മക്കളുടെ ദേഹത്ത് ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അറിഞ്ഞപാടെ കുട്ടികളുടെ ദേഹത്ത് ടാറ്റൂ അടിച്ച അത്രയും ഭാഗത്തെ ചര്‍മ്മം ഇരുവരും ചേര്‍ന്ന് മുറിച്ചുമാറ്റി. നാരങ്ങാനീര് കൊണ്ട് ശരീരത്തില്‍ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെയാണ് ചര്‍മ്മം മുറിച്ചുമാറ്റിയത്.
അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളെ കെട്ടിയിട്ടാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റൂ അടിച്ചത്. ഒരാളുടെ തോളിലും മറ്റേയാളുടെ കയ്യിലുമായിരുന്നു ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയില്‍പെട്ടതോടെ ഇവരുടെ അച്ഛനും രണ്ടാനമ്മയുമാണ് സംഭവം ശിശു സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സി.പി.എസില്‍ (ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ്) അറിയിച്ചത്.
പരാതി ലഭിച്ചതറിഞ്ഞതോടെയാണ് പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനുമായി കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയത്. കുട്ടികളെ മുറിവേല്‍പ്പിച്ചതിനും അനധികൃതമായി തടഞ്ഞുവെച്ചതിനുമടക്കം കേസെടുത്താണ് അമ്മയേയും രണ്ടാനച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Summary : Couple arrested for tattooing their children and then cut skin to remove it