ADVERTISEMENT

ചെറുപ്രായത്തിൽ തന്നെ റെക്കോർഡ് ബുക്കുകളിൽ തന്റെ പേരെഴുതി ചേർത്ത ഒരു കൊച്ചുമിടുക്കി. അവൾക്കു മുമ്പിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് മാത്രമല്ല, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് വരെ മുട്ടുകുത്തി. മൂന്നു വയസിൽ തന്റെ പേര് വന്ന റെക്കോർഡ് ബുക്കുകളിൽ ഇന്നും അവൾ പുതിയവ കൂട്ടി ചേർത്തുകൊണ്ടിരിക്കുന്നു. അബിഗെയ്ൽ ആശിഷ് അതാണ് അവളുടെ പേര്. മാതാപിതാക്കൾക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ അഭിമാനമായ ബാലിക. 

 

2017 സെപ്തംബർ 21 നു ന്യൂഡൽഹിയിലാണ് അബിഗെയ്ൽ ജനിച്ചത്. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ, ആ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ, ആഴ്ചയിലെ ഏഴു ദിവസങ്ങൾ, സ്വരാക്ഷരങ്ങൾ, മഴവില്ലിന്റെ ഏഴു നിറങ്ങൾ, മനുഷ്യശരീരത്തിലെ അഞ്ച് പ്രധാന അവയവങ്ങൾ, ആറു പച്ചക്കറികൾ, ഏഴു പഴങ്ങൾ, എട്ടു മൃഗങ്ങൾ തുടങ്ങിയവയുടെ പേരുകൾ തെറ്റില്ലാതെ ഓർത്തുപറഞ്ഞാണ് അബിഗെയ്ൽ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്വന്തം പേര് ചേർത്തത്. 2021 ഫെബ്രുവരിയിൽ റെക്കോർഡ് ബുക്കിൽ പേര് വരുമ്പോൾ ആ മിടുക്കിയ്ക്കു പ്രായം മൂന്നു വയസും നാല് മാസവുമായിരുന്നു. തുടർന്ന്, ഇന്ത്യാസ് വേൾഡ് റെക്കോർഡ്‌സ് ബുക്കിലും യൂണിക് വേൾഡ് റെക്കോർഡ്സിലും തന്റെ നേട്ടങ്ങൾ ആവർത്തിക്കാൻ അബിഗെയ്‌ലിനു കഴിഞ്ഞു. 

 

ഇന്ത്യയാസ് വേൾഡ് റെക്കോർഡ്സിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി ആ ബാലിക ഹൃദിസ്ഥമാക്കിയത് ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കൂടെ ഓരോ അക്ഷരത്തിലും ആരംഭിക്കുന്ന മൂന്നു വാക്കുകളുമാണ്. മൂന്നു മിനിറ്റ് മുപ്പത്തിയഞ്ചു സെക്കന്റിനുള്ളിൽ ഇതെല്ലാം പറഞ്ഞാണ് അബിഗെയ്ൽ അത്ഭുതമായത്. അതിനെ തുടർന്ന് പ്രൊഫൈൽ ഓഫ് ഇന്റർനാഷണൽ ടാലെന്റ്സ് ആൻഡ് ഇന്റെലെക്ച്വൽസിൽ ആജീവനാന്ത അംഗത്വം നേടുകയും ചെയ്തു. യൂണിക് വേൾഡ് റെക്കോർഡ്സിലും മേല്പറഞ്ഞ കാര്യങ്ങൾ മൂന്നു മിനിറ്റ്, അഞ്ചു സെക്കന്റിനുള്ളിൽ പറഞ്ഞു റെക്കോർഡ് ബുക്കിൽ സ്ഥാനം നേടാൻ ആ മിടുക്കിയ്ക്കു കഴിഞ്ഞു. മൂന്നു വയസും ഒമ്പതു മാസവും പ്രായമുള്ളപ്പോഴായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.

 

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും തന്റെ അറിവുകൾ പങ്കുവെച്ചുകൊണ്ടു വിസ്മയമാകാൻ അബിഗെയ്‌ലിനു സാധിച്ചു. അന്ന് 'സൂപ്പർ ടാലന്റഡ് കിഡ്സ്' വിഭാഗത്തിലായിരുന്നു  പ്രകടനം. തന്റെ പേര്, വയസ്, ഏതു രാജ്യത്തിൽ നിന്നാണ് വരുന്നത്, ഡൽഹിയിലാണ് താമസം, നരേന്ദ്ര മോദിയാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി തുടങ്ങിയ കാര്യങ്ങളെല്ലാം ആമുഖമായി പറഞ്ഞു കൊണ്ടാണ് അവൾ അറിവുകൾ പങ്കുവെച്ചത്. രാജ്യത്തെ 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയും അവൾ അന്ന് ഓർത്തെടുത്തു പറഞ്ഞു. അപ്പോൾ അബിഗെയ്‌ലിനു പ്രായം മൂന്ന് വയസും ഒമ്പതു മാസവുമായിരുന്നു. 

 

ഇപ്പോൾ ഒന്നാം തരത്തിൽ പഠിക്കുന്ന ആ കൊച്ചുമിടുക്കി സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും തന്റെ പ്രാധിനിധ്യം ഉറപ്പാക്കാറുണ്ട്. സ്കൂളിലെ റിപ്പബ്ലിക്ക് ദിന, സ്വതന്ത്ര ദിന ആഘോഷങ്ങളിലെല്ലാം തന്നെ അബിഗെയ്ൽ പ്രസംഗങ്ങൾ അവതരിപ്പിക്കാറുണ്ട്.

 

Content Summary :  Three year old child prodigy Abaigail Asish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com