ADVERTISEMENT

പഠിത്തത്തിനിടെ ശ്രദ്ധ കിട്ടുന്നില്ലേ? പുസ്തകങ്ങളിലെ ചിത്രങ്ങളൊക്കെ മറന്നു പോകുന്നുണ്ടോ? പരീക്ഷയ്ക്കു പഠിക്കുമ്പോഴും ഓർമ പ്രശ്നമാകുന്നുണ്ടോ? കഴിക്കൂ മനംനിറയെ ചോക്‌ലേറ്റുകൾ. 

ഏതെങ്കിലും മിഠായിക്കമ്പനിയുടെ പരസ്യമാണെന്നു കരുതിയോ? അല്ല കേട്ടോ, ഇറ്റലിയിലെ ഒരു കൂട്ടം ഗവേഷകരുടെ പഠന റിപ്പോർട്ടാണു സംഗതി. അതായത്, ചോക്‌ലേറ്റ് കഴിച്ചാൽ ഓർമശക്തിയും ബുദ്ധിയും കൂടുമെന്നാണ് ഇവർ പറയുന്നത്. ചുമ്മാ കൊതിപ്പിക്കാൻ പറയുന്നതൊന്നുമല്ല.  ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു ലാക്വില സർവകലാശാലയിലെ ഈ ഗേവഷകർ. ചോക്‌ലേറ്റ് നിർമിക്കുന്നതിലെ പ്രധാന ഘടകമായ കൊക്കോയായിരുന്നു ഇവർ പരിശോധിച്ചത്. കൊക്കോയിലുള്ള ഓരോ രാസവസ്തുക്കളും തരംതിരിച്ചു പരിശോധിച്ചു സംഘം. 

 

ചോക്‌ലേറ്റ് തീറ്റ എങ്ങനെയാണ് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതെന്നായിരുന്നു പ്രധാന പരിശോധന. അങ്ങനെയാണ് ബുദ്ധിവളർച്ചയ്ക്കും ഓർമയ്ക്കും സഹായിക്കുന്ന ഘടകങ്ങൾ അതിലുണ്ടെന്നു കണ്ടെത്തിയതും. ഡാർക് ചോക്‌ലേറ്റിലുള്ള പോളിഫിനോൾ എന്ന രാസവസ്തു മനസ്സിനെ സ്വസ്ഥമാക്കാൻ സഹായിക്കും. പരസ്യങ്ങളിലൊക്കെ കണ്ടിട്ടില്ലേ ‘ദേഷ്യപ്പെടുമ്പോൾ നീ വേറെയാരൊക്കെയോ ആവും, ശാന്തനാകാൻ ഇതു കഴിക്കൂ’ എന്നും പറഞ്ഞ് ചോക്‌ലേറ്റ് നൽകുന്നവരെ. സംഗതി സത്യമാണെന്നാണിപ്പോൾ ഗവേഷകർ പറയുന്നത്.

 

കൊക്കോയിലെ ഫ്ലേവനോൾ എന്ന ഘടകമാണ് ബുദ്ധിവളർച്ചയ്ക്കു സഹായിക്കുക. പ്രായം കൂടുന്തോറും ഓർമ കുറയുമെന്നു കേട്ടിട്ടില്ലേ. ആ പ്രശ്നം പരിഹരിക്കാനാണു ഫ്ലേവനോൾ സഹായിക്കുക. കുറഞ്ഞ, ഇടത്തരം, കൂടിയ അളവുകളിൽ ചോ‌ക്‌ലേറ്റ് കഴിക്കുന്നവരെന്നു തരംതിരിച്ചായിരുന്നു ഗവേഷണം. ചോക്‌ലേറ്റ് ഡ്രിങ്കായും ബാറുകളായും നിശ്ചിത അളവിൽ കൊക്കോ നൽകുകയായിരുന്നു. വിവിധ പ്രായത്തിലുള്ളവരെ തിരഞ്ഞെടുത്തായിരുന്നു ഗവേഷണം. 3 മാസം വരെ ഇവരെ നിരീക്ഷിച്ചു. പ്രായമായവരിൽ ദീർഘനാൾ ചോക്‌ലേറ്റ് കഴിക്കുന്നത് ഓർമ കൂട്ടുന്നതിനും കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും ഏറെ സഹായകരമാകുന്നുണ്ടെന്നു കണ്ടെത്തി. ആരോഗ്യവാന്മാരായിട്ടുള്ളവർ  ചോക്‌ലേറ്റ് കഴിക്കുന്നത് അവരുടെ ബുദ്ധി നിലനിൽത്താൻ ഏറെ സഹായിക്കുന്നു. രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കിൽ രാവിലെ തലയ്ക്ക് ആകെ ‘മന്ദത’ പിടികൂടുന്ന അവസ്ഥയുണ്ടാകാറുണ്ടല്ലോ. എന്താണു ചെയ്യേണ്ടതെന്നു പോലും അത്തരം ഘട്ടങ്ങളിൽ പിടികിട്ടില്ല. അങ്ങനെയിരിക്കെ ബുദ്ധി കൃത്യമായി പ്രവർത്തിക്കാൻ കൊക്കോ നല്ലതാണ്! കൊക്കോയിലെ ഫ്ലേവനോളുകളാണ് ഇക്കാര്യത്തിൽ ഏറ്റവും ഉപകാരി. 

 

ഇതൊക്കെ കേട്ട് ഇന്നു മുതൽ ചോക്‌ലേറ്റങ്ങനെ വിശാലമായിരുന്നു കഴിക്കാമെന്നൊന്നും വിചാരിക്കേണ്ട. തിയോബ്രോമിൻ, കഫീൻ തുടങ്ങിയ പ്രശ്നക്കാരുമുണ്ട് കൊക്കോയിൽ. ചെറിയ അളവിൽ ഇവ പ്രശ്നക്കാരനൊന്നുമല്ല, പക്ഷേ 85 ചോക്‌ലേറ്റ് ബാറുകളൊക്കെ കഴിച്ചാൽ തിയോബ്രോമിൻ പണിതരും (അത്രേം ചോക്‌ലേറ്റ് സ്വപ്നത്തിൽ പോലും ആര് കഴിക്കാനാണല്ലേ!) എന്നും ചോക്‌ലേറ്റ് കഴിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു. ഇവയിലെ കാലറിയാണ് ഒന്ന്– തടി കൂടാനിടയാക്കുമെന്നർഥം. പാലും പഞ്ചസാരയുമൊക്കെ ചേർത്തുള്ള ചോക്‌ലേറ്റുകളും ശ്രദ്ധിക്കണം, അധികമായാൽ പ്രശ്നമാണ്. പക്ഷേ ഇടയ്ക്ക് ഒന്നോ രണ്ടോ ചോക്‌ലേറ്റ് കഴിക്കുന്നതിന് ആരേലും ചീത്ത പറഞ്ഞാൽ ഇനി കൂട്ടുകാർക്കു ധൈര്യമായി മറുപടി കൊടുക്കാം– ‘അതേയ്, ഇതു ഞങ്ങടെ ബുദ്ധി കൂട്ടാനുള്ള മരുന്നാ...’ എന്ന്.

 

 English Summary : chocolates-for-brain-new-study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com