ADVERTISEMENT

തന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയ നഷ്ടമായതിലുള്ള  സങ്കടമറിയിച്ചാണ് അഞ്ചാം ക്ലാസുകാരി അസ്ന സ്കൂളിലെ "ആഗ്രഹപ്പെട്ടി"യിൽ ഒരു കത്തെഴുതിയിട്ടത്.  അസ്നയുടെ ഈ വലിയ ആഗ്രഹം അറിഞ്ഞ സ്കൂൾ അധികൃതർ അസ്നയുടെ ‘കുഞ്ഞാറ്റ’ എന്ന ആടിന് പകരം ഒരു ആട്ടിൻ കുട്ടിയെ സമ്മാനിച്ചിരുന്നു. അസ്നയുടെ  ആഗ്രഹം സാധിച്ചുകൊടുത്ത സ്കൂളിലെ എല്ലാവർക്കും അഭിന്ദനവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.      

 

 അസ്നയുടെ കത്ത്

 

‘എന്റെ പേര് അസ്ന ഫാത്തിമ. ഞാൻ 5 ൽ പഠിക്കുന്നു. എനിക്ക് ഒരു ആട്ടിൻകുട്ടി ഉണ്ടായിരുന്നു. എനിക്ക്  ആട്ടിൻകുട്ടി വളരെ ഇഷ്ടമായിരുന്നു. കുഞ്ഞാറ്റ എന്നാണ് പേര്. എന്റെ വാപ്പയ്ക്ക് അസുഖം വന്ന് പൈസയ്ക്ക് ആവശ്യം വന്നപ്പോൾ ആട് വിൽക്കേണ്ടി വന്നു. കുഞ്ഞാറ്റയെ വിറ്റപ്പോള്‍ എനിക്ക് വളരെ വിഷമം ആയി. ഇപ്പോഴത്തെ ആഗ്രഹം ആട്ടിൻകുട്ടിയെ വാങ്ങണമെന്നുള്ളതാണ്. അതിന് എന്റെ വാപ്പയുടെ കയ്യിൽ പൈസയില്ല. എന്റെ ആഗ്രഹം മാജിക് പെട്ടിയോട് പറയുന്നു.’

 

 

വിദ്യാഭ്യാസ മന്ത്രി  പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ട അസ്ന മോൾ,

അഞ്ചാം ക്ലാസ്,

ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂൾ,

 

ഇടിഞ്ഞാർ സ്കൂളിലെ ‘ആഗ്രഹപ്പെട്ടി’യിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് അപ്പൂപ്പനും വായിച്ചു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ ‘ആഗ്രഹപ്പെട്ടി’ എന്നത് കനിവാർന്ന ഒരു ആശയമാണ്.

വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ.

സ്നേഹത്തോടെ

അപ്പൂപ്പൻ

 

Content Summary : Miinister V Sivankutty share a touching story of little girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com