വർണങ്ങൾ വിസ്മയം തീർത്ത ഒരു പിറന്നാൾ ആഘോഷം, നിറങ്ങളുടെ മേളം തന്നെയായിരുന്നു നോക്കുന്ന എല്ലായിടങ്ങളിലും. പച്ചയും മഞ്ഞയും ചുവപ്പും വയലറ്റും മജന്തയും ബലൂണുകൾ കൊണ്ട് തീർത്ത കമാനങ്ങളിലൂടെ അവൻ നിറങ്ങൾ നിറച്ച ഉടുപ്പുമിട്ടു കടന്നു വന്നു. കേക്ക് മുറിച്ചു, പിതാവിനൊപ്പം നിന്ന് നൃത്തം ചെയ്തു....മകൻ ഒർഹാന് വേണ്ടി സൗബിൻ തീർത്ത വർണജാലം അതിഥികളായി എത്തിയവരെ മാത്രമല്ല, സോഷ്യൽ ലോകത്തെയും കീഴടക്കി കളഞ്ഞു. അത്രയേറെ മനോഹരമായിരുന്നു ആ ആഘോഷങ്ങളും പങ്കുവെയ്ക്കപ്പെട്ട കുഞ്ഞ് ഒർഹാന്റെ ചിത്രങ്ങളും.

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ മകന്റെ നാലാം ജന്മദിനം. പാർക്കിന്റെ തീമിലാണ് കേക്കും സ്റ്റേജുമൊക്കെ അലങ്കരിച്ചിരുന്നത്. വിവിധ നിറങ്ങളുടെ ഒരു മായാലോകം തന്നെയാണ് മകനായി സൗബിൻ ഒരുക്കിയത്. താരകുടുംബം അണിഞ്ഞ വസ്ത്രങ്ങൾ പോലും ആ ഒരു തീമിനു അനുയോജ്യമായ തരത്തിലുള്ളതായിരുന്നു. ഒർഹാന്റെ കടന്നു വരവും നൃത്തവുമൊക്കെ ആരെയും ആകർഷിക്കും. കേക്ക് മുറിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോ മാത്രമല്ല, മകന്റെ നിരവധി ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഭാര്യയും മകളുമൊക്കെ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് സൗബിനൊപ്പമുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പ്രശസ്തരടക്കം നിരവധിപേരാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. അപ്പന്റെ കോപ്പി ആണല്ലോ മകൻ, മകന്റെ കോസ്റ്യൂം പൊളി തുടങ്ങി ചിത്രങ്ങൾക്ക് താഴെ ധാരാളം കമെന്റുകളുമുണ്ട്.
Content Summary : Soubin Celebrate his Son 4 th Birthday