ADVERTISEMENT

സ്കൂളുകൾ അടക്കുകയും മധ്യവേനലവധിക്കാലം ആരംഭിക്കുകയും ചെയ്തു. അവധി തുടങ്ങിയ ആദ്യ ദിവസങ്ങളെല്ലാം ആഹ്ളാദവും ആവേശവും നിറഞ്ഞതായിരുന്നു. പക്ഷേ, പതിയെ പതിയെ കുട്ടികൾ വീട്ടിലിരിപ്പിൽ മുഷിഞ്ഞു തുടങ്ങും. മാതാപിതാക്കൾ ജോലിക്കു കൂടി പോകുകയാണെങ്കിൽ പറയുകയും വേണ്ട, ഫ്ലാറ്റുകളിലും വീടുകളിലുമൊക്കെ അവർ ഒറ്റപ്പെടും. ടെലിവിഷനും മൊബൈൽ ഫോണും വിഡിയോ ഗെയിമുമൊക്കെ മടുത്തു തുടങ്ങും. അവധിക്കാലം പ്രമാണിച്ചു ആരംഭിക്കുന്ന ക്ലാസുകളിൽ മാറി മാറി ചേർക്കുമെങ്കിലും പിന്നെയും സമയം ബാക്കിയാകും. അന്നേരങ്ങളിൽ വിരസത മാറ്റാൻ എന്ത് ചെയ്യും? ആ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള കുറച്ചു മിടുക്കന്മാർ. സോഷ്യൽ ലോകം ഇവരുടെ പ്രവർത്തിയ്ക്ക് ഇപ്പോൾ കയ്യടിക്കുകയാണ്. 

 

ആയുഷി കുച്ച്റൂ എന്ന വ്യക്തിയാണ് ആ കുട്ടികളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പലതരത്തിലും രുചികളിലുമുള്ള നാരങ്ങാവെള്ളം സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കി വിതരണം നടത്തുകയാണ് കുട്ടികൾ. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ ധാരാളം പേരാണ് അഭിനന്ദനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. വളരെ സാധാരണമെന്നു തോന്നുമെങ്കിലും ചെറുപ്രായത്തിലെ തന്നെയുള്ള അവരുടെ സംരംഭത്തിനും ഉല്പാദനപരമായ കാര്യങ്ങൾ ചെയ്യുന്നതിന് തയാറായി മുന്നോട്ടു വന്നതിനെയും പ്രശംസകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. 

 

ബെംഗളൂരു ഇന്ദിരാനഗറിൽ ചെന്നാൽ ഈ കുട്ടിക്കൂട്ടം നാരങ്ങാവെള്ളം വിൽക്കുന്നത് കാണാം. പഠനത്തിനായി ഉപയോഗിക്കുന്ന മേശയുടെ മുകളിലായാണ് തങ്ങളുടെ പാനീയവും അതിനുപയോഗിക്കുന്ന വസ്തുക്കളും നിരത്തി വെച്ചിരിക്കുന്നത്. വ്യത്യസ്ത രുചികളിലുള്ള നാരങ്ങാവെള്ളം ഇവിടെ ലഭ്യമാണ്. വൈറ്റ് ഷുഗർ, ബ്രൗൺ ഷുഗർ, ഉപ്പ് തുടങ്ങിയവ ചേർത്ത് തയാറാക്കുന്ന വിവിധ രുചികളിലുള്ള നാരങ്ങാവെള്ളം ആവശ്യക്കാർക്ക് അപ്പോൾ തന്നെ ഉണ്ടാക്കി നൽകും. എത്ര രൂപയാണ് ഓരോന്നിനും എന്ന് സൂചിപ്പിക്കുന്ന കൈപ്പടയിലെഴുതിയ ബാനറും പ്രദർശിപ്പിച്ചിട്ടുണ്ട്. ഐസിട്ടു തണുപ്പിച്ചു നൽകുന്നതിന് അഞ്ചുരൂപ കൂടുതൽ നൽകണം. അല്ലാതെയുള്ളതിനു അഞ്ചു രൂപ കുറവുമുണ്ട്. കിട്ടുന്ന പണം സൂക്ഷിക്കുന്നതിനായി ഒരു ബോക്‌സും അവരുടെ കൈവശമുണ്ട്. കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടു ആയുഷി കുച്ച്റൂ കുറിച്ചതിപ്രകാരമാണ് '' എന്റെ ഇന്നത്തെ ദിവസത്തെ ധന്യമാക്കിയത് ഇന്ദിരാനഗറിലെ തെരുവിൽ നാരങ്ങാവെള്ളം വിൽക്കുന്ന ഈ കൊച്ചുകച്ചവടക്കാരാണ്. കച്ചവടം എന്ന കല എന്തെന്ന് കൃത്യമായി മനസിലാക്കാൻ പറ്റുന്ന പ്രായമിതാണ്.''.    സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങൾക്ക് വളരെപ്പെട്ടെന്നാണ് സ്വീകാര്യത ലഭിച്ചത്. ധാരാളം പേർ കുട്ടികളുടെ സംരംഭത്തെ അഭിനന്ദിച്ചുകൊണ്ടു രംഗത്തുവരികയും ചിത്രങ്ങൾക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

 

Content Summary : Bengaluru kids selling lemonade on the streets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com