ADVERTISEMENT

പുതിയതായി ലഭിച്ച കണ്ണട, ഏറെ പ്രിയപ്പെട്ടവരെ  ആദ്യമായി അതിലൂടെ കാണുന്നു...ആരുടെ കണ്ണുകളാണ് നിറയാതെയിരിക്കുക അല്ലേ? സന്തോഷം നിറഞ്ഞ ആ കണ്ണുനീരിൽ അത്രയും കാലത്തെ ഇരുട്ട് മുഴുവൻ ഒഴുകി പോയി പകരം നിറങ്ങൾ വന്നു നിറയും. ഈ മനോഹര കാഴ്ചയ്ക്കു സാക്ഷിയാകുന്നവർക്കും ആഹ്ളാദ നിമിഷം തന്നെയാണത്. അത്തരമൊരു വിഡിയോയാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നവരുടെ ഹൃദയം കവരുന്നത്. 

 

കാഴ്ച വ്യക്തമല്ലാതിരുന്ന ഒരു കുഞ്ഞിന് പുതിയ കണ്ണട ലഭിക്കുകയും ആദ്യമായി അതിലൂടെ തന്റെ മാതാപിതാക്കളെ കാണുകയും ചെയ്യുകയാണ് അവൻ. ആ കുഞ്ഞുകണ്ണുകളിൽ മാത്രമല്ല, അവരുടെ കണ്ണുകളിലും സന്തോഷാശ്രുക്കൾ നിറയുന്നുണ്ട്. രണ്ടു വയസുള്ള ഹണ്ടർ റയാൻ എന്ന ബാലനാണ് വിഡിയോയിലെ താരം. അത്ഭുതത്തോടെയാണ് കണ്ണട ധരിച്ചതിന് ശേഷം അവൻ ചുറ്റുപാടും വീക്ഷിക്കുന്നത്. മാതാപിതാക്കളെ കാണുമ്പോൾ ആഹ്‌ളാദത്തിനൊപ്പം തന്നെ ആ കണ്ണുകൾ നിറയുകയും ചെയ്യുന്നു.  പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷം കുഞ്ഞ് ഹണ്ടറിന്റെ മുഖത്തുണ്ട്. 

 

പുതിയ കണ്ണട ധരിച്ചിരിക്കുന്ന അവനോട് 'പിതാവിനെ കാണാൻ കഴിയുന്നുണ്ടോ' എന്ന് അമ്മ ചോദിക്കുമ്പോൾ 'ഉണ്ട്'  എന്ന് അവൻ പുഞ്ചിരിയോടെ മറുപടി പറയുന്നു. ഇതേറെ പ്രത്യേകതയുള്ള ഒരു നിമിഷമാണെന്നും എന്റെ ഹൃദയം നിറയുന്നു എന്നുമാണ് ഹണ്ടറിന്റെ മാതാവ് ആ കുഞ്ഞിന്റെ സന്തോഷത്തിനൊപ്പം ചേർന്ന് പ്രതികരിച്ചത്. ''അവൻ കണ്ണട ധരിച്ചതിനുശേഷം കണ്ണാടിയിൽ നോക്കി, പിന്നെ തിരിഞ്ഞ് എന്നെയും, അവന്റെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു, ഞാനും കരഞ്ഞു''. ആ സന്തോഷ നിമിഷത്തെ കുറിച്ചു ആ മാതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. 

 

''അടഞ്ഞുപോയ കണ്ണുനീർ ധമനിയാണ് ഹണ്ടറിന്റെ കാഴ്ചയെ തടസപ്പെടുത്തിയിരുന്നത്. ആദ്യത്തെ ശസ്ത്രക്രിയ പരാജയപ്പെട്ടതിനു ശേഷം, ഡോക്ടറുടെ നിർദേശപ്രകാരമാണ് കണ്ണട ഉപയോഗിക്കാൻ തുടങ്ങുന്നത്. കാഴ്ച്ചയിൽ വലിയ വ്യത്യാസം വരുത്താൻ കണ്ണട കൊണ്ട് സാധിക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആ നിർദേശങ്ങൾ തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു'' ഹണ്ടറിന്റെ പിതാവ് വിക്റ്റർ റയാൻ പറയുന്നു. ഹണ്ടറിനിപ്പോൾ കാഴ്ചകൾ വളരെ വ്യക്തമാണ്. മരങ്ങൾ, പക്ഷികൾ, പൂക്കൾ, പരുസ്തകങ്ങൾ തുടങ്ങി എല്ലാം തന്നെയും മികച്ചരീതിയിൽ കാണാൻ കഴിയും. 

 

സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെട്ട വിഡിയോ രണ്ടുദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. ''രണ്ടര വർഷത്തിനുശേഷം ഈ ലോകത്തെ കാഴ്ചകൾ വ്യക്തമായി കാണുന്നു. അവനൊപ്പം തന്നെ എല്ലാവരെയും കണ്ണീരിലാഴ്ത്തുന്നു''. ഈ തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിന് പേരാണ് വിഡിയോയ്ക്ക് താഴെ സ്നേഹവും കരുതലും നിറഞ്ഞ കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതിലൊരാൾ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ''എനിക്ക് തോന്നുന്നത് അവൻ തന്റെ മാതാപിതാക്കളുടെ മുഖം അന്നാണ് ആദ്യമായി കാണുന്നതെന്നാണ്, അതുകൊണ്ടാണ് അവന്റെ കണ്ണുകൾ നിറയുന്നത്,  ''എനിക്ക് കരച്ചിൽ നിർത്താൻ കഴിയുന്നില്ല. നമ്മൾ പലപ്പോഴും ഇത്തരം കാര്യങ്ങൾ നിസാരമായാണ് എടുക്കുന്നത്. എന്റെ മകനും കാഴ്ചകൾ വ്യക്തമായിരുന്നില്ല, അവന് ആദ്യമായി കണ്ണട ലഭിച്ച ദിവസം ഞാൻ ഒരിക്കലും മറക്കുകയില്ല''. മറ്റൊരാൾ ഹൃദയത്തെ തൊടുന്ന പോലെ തന്റെ അനുഭവങ്ങളും ഓർമകളും ചേർത്താണ്‌ വാക്കുകൾ കുറിച്ചിട്ടത്. ''ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയെ ആദ്യമായി കാണുന്ന നിമിഷം സങ്കൽപ്പിക്കാൻ കഴിയുമോ? എന്തൊരു മനോഹരമായ മുഹൂർത്തമായിരിക്കുമല്ലേയത്?'' വിഡിയോയ്ക്ക് താഴെ ഒരു വ്യക്തി ഇങ്ങനെ എഴുതി. വിഡിയോ കണ്ടവjd] ഹണ്ടറിനെ സ്നേഹം കൊണ്ട് പൊതിയുകയാണ്. 

Content Summary : Little boy wearing glasses and seeing his parents for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com