പഠാൻ സൂപ്പർ ഹിറ്റായെങ്കിലും താന്‍ ഇനിയും കഠിനമായി അധ്വാനിക്കേണ്ടിയിരിക്കുന്നു എന്ന് ഷാറുഖ് ഖാൻ. ഒരു കുട്ടി ആരാധികയുടെ വിഡിയോയുടെ ചുവടുപിടിച്ചാണ് കിങ് ഖാന്റെ പ്രസ്താവന. പഠാൻ ഇഷ്ടമായോ എന്ന ചോദ്യത്തിന്, ഇല്ല എന്നു മറുപടി പറയുന്ന കൊച്ചുകുട്ടിയുടെ വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു രസകരമായ മറുപടി ട്വീറ്റുമായി ഷാറുഖും എത്തി. കുടുതൽ പ്രയത്നിക്കേണ്ടിയിരിക്കുന്നു എന്നും കുട്ടിപ്രേക്ഷകരെ നിരാശരാക്കാൻ പറ്റില്ലെന്നും പറയുന്ന ട്വീറ്റിൽ, അവളെ ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ കാണിച്ചുനോക്കൂ, ചിലപ്പോൾ അവൾ റൊമാന്റിക് ടൈപ്പ് ആവാം എന്നും ഷാറുഖ് പറയുന്നു.
ദീപിക പദുക്കോണ്‍, ജോൺ എബ്രഹാം തുടങ്ങി വൻ താരനിര അണിനിരന്ന സിദ്ധാർഥ് ആനന്ദ് ചിത്രം ജനുവരി 25ന് പുറത്തിറങ്ങിയപ്പോൾ മുതൽ വലിയ പ്രേക്ഷകപ്രീതിയാണു ലഭിക്കുന്നത്.
ഇതുവരെ നാനൂറു കോടിയോളം രൂപയാണ് പഠാന്റെ കലക്‌ഷൻ. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ബോളിവുഡിന്റെ തിരിച്ചുവരവായാണ് സിനിമാലോകം പഠാനെ കാണുന്നത്. തെന്നിന്ത്യൻ ചിത്രങ്ങളായ ബാഹുബലിയുടെയും കെ.ജി.എഫിന്റേയും നേട്ടത്തെ ഈ ചിത്രം മറികടക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Content Summary: Little girl says about film Pathaan and Shah Rukh Khan replies