വ്യത്യസ്തമായൊരു ഒരു ഡാൻസ് ചാലഞ്ച് വിഡിയോ വൈറലാകുകയാണ്. ‘നോ ടു ഡാൻസ് ചാലഞ്ച്’ എന്നതായിരുന്നു ഒരു അമ്മ തന്റെ കുട്ടികൾക്ക് നൽകിയ ചാലഞ്ച്. തകർപ്പൻ പാട്ട് വച്ചിട്ട് അനങ്ങാതെ, ഡാൻസ് കളിക്കാതെ നിൽക്കണം, അതാണ് സംഭവം. കയോറി ഹാൻസെൻ റൈറ്റ് എന്ന സ്ത്രീയാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. ഇവരുടെ അഞ്ച് മക്കളാണ് വിഡിയോയിലുള്ളത്. പാട്ട് പ്ലേ ചെയ്തിട്ട് ഈ കുരുന്നുകളോട് ഡാൻസ് ചെയ്യാതെ അടങ്ങി നിൽക്കാൻ പറയുകയാണ്. എന്നാൽ ഈ കുട്ടികളുടെ പ്രതികരണമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. “ചിലപ്പോൾ അത്താഴത്തിന് ശേഷം, ഞങ്ങളുടെ വീട്ടിൽ ഒരു അപ്രതീക്ഷിത ഡാൻസ് പാർട്ടി ഉണ്ട്. ഇന്ന് രാത്രി, ഡാൻസ് ചലഞ്ച് ചെയ്യാതിരിക്കാൻ ശ്രമിക്കൂ എന്ന ചാലഞ്ച് ഞാൻ കുട്ടികൾക്ക് നൽകി. ലിറ്റിൽ ടോമി ഹിറോ ഒരു പാർട്ടി രാജാവാണ്,” എന്ന കുറിപ്പോടെയാണ് കയോറി ഈ വിഡിയോ പങ്കുവച്ചത്.
പാട്ട് തുടങ്ങിയപ്പോൾ തന്നെ കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയുടെ നിയന്ത്രണം വിട്ടു. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്ക വച്ച് മിടുക്കാനായി നിന്ന കക്ഷി പതിയ ചുവടുവച്ചു തുടങ്ങി ഒടുവിൽ തൊപ്പിയും കൂളിങ് ഗ്ലാസുമൊക്ക അന്തരീക്ഷത്തിലേയ്ക്ക് പറപറന്നു. പതിയെ ഒരോരുത്തരായി, ആവേശം നിയന്ത്രിക്കാൻ കഴിയാതെ ഡാൻസോടു ഡാൻസായി. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ അഞ്ചുപേരും ഒരുമിച്ച് നൃത്തം ചെയ്യുന്നതും കാണാം. ഒടുവിൽ ‘നോ ടു ഡാൻസ് ചാലഞ്ച്’ തകർപ്പൻ ഡാൻസ് ചാലഞ്ച് ആയിമാറി. ഈ കുരുന്നുകളുടെ ‘നോ ടു ഡാൻസ് ചാലഞ്ച്’ സോഷ്യൽ ലോകവും ഏറ്റെടുത്തു. 'നൃത്തം ചെയ്യരുത് എന്ന വെല്ലുവിളി'യോടുള്ള അവരുടെ പ്രതികരണം മനോഹരമായിരുന്നു. 1.5 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വിഡിയോയ്ക്ക്.
Content Summary : Five kids trying ‘Not To Dance’ challenge - Viral Video