ADVERTISEMENT

നൂറ്റിയിരുപത്തെട്ടു വര്‍ഷം മുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് ‘വാങ്ക’ എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ കഥ. മോസ്കോ നഗരത്തിലെ മനുഷ്യത്വരഹിതനായ ഷൂ നിര്‍മാതാവ് അലിയാഖിന്റെ ജോലിക്കാരനാണ് അവന്‍. അയാളുടെ മാത്രമല്ല സഹജീവനക്കാരുടെയും കൊടിയമര്‍ദനങ്ങള്‍ക്കിരയായി അസ്ഥി തുളയ്ക്കുന്ന ഡിസംബര്‍ ശൈത്യത്തെ ചെറുക്കാന്‍ പുതപ്പില്ലാതെ, ആഹാരമില്ലാതെ വിഷമിക്കുന്ന വാങ്ക, മുത്തച്ഛന്‍ കോണ്‍സ്റ്റാന്റിന്‍ മക്കറിച്ചിന് തന്നെ രക്ഷിക്കണമെന്ന് യാചിച്ചുകൊണ്ട് കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തെഴുതുന്നു. പണിയിടങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന ബാല്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ കത്ത്‌.

 

tony-chittilappaly
ടോണി ചിറ്റിലപ്പിള്ളി

ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് വാങ്കയുടെ ജീവിതം. കടുത്ത ജീവിത യാഥാർഥ്യങ്ങൾക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ആ കുഞ്ഞു മനസ്സാണു നമ്മുടെ ഇന്നത്തെ ഓരോ ബാലവേലയെടുക്കുന്ന കുഞ്ഞിന്റെയും ജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ചെക്കോവ് ചൂണ്ടിക്കാണിച്ച ബാലവേലയുടെ പ്രശ്നം ഇന്നും സജീവമാണ്. ബാലവേല നിരോധന നിയമമൊക്കെയുണ്ട്. പക്ഷേ, അതൊക്കെ എത്ര ഫലപ്രദമായി നടപ്പാക്കപ്പെടുന്നു? ഏത് നിമിഷവും മരണമോ ഗുരുതര പരിക്കോ ഏൽക്കാവുന്ന സാഹചര്യങ്ങളിൽ പകലന്തിയോളം വിയർപ്പൊഴുക്കുന്ന അഞ്ചു വയസ് മുതലുള്ള ഭാഗ്യഹീനരായ കുരുന്നുകളുണ്ട് നമ്മുടെ ഇന്ത്യയിൽ മാത്രം. 

 

ബാലവേലയ്‌ക്കെതിരായ ഈ വർഷത്തെ ലോകദിനം, ബാലവേല നിർമാർജനത്തിനായി 2021 അന്താരാഷ്ട്ര വർഷത്തിൽ സ്വീകരിച്ച നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ‌എൽ‌ഒ) ബാലവേലയെ മാനസികമായും ശാരീരികമായും സാമൂഹികമായും ധാർമ്മികമായും അപകടകരവും കുട്ടികൾക്ക് ദോഷകരവുമായ ജോലിയായി നിർവചിക്കുന്നുണ്ട്. 

 

കുട്ടികൾ മുറ്റത്തൊന്ന് ഓടിക്കളിച്ചാൽ ' ഓടരുതേ വീഴും' എന്ന് അലമുറയിടുന്ന നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല നമ്മുടെ രാജ്യത്തെ അനധികൃത ഖനികളിൽ ജീവൻ പണയം വെച്ച് അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതാവസ്ഥ. ജീവൻ പണയം വച്ച് പകലന്തിയോളം പണിയെടുത്താൽ കിട്ടുന്നത് മുപ്പതോ നാൽപതോ രൂപയാണ്.

 

നിർബന്ധിത ബാലവേല കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നു,സ്കൂളിൽ ചേരാനുള്ള അവസരം അവർക്ക് നഷ്ടപ്പെടുത്തുന്നു,അകാലത്തിൽ സ്കൂളിൽ നിന്ന് പുറത്തുപോകാൻ അവരെ നിർബന്ധിക്കുന്നു.ബാലവേല കുട്ടികളുടെ ഭാവി കവർന്നെടുക്കപ്പെടുകയാണ് എന്ന് നാം തിരിച്ചറിയണം. 

 

ലോകമെമ്പാടുമുള്ള 152 ദശലക്ഷം കുട്ടികൾ ബാലവേലയുടെ ഇരകളാണ്. ഇതിൽ  88 ദശലക്ഷം ആൺകുട്ടികളും 64 ദശലക്ഷം പെൺകുട്ടികളുമാണ്. ബാലവേലയ്ക്ക് ഇരയായവരിൽ 48 ശതമാനവും 5-11 വയസ് പ്രായമുള്ളവരാണ്. 71 ശതമാനം ബാലവേലയും കാർഷിക മേഖലയിലാണ് നടക്കുന്നത്.ഇത്തരം നിയമവിരുദ്ധ തൊഴിലിലൂടെ പ്രതിവർഷം 150 ബില്യൺ ഡോളർ അനധികൃത ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് കരുതുതപ്പെടുന്നത്.

 

ഇന്ത്യയിൽ കൂടിവരുന്ന ബാലപീഡനത്തിന്റെയും ബാലവേലയുടെയും അവസാനിക്കാത്ത ഇരകളാണ് കുട്ടികൾ.കുട്ടികളോടുള്ള സമീപനത്തിലും മനോഭാവത്തിലും മുമ്പെങ്ങുമില്ലാത്തതരം മാറ്റമാണ് ഇന്ത്യയിൽ  സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മനശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും പറയുന്നു.പെൺകുട്ടികളുടെ സ്വകാര്യ വീടുകളിലെ ഗാർഹിക സേവനം പോലുള്ളവ ബാലവേലയുടെ ദൃശ്യപരതയിൽ പലപ്പോഴും വരുന്നില്ല.കൂടാതെ വീട്ടുജോലികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് കൂടുതൽ മുന്നോട്ടു വരുന്നത്.

 

കുട്ടികള്‍ക്കാകുമ്പോള്‍ കൂലി കുറച്ച് കൊടുത്താല്‍ മതി എന്നതിനാലാണ് അവരെ മാത്രം ജോലിക്കായി കണ്ടെത്തുന്നത്.ഒരു സാധാരണ തൊഴിലാളിക്ക് 750  രൂപ ഒരു ദിവസം കൂലി കൊടുക്കുമ്പോള്‍ കുട്ടികളാണെങ്കില്‍ 200 നല്‍കിയാല്‍ മതിയാകും. പലരും പാതിരാത്രികളിലും പുലര്‍ച്ചകളിലുമാണ് തിരികെ വീടെത്തുന്നത്.ഉറങ്ങാന്‍ സമയം കിട്ടാത്ത അവസ്ഥയാണ് പലര്‍ക്കും. പലരുടേയും വീട്ടിലെ സാഹചര്യമാണ് ഇത്തരം അവസ്ഥകളിലും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. പല കുട്ടികളും സ്കൂളില്‍ ചെന്നാല്‍ ഉറക്കം തൂങ്ങും.വേണ്ടവിധം പഠിക്കാനാവാതെ വരുമ്പോള്‍ അവര്‍ പഠനം മതിയാക്കുകയും മറ്റ് ജോലികളടക്കം തേടുകയും ചെയ്യുന്നു.

 

മനുഷ്യക്കടത്തുവഴി കൊണ്ടുവരുന്ന കുട്ടികൾ പലപ്പോഴും അക്രമം, ദുരുപയോഗം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് വിധേയരാകുന്നു.ചിലർ നിയമം ലംഘിക്കാൻ നിർബന്ധിതരായേക്കാം. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, ലൈംഗിക ചൂഷണത്തിന്റെ ഭീഷണി വളരെ വലുതാണ്, അതേസമയം ആൺകുട്ടികളെ സായുധ സേനയോ മറ്റു ഗ്രൂപ്പുകളോ ചൂഷണം ചെയ്തേക്കാം.

 

കോവിഡ് -19 ന്റെ ആഘാതം കാരണം 9 ദശലക്ഷം അധികം കുട്ടികൾ അപകടസാധ്യതയിലാണ്.ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന 818 കുട്ടികളിൽ ബാലവേലയ്‌ക്കെതിരായ പ്രചാരണം നടത്തുന്ന സി.എ.സി.എൽ  എന്ന സംഘടന നടത്തിയ ഒരു സർവേയിൽ ജോലി ചെയ്യുന്ന കുട്ടികളുടെ അനുപാതത്തിൽ 28.2 ശതമാനത്തിൽ നിന്ന് 79.6 ശതമാനമായി ഗണ്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് പറയുന്നു.പ്രധാനമായും കോവിഡ് -19 പകർച്ചവ്യാധിയും സ്കൂളുകൾ അടച്ചതുമാണ് പ്രധാന കാരണം.

 

കോവിഡിന്റെ ഫലമായി ആഗോളതലത്തിൽ,2022 അവസാനത്തോടെ  ഒമ്പത് ദശലക്ഷത്തിലധികം   കുട്ടികളെ ബാലവേലയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്ന് യു.എൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് ഗുരുതരമായ സാമൂഹിക പരിരക്ഷാ കവറേജുകളിലേക്ക് പ്രവേശിക്കാതെ 46 ദശലക്ഷമായി ഇനിയും ഉയരും.

 

കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. 

ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.ഒരു പരിധിവരെ ഇന്ത്യയിലും,കേരളത്തിലും ബാലവേല കുറഞ്ഞുവരികയായിരുന്നു.എന്നാൽ കോവിഡ് ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു.മഹാമാരി ബാലവേല പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.  

 

‘ബാലവേലയ്‌ക്കെതിരായ പോരാട്ടത്തിൽ നമുക്ക്  നഷ്ടം സംഭവിക്കുകയാണ്, കഴിഞ്ഞ വർഷം ആ പോരാട്ടം കൂടുതൽ കഠിനമായിരുന്നു’ എന്നാണ് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ പറയുന്നത്.

ബാലവേല ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷമായി യുഎൻ 2021ൽ  പ്രഖ്യാപിച്ചതിന്റെ ഭാഗമായി നാം എല്ലാവരും, ഗവൺമെന്റുകൾ, തൊഴിലുടമകൾ, യൂണിയനുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, ‘ബാലവേലയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന്’ പ്രതിജ്ഞയെടുക്കണം.ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ നാളെ നമ്മുടെ കുട്ടികളുടെ ഭാവി നിർണ്ണയിക്കും.

 

English summary: Anti child labour day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com