ADVERTISEMENT

സംസാരശേഷിയില്ലാത്ത മകന്റെ കയ്യിൽ വർഷങ്ങൾക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആ അമ്മയുടെ സന്തോഷം കണ്ണുനീരായി പെയ്തിറങ്ങിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനനിഞ്ഞ നിമിഷം. അമ്മയും മകനും സ്നേഹത്തിൽ അലിഞ്ഞു ചേരുന്ന ആ അനർഘ നിമിഷം. ഈ സമാഗമത്തിന് വേദിയാകാൻ സാധിച്ചത് കോഴിക്കോടിന്റെ മറ്റൊരു സൗഭാഗ്യം.കോഴിക്കോട് കലക്ടർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

 

കോഴിക്കോട് കലക്ടർ പങ്കുവച്ച കുറിപ്പ്

 

കയ്യിലെ ടാറ്റൂ വിളിച്ചു അമ്മ ഓടിയെത്തി, സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ.....

ജൂൺ 14ന് കോഴിക്കോട് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട സംസാരശേഷിയില്ലാത്ത കുട്ടിയെകുറിച്ച് അവ്യക്തമായി പച്ച കുത്തിയതല്ലാതെ ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നിരുന്നാലും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ബോയ്‌സ് ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരും ബി.ബി.എ. ടീമും നടത്തിയ തുല്യതയില്ലാത്ത ശ്രമം തികച്ചും അഭിനന്ദനാർഹമാണ്.

 

ടാറ്റൂ വായിച്ച ചിൽഡ്രൻസ് ഹോം ചൈൽ വെൽഫയർ ഇൻസ്‌പെക്ടർ മുഹമ്മദ്‌ അഷറഫ് കുട്ടിയുടെ പേര് മോണ്ടി എന്നാണെന്നു തിരിച്ചറിഞ്ഞു. ഈ  വിവരം ബച്പൻ ബചാവോ ആന്ദോളൻ കേരള കോ ഓർഡിനേറ്റർ ശ്രീ പ്രസ്രീൻ കുന്നപ്പള്ളിയെ അറിയിച്ചു. കൂടാതെ സക്കർപുർ എന്നും എഴുതിയിട്ടുണ്ടെന്നും അങ്ങനെ ഒരു സ്ഥലം ഡൽഹിയിലുണ്ടെന്നും മനസ്സിലാക്കിയ അവർ ഡൽഹിയിൽ അന്വേഷിക്കാൻ ഏർപ്പാട് ചെയ്തു. 

 

ഇന്റർനെറ്റിൽ ഡൽഹി പരിസരത്തു സക്കർപുർ എന്ന സ്ഥലംകണ്ടപ്പോൾ അതിനടുത്ത് പ്രസിദ്ധമായ ഹ്യൂമയോൺ ടോംബ്കൂടി കണ്ട ചിൽഡ്രൻസ് ഹോമിലെ ജീവനക്കാർ കുട്ടിയെ മറ്റു പല ഫോട്ടോകൾക്കിടയിൽ ഹ്യൂമയുൺ ടോമ്പിന്റെ ഫോട്ടോ കൂടി ഫോണിൽ കാണിച്ചു കുട്ടിയുടെ പ്രതികരണം വിലയിരുത്തി. ഡൽഹിയിലെ ബിബിഎ. ടീം ഡയരക്ടർ  മനീഷ് ശർമ വഴി ബിബിഎ ടീം നടത്തിയ അന്വേഷണത്തിൽ ശക്കർപുർ പ്രദേശത്തുള്ള ഒരു ഓട്ടോ ഡ്രൈവറുടെ മകനാണ് സംസാരിക്കാൻ കഴിയാത്ത മോണ്ടി എന്ന് തിരിച്ചറിഞ്ഞു

 

കുട്ടി 2-10-2018 നു കാണാതായതാണെന്നും സുഭാഷ് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അന്വേഷിച്ചറിഞ്ഞു. സംസാരിക്കാത്ത കുട്ടിയെ കയ്യിൽ പച്ച കുത്തിയ അവ്യക്തമായ ഒരു സ്ഥലപ്പേര് മാത്രം ഉപയോഗിച്ച് കണ്ടെത്തുന്നതിനു ചിൽഡ്രൻസ് ഹോം ജീവനക്കാരും ബി. ബി.എ. ടീം അംഗങ്ങളും കൂട്ടായി നടത്തിയ അസാധാരണമായ ശ്രമത്തിനൊടുവിലാണ് രണ്ടു വർഷം മുമ്പ് കാണാതായ കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുന്നതിനു വഴിയൊരുക്കിയത്.

 

 

കൂട്ടായ പ്രവർത്തനം വിജയം കൊണ്ടുവരുമെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇത്. കുട്ടിയെ കണ്ടെത്തിയ റെയിൽവേ പൊലീസ്, കുട്ടിയെ സ്ഥാപനത്തിലെത്തിച്ച റെയിൽവേ ചൈൽഡ് ലൈൻ, കുട്ടിയെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു കുട്ടിയുടെ വീട് കണ്ടെത്തുന്നതിനു പെട്ടെന്ന് കൂട്ടായ ശ്രമം നടത്തുന്നതിന് നിർദേശം നൽകിയ CWC, പ്രോത്സാഹനം നൽകിയ DCPU, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച BBA ടീം, ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ചിൽഡ്രൻസ് ഹോം ബോയ്‌സ്. എല്ലാവരും അഭിനന്ദനമർഹിക്കുന്നു.

 

മകന്റെ കയ്യിൽ വർഷങ്ങൾക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇന്ന്. ആ അമ്മയുടെ സന്തോഷം കണ്ണുനീരായി പെയ്തിറങ്ങിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനനിഞ്ഞ നിമിഷം. അമ്മയും മകനും സ്നേഹത്തിൽ അലിഞ്ഞു ചേരുന്ന ആ അനർഘ നിമിഷം. ഈ സമാഗമത്തിന് വേദിയാകാൻ സാധിച്ചത് കോഴിക്കോടിന്റെ മറ്റൊരു സൗഭാഗ്യം.

 

മോണ്ടിയുടെ അമ്മ അനിതയും സഹോദരൻ ബികാസും ഉച്ചക്ക് കോഴിക്കോട് എത്തി വൈകുന്നേരത്തോടെ തന്റെ മകനെ സ്വീകരിക്കുന്നതിനായി ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫീസിലെത്തി. ബാലാവകാശ കമ്മീഷൻ അംഗം ശ്രീമതി ബബിത ബൽരാജ് കുട്ടിയെ അമ്മക്ക് കൈമാറി. കോഴിക്കോടിന്റെ നന്മക്കു മറ്റൊരു പൊൻതൂവൽ കൂടിയായി മാറി ഈ സംഭവം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനങ്ങൾ.

 

English summary: Kozhikode collector's social media post regading a missing boy Mondi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com