ഓട്ടിസം ബാധിതരായ കുട്ടികൾക്ക് വേണ്ട പരിഗണനയും പരിപാലനവും നൽകിയാൽ അവർക്ക് പരിമിതികളിൽ ഒതുങ്ങി നിൽക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവും. ഇതിനായി ഏറ്റവും അധികം ശ്രമിക്കേണ്ടത് മാതാപിതാക്കളാണ്. എന്നാൽ ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പൻ പിറന്നാൾ പാർട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിലായിരിക്കുകയാണ് വാൻകൂവർ സ്വദേശിയായ ഡേവിഡ് ഷെൻ എന്ന പിതാവ്. ആറു വയസ്സുകാരനായ മകൻ മാക്സിന് വേണ്ടിയൊരുക്കിയ പിറന്നാൾ പാർട്ടിയിൽ മാക്സിന്റെ ഒരേയൊരു സുഹൃത്ത് മാത്രമാണ് പങ്കെടുത്തത്.
മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാൻ വലിയ ഒരു ഇൻഡോർ പ്ലേഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. മകന്റെ ക്ലാസിലെ 19 കുട്ടികളെയും പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്സ്. എന്നാൽ ഏറെ കാത്തിരുന്നിട്ടും ഒരേയൊരു കുട്ടി മാത്രമാണ് പിറന്നാൾ ആഘോഷത്തിന് എത്തിയത്. പാർട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നതോടെ പറഞ്ഞറിയിക്കാനാവാത്തത്രയും നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു.
പാർട്ടിയിൽ എത്തില്ല എന്ന് അറിയിക്കാൻ പോലും കുട്ടികളുടെ മാതാപിതാക്കൾ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്. കുട്ടികൾക്കായി താൻ ഒരുക്കിവച്ചിരുന്ന പ്ലേ ഗ്രൗണ്ട് ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്. ഒടുവിൽ മകനെയും പാർട്ടിക്കെത്തിയ ഒരേയൊരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
എന്നാൽ മാക്സിന്റെ പിറന്നാളിന് ഏതാനും ദിവസങ്ങൾ മുമ്പ് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ ഇതേ ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതൽ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിന്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഫുട്ബോൾ കളിക്കാനും പിറന്നാൾ പാർട്ടികൾക്കുമെല്ലാം മാക്സിന് ധാരാളം ക്ഷണങ്ങൾ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വാൻകൂവർ ട്രാൻസിറ്റ് പൊലീസിന്റെ ഔദ്യോഗിക വാഹനത്തിൽ ഒരു റൈഡിനു പോകാനുള്ള ക്ഷണം വരെ മാക്സിനെ തേടിയെത്തി. സംഭവം ജനശ്രദ്ധ നേടിയതോടെ പാർട്ടിക്ക് ക്ഷണിച്ചുകൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇ-മെയിൽ ശ്രദ്ധയിൽപെട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കൾ വിളിച്ചതായും ഡേവിഡ് പറയുന്നു.
Content Summary : Father invites kids for autistic son's birthday party - Viral Post