ADVERTISEMENT

കാറുകളെ സ്നേഹിക്കുന്ന കൊച്ചു റിഷാൻ ഒരുമിനിട്ടിൽ പറയുക 150 കാർ ബ്രാൻഡുകളുടെ പേരുകൾ. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലും കലാം വേൾഡ് റെക്കോർഡിലും ഇടം നേടിയ 5 വയസ്സുകാരനെ പരിചയപ്പെടാം. കളിപ്പാട്ടം വാങ്ങാൻ പോയാൽ കൊച്ചു റിഷാന് കാർ മാത്രം മതി. വിവിധ നിറങ്ങളിലും മോഡലുകളിലും ഉള്ള കാറുകൾകൊണ്ട് അവന്റെ ശേഖരം നിറഞ്ഞു. രാവിലെ വീട്ടിലെത്തുന്ന പത്രത്തിന്റെ പേജുകൾ ചില ദിവസം കാണാതാകും. അന്വേഷണം അവസാനിക്കുക റിഷാന്റെ കളിപ്പാട്ടങ്ങൾക്കിടയിലാണ്. തിരക്കിയപ്പോൾ ആ പേജുകളിലെല്ലാം കാറുകളുടെ ചിത്രങ്ങൾ. കാറുകളോട് മകന് അടങ്ങാത്ത അഭിനിവേശം കണ്ടതോടെ അമ്മ പ്രവിമോൾ ചെറുതായി പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഒരു കാറിന്റെ പടം ഒരിക്കൽ കണ്ടാൽ റിഷാൻ പിന്നെ മറക്കില്ല. അതുപോലൊന്നു വഴിയിൽ കണ്ടാൽ ആവേശത്തോടെ ഒച്ചവയ്ക്കും. 

കാറിലാണ് നോട്ടം 

സായാഹ്നങ്ങളി‍ൽ അമ്മയ്ക്കും അച്ഛനും ഒപ്പം റോഡിലൂടെ നടക്കുമ്പോഴും റിഷാന്റെ നോട്ടം കാറുകളിൽ തന്നെ. ഒരു പൊട്ടുപോലെ ദൂരെ നിന്നു വരുന്ന കാറുകൾ ഏതു കമ്പനിയുടേതെന്നു മൂന്നാം വയസ്സിൽ റിഷാൻ പറഞ്ഞു തുടങ്ങിയതോടെ മാതാപിതാക്കളുടെ അത്ഭുതം ചുറ്റുപാടുള്ളവരിലേക്കും പടർന്നു. അതോടെ മാതാപിതാക്കൾ പരമാവധി കാറുകളുടെ മോഡലുകൾ പടങ്ങളായി റിഷാന് നൽകി തുടങ്ങി. കംപ്യൂട്ടറിലും മൊബൈലിലും റിഷാന് കാർ കാണണം. കരച്ചിൽ നിർത്തൽ സംഹാരിയായി പോലും കാറുകളുടെ പടങ്ങളും വിഡിയോയും മാറിത്തുടങ്ങി. പതിയെ കാറുകൾ മാത്രമല്ല കാറുകളുടെ കമ്പനിയും മനഃപ്പാഠമാക്കി തുടങ്ങി. അങ്ങനെ ഒരു പരീക്ഷണം എന്ന നിലയിൽ കുറേ കാറുകളുടെ പടം റിഷാന് നൽകിയപ്പോൾ ഒട്ടും അമാന്തിക്കാതെ അവൻ അവയുടെ പേരുകളും ഏതു കമ്പനിയെന്നും ഏതു മോഡൽ എന്നുമെല്ലാം പറഞ്ഞ് ഞെട്ടിച്ചു. അങ്ങനെ കാറുകളെക്കുറിച്ചുള്ള റിഷാന്റെ പഠനം 150 കാർ കമ്പനികളുടെ പേരിൽ എത്തി നിൽക്കുന്നു.കാർ കമ്പനികളുടെ ലോഗോ കണ്ടാലും നിഷ്പ്രയാസം അതേതു കമ്പനികൾ എന്ന് റിഷാൻ പറയും. ലോഗോ വേണമെന്നില്ല ഒരു കാർ ദൂരെ നിന്നെങ്കിലും ഒരു മിന്നായം പോലെ കണ്ടാലും മതി. 

5-year-old-boy-creates-record-identifies-150-cars-in-a-minute
റിഷാൻ

പുരസ്കാരം തേടിയെത്തി 

റിഷാനു കാറിനോടുള്ള പ്രണയവും ഓർമയും തിരിച്ചറിഞ്ഞ ഒരു കുടുംബ സുഹൃത്താണ് മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. ഒരു മിനിട്ടിൽ എത്രമാത്രം കാര്യങ്ങൾ പറയുമെന്നു നോക്കിയപ്പോൾ ഞെട്ടി. 150 കാർ ബ്രാൻഡുകൾ നിഷ്പ്രയാസം പറഞ്ഞു. കുറച്ചു പ്രാക്ടീസ് കൂടിയായപ്പോൾ ഒരുമിനിട്ട് വേണ്ടാതെ വന്നു. അതോടെ മറ്റെന്താല്ലാമാണ് മകന്റെ ഐറ്റങ്ങൾ എന്നു നോക്കി. 35 സോഷ്യൽ മീഡിയ ബ്രാൻഡുകളും കുറേ പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകളും പുറത്തു വന്നു. ഒരു മിനിട്ടിനുള്ളിൽ ഇത്രയും കാര്യങ്ങൾ ഓർത്തെടുത്തു പറയാനുള്ള കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും ലഭിച്ചു. ഓൺലൈനായി നടത്തിയ മത്സരങ്ങളിലാണ് ഈ 5 വയസ്സുകാരൻ കഴിവ് പ്രകടമാക്കിയത്. കാസർകോട് കയ്യൂർ സ്വദേശികളായ അങ്കപ്പിലാവിൽ രൂപേഷിന്റെയും കോട്ടയിൽ പ്രവിമോളുടെയും മകനാണ് റിഷാൻ. ഡൽഹി പബ്ലിക് സ്കൂൾ എൽകെജി വിദ്യാർഥിയാണ്. 

English Summary : 5 year old boy creates record identifies 150 cars in a minute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com