ADVERTISEMENT

കളിക്കുന്ന കളിയെക്കുറിച്ചു വ്യക്തമായ ധാരണ, ടീമുകളുടെ പക്ഷം പിടിക്കാതെ നിക്ഷ്പക്ഷമായി കളി നിയന്ത്രിക്കുക. ഇതുരണ്ടുമാണ് ഒരു റഫറി അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ. ഈ രണ്ടു കാര്യങ്ങളും വ്യക്തമായി മനസിലാക്കി, എന്നാൽ ഏറെ രസകരമായ ശൈലിയിൽ കളി നിയന്ത്രിക്കുന്ന ഒരു കുഞ്ഞു റഫറിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ബാസ്‌കറ്റ്ബോൾ കോർട്ടിലെ കളിക്കാർക്കുമപ്പുറത്തേയ്‌ക്ക്‌ തന്റേതായ ശൈലിയിൽ കളി നിയന്ത്രിച്ച സേഥ് ടാറ്റെ എന്ന ഒമ്പതു വയസുകാരന് കൈയടിക്കുകയാണ് സോഷ്യൽ ലോകമിപ്പോൾ. കരങ്ങൾകൊണ്ട് ചടുലമായും വിസിൽ ശബ്ദങ്ങളിലൂടെയുമാണ് സേഥ് കളിക്കാരെ നിയന്ത്രിക്കുന്നത്. ടിക് ടോക്കിലൂടെ പുറത്തുവന്ന ഈ വിഡിയോ പകർത്തിയിരിക്കുന്നത് സേഥ് ടാറ്റെയുടെ സഹോദരനായ ഇസായെ ടാറ്റെയാണ്. 

 

ആ ഒമ്പതു വയസുകാരന്റെ വിഡിയോ ഇതുവരെ 1.2 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. വടക്കേ അമേരിക്കയിലെ പ്രൊഫഷണൽ ബാസ്‌കറ്റ്‌ബോൾ ലീഗ് ആയ എൻ ബി എ ( നാഷണൽ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ ) ഇവനെ ഏറ്റെടുക്കുമോ? എന്ന അടിക്കുറിപ്പോടെയാണ്‌ വിഡിയോ പ്രചരിക്കുന്നത്. സേഥിന്റെ റഫറീയിങ് കാഴ്ചക്കാരിൽ നിരവധിപ്പേരെ എന്നതിന്റെ തെളിവാണ് വിഡിയോയ്ക്ക് താഴെയുള്ള കമെന്റുകൾ. ''അവന്റെ പ്രകടനം ആ മത്സരത്തെ തന്നെ വേറെ തലങ്ങളിലേക്ക് എത്തിച്ചു, ഉത്സാഹം, ഊർജം, മികവ് ". എന്ന് കാർല ആൻഡ്രൂസ് എന്ന വ്യക്തി അഭിപ്രായപ്പെട്ടപ്പോൾ എൻ ബി എ യുടെ മത്സരങ്ങൾ നിയന്ത്രിക്കാൻ ഉടനടി ഇവനെ വേണമെന്നാണ് മറ്റൊരാൾ കുറിച്ചത്. അവന്റെ റഫറിയിങ് കാണുന്നതിന് വേണ്ടി മാത്രം ആ മത്സരങ്ങൾ കാണുവാൻ പോകുമെന്നും ഏറെ രസിപ്പിക്കുകയും മതിപ്പുളവാക്കുകയും ചെയ്തുവെന്നും ആ വിഡിയോയ്ക്കു താഴെ കമെന്റ് ചെയ്തവർ നിരവധിയാണ്. 

 

അഭിനന്ദന പ്രവാഹത്തിൽ മുങ്ങി നിൽക്കുമ്പോൾ, സേഥ് ടാറ്റെ ആരെയും നിരാശരാക്കുന്നില്ല. മുതിരുമ്പോൾ തനിക്ക് എൻ ബി എ യിലെ ഒരു റഫറി ആകണമെന്നു തന്നെയാണ് ആഗ്രഹമെന്ന് ഈ കൊച്ചുമിടുക്കൻ പറഞ്ഞു. വൈറൽ  വിഡിയോയെ കുറിച്ച് പരിപാടിയിൽ സംസാരിക്കവെ  മൂന്ന് വയസുമുതൽ തന്നെ, സേഥ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയിരുന്നുവെന്നു സഹോദരൻ ഇസായെ വ്യക്തമാക്കി. ''ഒരേസമയം ആകർഷകവും രസകരവുമാണ് അവന്റെ റഫറിയിങ് ശൈലി, അതുകൊണ്ടാണ് വിഡിയോ റെക്കോർഡ് ചെയ്തത്''. സഹോദരന് എങ്ങനെ കളി നിയന്ത്രിക്കുന്നതിൽ ഇത്രയധികം പാടവം കൈവന്നു എന്നതിനെ കുറിച്ചും ആ പരിപാടിയിൽ ഇസായെ പറയുകയുണ്ടായി. 

 

''സേഥ് ഉൾപ്പെടെ എനിക്ക് മൂന്നു സഹോദരങ്ങളാണുള്ളത്. ഞങ്ങളെല്ലാരും തന്നെ ബാസ്കറ്റ് ബോൾ കളിക്കുന്നവരാണ്. ഞങ്ങൾ കളിക്കുമ്പോൾ അവൻ കളി സാകൂതം വീക്ഷിക്കുമായിരുന്നു. എന്നാൽ കളിക്കുന്നതിനേക്കാൾ അത് നിയന്ത്രിക്കുന്നതിലായിരുന്നു താല്പര്യം. കോവിഡ് സമയത്ത് ഞങ്ങൾ സഹോദരങ്ങൾ വീട്ടിൽ ബാസ്കറ്റ് ബോൾ കളിക്കുമായിരുന്നു. ആ സമയത്തു റഫറി ആകുന്നതായിരുന്നു അവന് താല്പര്യം''. എന്നാൽ ആദ്യസമയങ്ങളിൽ അവർ മൂവരും തന്നെ ഏറെ വെള്ളം കുടിപ്പിച്ചെന്നും പിന്നീട് താൻ തന്റെ പാതയിലൂടെ കളി നിയന്ത്രിച്ചു തുടങ്ങുകയുമായിരുന്നുവെന്നു സേഥും വ്യക്തമാക്കുന്നു. ഇപ്പോഴും എല്ലാ ദിവസവും മുടങ്ങാതെ ബാസ്കറ്റ് ബോൾ കളിക്കും, അപ്പോഴെല്ലാം സേഥ് തന്നെയാണ് റഫറി. ഇന്ന് അവൻ അറിയപ്പെടാൻ ഇടയാക്കിയത് ആ ബാസ്കറ്റ് ബോൾ കളി കാരണമാണെന്നും ഇസായെ അഭിപ്രായപ്പെടുന്നു. 

 

ജനന സമയത്തു ധാരാളം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ട വന്ന ഒരു കുഞ്ഞായിരുന്നു സേഥ്. വളർച്ചയെത്തുന്നതിനും നാല്  മാസം മുൻപ് തന്നെ ജനിക്കുകയും ധാരാളം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ ഈ കാലയളവിൽ അവന് കഴിഞ്ഞു. ''സേഥ് നിർഭയനും താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയില്ലാത്തവനുമാണ്. തനിക്ക് ഏറെ തൃപ്തി നൽകുന്ന രീതിയിൽ മാത്രമേ അവൻ കാര്യങ്ങൾ ചെയ്യാറുള്ളു. എന്നാൽ ഇപ്പോൾ അവൻ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു''. വൈറൽ വിഡിയോയെ കുറിച്ചും സഹോദരനെ കുറിച്ചും  ഇസായെ ടാറ്റെ പറഞ്ഞു വെയ്ക്കുന്നത് ഇത്രമാത്രം.

 

Content Summary : Little boy's incredible refereeing skill- Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com