടെ കഥ കേട്ടിട്ടുണ്ടോ?‘

 

‘ഉണ്ടല്ലോ ഉണ്ണീ‘

 

‘ഞങ്ങൾ ജനിച്ചപ്പോഴേ കേൾക്കുന്ന ഒരു കഥയാണ് . അയാളുടെ യഥാർഥ പേര് എന്താണെന്ന് പോലും ആർക്കുമറിഞ്ഞൂടാ, എപ്പോ കണ്ടാലും ഒരേ മുഖം, അയാൾക്ക് പ്രായമാകാറു പോലുമില്ലെന്ന് തോന്നും. മുഖത്ത് ചുളിവുകളേയില്ല, അമ്മ പറഞ്ഞിട്ടുണ്ട്, കുട്ടിക്കാലത്ത് അമ്മ അയാളുടെ മാജിക്കുകൾ കണ്ടിട്ടുണ്ടെന്നും അപ്പോഴും അയാൾക്ക് ഇതേ മുഖമായിരുന്നുവെന്നും. അപ്പോൾ അയാൾക്ക് എത്ര വയസ്സുണ്ടാവും അല്ലെ? പിന്നെ ഒരൂസം അയാൾ കുഴലൂതി ഗ്രാമത്തിലെ ഓരോ കുഞ്ഞുങ്ങളെയങ്ങു പിടിച്ചോണ്ട് പോകാൻ തുടങ്ങി. എന്നാൽ ആരും അത് നേരിൽ കണ്ടിട്ടില്ല, ചെന്ന് നോക്കിയാൽ തെളിവുമില്ല...‘

 

കരിക്കട്ടയുടെ കഥകൾ ഒരു ഫാന്റസി കഥ കേൾക്കുന്ന അത്ര ലാഘവത്തോടെ കേൾക്കാൻ നോയൽ ഇഷ്ടപ്പെട്ടു തുടങ്ങിയത് അവിടെ വച്ചാണ്.

 

ഗ്രാമത്തിലെ പ്രധാന കവലയിൽ മാജിക് അവതരിപ്പിക്കുകയായിരുന്നു കരിക്കട്ട. നോയൽ ഞെട്ടിപ്പോയി. പേരിൽനിന്ന് അമ്പേ വ്യത്യസ്തനായ ഒരു മനുഷ്യൻ. വെളുത്തു തുടുത്തു നിൽക്കുന്ന ഒരാൾ. ചിത്രങ്ങളിലൊക്കെ കണ്ടിട്ടുള്ള മാലാഖയെപ്പോലെ വിശുദ്ധമായ രൂപം. നീണ്ട മുഖവും കണ്ണുകളും, നീണ്ട മൂക്കും എപ്പോഴും ചിരിക്കുന്ന ചുണ്ടുകളും. തലയിൽ നീളത്തിലൊരു തൊപ്പി, ഇടയ്ക്ക് അതിൽ നിന്നും അയാൾ ഒരു പ്രാവിനെ അപ്രത്യക്ഷമാക്കുകയും പിന്നീട് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു.

 

‘എന്തുകൊണ്ടാ ചേട്ടായീ ചിത്രങ്ങളിലെ മാലാഖമാർ കറുത്തിരിക്കാത്തത്? എല്ലാവരും വെളുത്തിട്ടാണല്ലോ?‘ മനസ്സിലെ അതേ ചോദ്യം ഉണ്ണി ചോദിച്ചത് കണ്ടു നോയൽ ആശ്ചര്യപ്പെട്ടു.

എന്തുകൊണ്ടാവുമാവോ? എന്തായാലും കരിക്കട്ടയുടെ ജീവിതവും അയാളുടെ മാജിക്കും നോയലിനു മുന്നിൽ ദുരൂഹതയായി.

 

‘പണ്ട് ഈ നാട്ടിലൊരു മനുഷ്യനുണ്ടായിരുന്നു, അമ്മ പറഞ്ഞ കഥയാണ്...‘ - ഉണ്ണി കരിക്കട്ടയെ മുന്നിൽ നിർത്തിയാണ് കഥ പറഞ്ഞു തുടങ്ങിയത്. ‘കുഞ്ഞുങ്ങളെ വലിയ ഇഷ്ടമുള്ള ഒരാള്. പക്ഷെ അയാളൊരു ഭ്രാന്തനായിരുന്നു, കീറിപ്പറിഞ്ഞ വേഷവും കയ്യിലൊരു ഭാണ്ഡവും. അയാൾ ക്രിസ്മസ് സാന്തായെപ്പോലെ കുട്ടികൾക്കു സമ്മാനം കൊടുക്കും. ഭാണ്ഡത്തിൽ കയ്യിട്ടു ചിലപ്പോൾ മിഠായി, പാവ, കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ, മഞ്ചാടിക്കുരു, വളപ്പൊട്ട് അങ്ങനെ അങ്ങനെ.. പക്ഷേ അച്ഛനമ്മമാർ അയാളെ പേടിച്ചു, മക്കളെ അയാൾ തട്ടിക്കൊണ്ടു പോകുമോ എന്നു കരുതി . ഒടുവിൽ നാട്ടിലുള്ളവർ തന്നെ അയാളെ ഒരുപാട് ഉപദ്രവിച്ചു ഇല്ലാതാക്കി, പിന്നെ അയാൾക്കെന്താ സംഭവിച്ചേ എന്ന് ഇവിടെയാർക്കുമറിയില്ല. അയാളെപ്പിന്നെ ആരും കണ്ടിട്ടുമില്ല...‘

 

‘പാവം മനുഷ്യൻ, ആർക്കും ആരെയും മനസ്സിലാവുന്നില്ല, എല്ലാവർക്കും ഭയമാണ്, അതുകൊണ്ട് അവർ അക്രമം കാട്ടുന്നു. ‘ആ കഥയും ഇതുമായി എന്താ ബന്ധം?‘

 

‘അതിനു ശേഷം ആണ് ഇതേ രൂപത്തിൽ എവിടെ നിന്നോ കരിക്കട്ട ഇവിടെ വന്നതും ‘കരിക്കട്ടയുടെ മായാജാലങ്ങൾ‘ എന്ന പേരിൽ മാജിക് കാണിച്ചു തുടങ്ങിയതും.’

 

ഒരുപാട് കഥകളുമായി തിരികെ വീട്ടിൽ വന്നു കയറുമ്പോൾ അപ്പൂപ്പൻ ഭയന്നു വിറയ്ക്കുന്ന ചുണ്ടുകളോടെ പൂമുഖത്തിരുന്നു കരയുന്നുണ്ടായിരുന്നു. നോയൽ അമ്പരന്നു, അവനോടിച്ചെന്നു അപ്പൂപ്പനെ കെട്ടിപ്പിടിച്ചു.

 

‘നിന്നെയും എനിക്ക് നഷ്ടമായൊന്ന് ഞാൻ പേടിച്ചു മോനെ...‘ അപ്പൂപ്പൻ വീണ്ടും അവനെ മുറുക്കി മുറുക്കിപ്പിടിച്ചു. ആർക്കും കൊണ്ടു പോകാൻ പറ്റാത്തത് പോലെ ആ പിടി മുറുകിക്കൊണ്ടേയിരുന്നു. രാത്രിയിലാണ് ആ കഥ അപ്പൂപ്പൻ പറഞ്ഞത്, നോയലിന്റെ അമ്മാവനെ പന്ത്രണ്ടാം വയസ്സിൽ തട്ടിക്കൊണ്ടു പോയ കരിക്കട്ടയുടെ മാജിക്കിനെക്കുറിച്ച്.

 

‘ഗ്രാമത്തിൽ ആദ്യമായാണ് ഒരു കുഞ്ഞ് അപ്രത്യക്ഷമാകുന്നത്. അയാൾ പ്രാവിനെയും മറ്റും ഇല്ലാതാക്കുന്നത് പോലെ എന്റെ കുഞ്ഞിനേയും... ഇരുട്ടിയാൽ വീടിനു പുറത്ത് ഇപ്പോൾ കുഞ്ഞുങ്ങളോ മുതിർന്നവരോ ഇറങ്ങില്ല, എല്ലാവർക്കും ഇരുട്ടിനെ പേടിയാ‘ – അപ്പൂപ്പൻ വിതുമ്പി.

 

അന്നാദ്യമായി അപ്പൂപ്പൻ വാതോരാതെ സംസാരിച്ചു. ജീവിതം മുഴുവൻ അമ്പരപ്പിക്കുന്ന കഥകളായി ഒഴുകി വീണു. അതിൽനിന്നു കൊണ്ടു നോയൽ ഒരു തീരുമാനമെടുത്തു:

 ‘ഇത്തവണ കരിക്കട്ട എന്നെ ആയിരിക്കണം കൊണ്ട് പോകുന്നത്, ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അവരെ ഞാനായിരിക്കും തിരികെ കൊണ്ട് വരേണ്ടത്. ഈ ഗ്രാമത്തിലെ ദുരൂഹത മാറി വെളിച്ചം പടരണം. ഇരുട്ടിനോടുള്ള ഭയം കുഞ്ഞുങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും മാറ്റണം. അതിനു വെളുത്ത മുഖമുള്ള കരിക്കട്ട എന്ന പേര് സ്വയമണിഞ്ഞ ആ മായാജാലക്കാരനെ കണ്ടെത്തണം. പക്ഷേ എങ്ങനെ?’

 

(തുടരും)

(ശ്രദ്ധേയയായ യുവ സാഹിത്യകാരിയും കോളമിസ്റ്റുമാണ് ശ്രീപാർവതി.പോയട്രി കില്ലർ, നായിക അഗത ക്രിസ്റ്റി തുടങ്ങിയവ രചനകൾ)

English Summary: Hai kids childrens novel- Noyalinte Devalokam-chapter 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com