ADVERTISEMENT

അ‍ഞ്ചാം നിലയിൽ നിന്നു താഴേക്കു വീണ രണ്ടുവയസ്സുകാരിയായ ഷിൻഷിൻ എന്ന ബാലികയെ സാഹസികമായി രക്ഷിച്ച് യുവാവ്. ചൈനയിലെ ഷീജിയാങ് പ്രവിശ്യയിലുള്ള തോങ്സിയാങ്ങിൽ നടന്ന പേടിപ്പെടുത്തുന്ന ദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലോകത്തെ പ്രധാനമാധ്യമങ്ങളുൾപ്പെടെ പ്രാധാന്യത്തോടെ ഈ സംഭവം പ്രസിദ്ധീകരിക്കുകയും ചെയ്തു. വീഴ്ചയും അതിന്റെ ഫലമായി ഷീറ്റിൽ പതിച്ചതും കാരണം കുട്ടിക്ക് കാലിനും ശ്വാസകോശത്തിനും പരുക്കുകൾ സംഭവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയും തേടി. ദിവസങ്ങൾക്കുള്ളിൽ അപകടനില തരണം ചെയ്ത കുട്ടി ഇപ്പോൾ ആശുപത്രി വിട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 

ആശുപത്രിയിൽ നിന്നു വിട്ടശേഷം ഷിൻഷിനും കുടുംബാംഗങ്ങളും അവളെയും കൊണ്ട് രക്ഷകനായ ഷെൻഡോങ്ങിനരികിൽ പോയതിന്റെയും ബൊക്കെ അദ്ദേഹത്തിന് കൈമാറുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പെൺകുട്ടിയെ മനസ്സാന്നിധ്യം കൈവിടാതെ രക്ഷിച്ച ഷെൻ ഡോങ്ങ് എന്ന യുവാവിനെ ദേശീയ ഹീറോയെന്ന നിലയ്ക്കാണ് ചൈനീസ് സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. ലിജിയൻ ഷാവോ എന്ന ഉന്നത ചൈനീസ് ഉദ്യോഗസ്ഥനുൾപ്പെടെ വിഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. നമുക്കിടയിലെ നായകർ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വിഡ‍ിയോ പങ്കുവച്ചത്.

അഞ്ച് നിലക്കെട്ടിടത്തിൽ നിന്നാണു പെൺകുട്ടി താഴേക്കു വീണത്. നാലുനിലകൾ താഴെയുള്ള കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മേ‍ൽക്കൂരയിലേക്കു വീണ പെൺകുട്ടി അവിടെ നിന്നും തെറിച്ച് തെരുവിലെ ഫുട്പാത്തിലേക്കു വീഴേണ്ടതായിരുന്നു. എന്നാൽ ഷീറ്റിലേക്ക് കുട്ടി വീണസമയത്തുണ്ടായ വലിയ ശബ്ദം അവിടെ വാഹനം പാർക്കു ചെയ്യുകയായിരുന്ന ഷെൻ ഡോങ്ങിനെ ജാഗരൂകനായി. തുടർന്ന് അങ്ങോട്ടേക്ക് ഓടിച്ചെന്ന ഷെൻ ഡോങ്ങ്  ഫുട്പാത്തിൽ വീഴാതെ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഫുട്പാത്തിൽ വീണിരുന്നെങ്കിൽ സംഭവിക്കാമായിരുന്ന ഗുരുതരമായ പരുക്കുകളിൽ നിന്നാണ് ഷെൻ ഡോങ്ങ് കുട്ടിയെ രക്ഷിച്ചത്.

ചൈനയിലെ കിഴക്കൻ മേഖലയിലുള്ള തീരദേശ പ്രവിശ്യയാണ് ഷീജിയാങ്ങ്. ആറരക്കോടിയോളം ജനങ്ങൾ ഈ പ്രവിശ്യയിൽ ജീവിക്കുന്നുണ്ട്. ഈ വർഷം മേയിൽ ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിൽ ആറുനിലക്കെട്ടിടത്തിന്റെ ജനലിൽ കുടുങ്ങിയ ഒരു അഞ്ച് വയസ്സുള്ള പെൺകുട്ടിയെ അഗ്നിശമനസേനാംഗം രക്ഷിച്ചതും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വെറുംകൈ കൊണ്ട് പിടിച്ച് അഞ്ച് നിലകൾ കയറിയാണ് അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയത്.

 

English Summary : Two year old Chinese girl meets the man who saved her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com