സ്കൂൾ വിട്ടു പോകുന്ന വഴിയാണ് ആ ബാലൻ ഓവുചാലിലൂടെ വെള്ളം പോകാത്തത് ശ്രദ്ധിക്കുന്നത്. തന്റെ സൈക്കിളിൽ നിന്നും ഇറങ്ങി കുറച്ചു നിമിഷം അത് നോക്കി നിന്നതിനു ശേഷം, അവിടെ കൂടി കിടന്ന അഴുക്കുകളെല്ലാം അവൻ സ്വന്തം കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നു. കെട്ടിക്കിടന്ന ജലം ആ അഴുക്കുചാലിലൂടെ തടസങ്ങളില്ലാതെ പോകുന്നത് വരെ അവൻ തന്റെ പ്രവൃത്തി തുടരുന്നുണ്ട്. അതിനുശേഷം തന്റെ സൈക്കിൾ എടുത്തു ഓടിച്ചു പോകുന്നു. അവന്റെ ആ പ്രവർത്തി ആര് വിഡിയോയായി പകർത്തി എന്നത് വ്യക്തമല്ലെങ്കിലും അവന്റെ ചെയ്തിയെ മനസറിഞ്ഞു അഭിനന്ദിക്കുകയാണ് സോഷ്യൽ ലോകം.
വിദ്യാഭ്യാസം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? നന്നായി ചിന്തിക്കുക, പ്രവർത്തിക്കുക, സംസാരിക്കുക എന്നൊക്കെയാകും ഉത്തരം. അത്തരത്തിൽ നല്ല വിദ്യാഭ്യാസം ലഭിച്ച ഒരു ബാലന്റെ പ്രവർത്തിയ്ക്കു കയ്യടിക്കുകയാണ് സോഷ്യൽ ലോകം. മഴ പെയ്ത്, വെള്ളം കെട്ടി നിന്ന ഒരു അഴുക്കുചാൽ വൃത്തിയാക്കിയാണ് ആ മിടുക്കൻ സമൂഹ മാധ്യമങ്ങളിൽ നിന്നും കയ്യടി നേടുന്നത്. വിഡിയോ പങ്കുവെച്ചതോ അവനിഷ് ശരൺ എന്ന ഐ എ എസ് ഓഫീസറും.
വിദ്യാഭ്യാസം എന്ന തലക്കെട്ടിൽ ഒരു ഹൃദയ ചിഹ്നം കൂടി ചേർത്താണ് അവനിഷ് ശരൺ വിഡിയോ പങ്കുവെച്ചത്. ധാരാളം പേർ വിഡിയോയ്ക്കു താഴെ കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ''ഇന്ത്യയുടെ ഭാവി'', ''യഥാർത്ഥ ഇന്ത്യൻ'' ,''മൂല്യമെന്നത് ആരും കാണാതെയിരിക്കുമ്പോൾ മഹത്തായ കാര്യങ്ങൾ ചെയ്യുക'' എന്ന് തുടങ്ങുന്ന ധാരാളം കമെന്റുകൾ കൊണ്ട് സമ്പന്നമാണ് വിഡിയോ. ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിട്ട വിഡിയോ ഇതിനകം തന്നെ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
Content Summary : Little boy clearing roadside drain - Viral video