വീട്ടുമുറ്റത്തെത്തിയ കരടിയെ കണ്ട് അതിനടുത്തേയ്ക്കു പാഞ്ഞ കുരുന്നിനെ നിമിഷ നേരം കൊണ്ട് രക്ഷപ്പെടുത്തിയ 'ഹീറോ അമ്മ'യുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വാഷിംഗ്ടണിലെ സിയാറ്റിലിൽ നിന്നുള്ള ഒരു സ്ത്രീയാണ് സമയോചിതമായ പ്രവർത്തി കൊണ്ട് തന്റെ കുട്ടിയെ കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ 3.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ജൂനിപ്പർ എന്ന കൊച്ചു പെൺകുട്ടി തനിയെ വീട്ടുമുറ്റത്തേക്ക് നടക്കുന്നതാണ് കാണുന്നത്. അമ്മ അവളെ അകത്തേയ്ക്ക് വിളിക്കുന്നതും കേൾക്കാം. അപ്പോഴാണ് കുട്ടി കറുത്ത കരടി അവരുടെ നടുമുറ്റത്തെ മതിലിലൂടെ നടക്കുന്നത് കാണുന്നതും അതിനെ ആലിംഗനം ചെയ്യാനുള്ള ശ്രമത്തിൽ ആവേശത്തോടെ അടുത്തേക്ക് ഓടുന്നതും. "അതൊരു കരടിയാണ്!" എന്ന് നിഷ്കളങ്കമായി വിളിച്ചു പറഞ്ഞുകൊണ്ടാണ് ജൂനിപ്പർ കരടിയുടെ അടുത്തേക്ക് ഓടിയത്.
കരടി എന്ന വാക്ക് കേട്ടയുടനെ അമ്മ സാമന്ത മാർട്ടിൻ പാഞ്ഞെത്തിയപ്പോൾ മകൾ കരടിയുടെ അടുത്തേക്ക് ഓടുന്നതാണ് കണ്ടത്. അമ്മ വേഗം തന്നെ, മകളെ കോരിയെടുത്ത് വീടിനകത്തേയ്ക്ക് ഓടിക്കയറി. പക്ഷികൾക്കായി വച്ചിരുന്ന തീറ്റയിൽ ആകൃഷ്ടനായി എത്തിയതാകാം കരടിയെന്നാണ് കരുതുന്നത്. മൂഗങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം മകൾ വായിച്ചിരുന്നെന്നും അതിൽ കരടിയാണ് ജൂനിപ്പറിന് ഏറ്റവും പ്രിയപ്പെട്ട മൃഗമെന്നും അതാവാം കരടിയെ കണ്ടപ്പോൾ കുട്ടി അടുത്തേയ്കക് ഓടിയതെന്നും അമ്മ പറയുന്നു. ഏതായാലും അമ്മയുടെ സമയോചിതമായ ഇടപെടലാണ് ആ കുരുന്നിലെ വലിയൊരു അപകടത്തിൽ നിന്നു രക്ഷിച്ചത്.
English Summary : Brave mom saves toddler running towards black bear- Viral video