മക്കൾ സുഖമായിരിക്കുക എന്നതിലപ്പുറം മാതാപിതാക്കൾക്ക് സന്തോഷം നൽകുന്ന മറ്റെന്ത് കാര്യമുണ്ട്. എന്നാൽ നാലു മക്കളിൽ മൂന്നുപേരുടെയും ഭാവി ഇരുളടയാൻ പോകുന്നുവെന്നറിയുന്ന മാതാപിതാക്കളുടെ മനോനില പറഞ്ഞറിയാവുന്നതിലും അപ്പുറമായിരിക്കും. അതേ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കാനഡ സ്വദേശികളായ സെബാസ്റ്റ്യൻ എഡിത്ത് ദമ്പതികൾ. എന്നാൽ അസുഖബാധിതരായ മക്കളെ നോക്കി കണ്ണീരു പൊഴിക്കാതെ കാഴ്ചയുള്ള അവരുടെ ദിനങ്ങൾ മനോഹരമാക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ഈ മാതാപിതാക്കൾ.

2018 ൽ മൂത്ത മകളായ മിയയ്ക്ക് വൈകുന്നേരങ്ങളിൽ കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് തുടക്കം. റെറ്റിനയിലെ കോശങ്ങൾക്ക് കാലക്രമേണ നാശം സംഭവിക്കുന്ന റെറ്റിനിസ് പിഗ്മെന്റോസ എന്ന അസുഖമാണ് മിയയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. നിലവിൽ 12 വയസ്സുകാരിയായ മിയയ്ക്ക് 30 വയസ്സാകുമ്പോഴേക്കും കാഴ്ച പൂർണമായും നഷ്ടപ്പെടും എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. ഈ കാര്യം അറിഞ്ഞ വിഷമത്തിൽ കഴിയുന്നതിനിടെയാണ് മൂന്ന് ആൺമക്കളിൽ രണ്ടുപേർക്കു കൂടി ഇതേ രോഗം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഏഴു വയസ്സുകാരനായ കോളിനും അഞ്ചുവയസ്സുകാരനായ ലോറന്റിനും സമാനമായ രീതിയിൽ കുറച്ചു വർഷങ്ങൾക്കകം കാഴ്ച നഷ്ടപ്പെടും. രണ്ടാമത്തെ മകനായ ലിയോയ്ക്ക് മാത്രം അസുഖബാധയില്ല. തകർന്നു പോയേക്കുമായിരുന്ന ഈ സാഹചര്യത്തിൽ പക്ഷേ മക്കളുടെ ജീവിതത്തിൽ ആകാവുന്നത്ര വെളിച്ചം പകരാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. കാഴ്ചകൾ കൊണ്ട് അവരുടെ മനസ്സുനിറയ്ക്കാൻ ലോകമാകെ മക്കളെ ചുറ്റിക്ക്ണിക്കാൻ ഇരുവരും തീരുമാനിച്ചു.
രണ്ടുവർഷം മുമ്പ് തന്നെ യാത്ര പുറപ്പെടാൻ ഒരുങ്ങിയെങ്കിലും കോവിഡ് മൂലം അത് തടസ്സപ്പെട്ടു. ഒടുവിൽ കഴിഞ്ഞ മാർച്ചിലാണ് ഒരു വർഷം നീണ്ട ലോകസഞ്ചാരത്തിന് കുടുംബം ഇറങ്ങിത്തിരിച്ചത്. അഞ്ചുമാസം കൊണ്ട് നമീബിയ, സാംബിയ, ടാൻസാനിയ, ടർക്കി മംഗോളിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലെല്ലാം കുടുംബം യാത്ര ചെയ്തു. ലോകം കാണിച്ചു കൊടുക്കുന്നതിനൊപ്പം ജീവിതം എത്ര പ്രയാസമേറിയതാണെങ്കിലും വിദ്യാഭ്യാസം നേടാനും അടിസ്ഥാന ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ ഇതിനെക്കുറിച്ചൊന്നും ആശങ്കപ്പെടേണ്ടതില്ല എന്ന് മക്കളെ ബോധ്യപ്പെടുത്താനാണ് തങ്ങളുടെ ഉദ്ദേശം എന്ന് എഡിത്ത് പറയുന്നു.
തങ്ങളുടെ മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് കുട്ടികൾ ഏകദേശം മനസ്സിലാക്കി വരുന്നതേയുള്ളൂ. മിയയ്ക്കും കോളിനും അസുഖത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും അഞ്ചു വയസ്സുകാരനായ ലോറന്റിന് കാര്യത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല. കാഴ്ചയില്ലാതാവുക എന്നാൽ എന്താണെന്നും തനിക്ക് കാറോടിക്കാൻ കഴിയില്ലേ എന്നുമൊക്കെയുള്ള അവന്റെ ചോദ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തങ്ങൾ കേട്ടിരിക്കുന്നത് എന്ന് ഇവർ പറയുന്നു.
ചെറിയ പ്രായത്തിലുള്ള നാല് കുട്ടികൾക്കൊപ്പം ഇത്രയും നീണ്ടകാലം യാത്ര ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ഇവർ പറയുന്നുണ്ട്. എന്നാൽ എത്ര കഷ്ടതകൾ സഹിക്കേണ്ടി വന്നാലും കണ്ണുകളിൽ ഇരുട്ട് നിറയുന്ന കാലത്ത് മക്കളുടെ ചിന്തയിൽ നിറയെ മനോഹരമായ കാഴ്ചകൾ നിറഞ്ഞിരിക്കണം എന്ന് ഉറച്ച തീരുമാനത്തിലാണ് ഇവർ.
Content Summary : Canadian family taking children world tour before lose their vision