ADVERTISEMENT

ദേവിയെന്നു ഔദ്യോഗികമായി അറിയപ്പെടുന്ന തന്റെ മകളെ സ്നേഹത്തോടെ ലാളിച്ചു വിളിക്കാൻ ഒരു ഓമനപ്പേര് വേണം. ആവശ്യം ബോളിവുഡിലെ സ്വപ്നസുന്ദരി ബിപാഷ ബസുവിന്റേതായിരുന്നു. ആവശ്യമറിഞ്ഞ ബിപാഷയുടെ മാതാവ് തന്നെ തന്റെ ചെറുമകൾക്കു ഏറ്റവും അനുയോജ്യമായ പേര് കണ്ടെത്തി. ദേവിയുടെ മുത്തശ്ശി മംമ്‌ത ബസു ആണ് ബിപാഷയുടെ ആവശ്യം പരിഗണിച്ചു തന്റെ ചെറുമകൾക്ക് മിഷ്‌ടി എന്ന ഓമനപ്പേരിട്ടത്. മകളെ ആ പേരിൽ വിളിക്കാൻ തുടങ്ങിയെന്നും അവളുടെ മുമൂ മാ ആണ് അവൾക്കു ആ പേരിട്ടതെന്നുമൊക്കെ സൂചിപ്പിക്കുന്ന ഒരു കുറിപ്പും ദേവിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളടങ്ങിയ മനോഹരമായ ഒരു വിഡിയോയും ബിപാഷ ഇൻസ്റാഗ്രാമിലൂടെ തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചിട്ടുണ്ട്.

 

ബോളിവുഡിലെ സൂപ്പർ താരമായിരുന്ന ബിപാഷ ബസുവിനു മകൾ ജനിച്ചിട്ട് അധികം നാളുകളായില്ല. മകളുടെ ചിത്രങ്ങളും അവളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ബിപാഷ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ താരപുത്രിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് ബിപാഷ ദേവിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അവളെ മിഷ്‌ടി എന്ന ഓമനപ്പേരിട്ടു വിളിക്കാൻ തുടങ്ങിയെന്നു വെളിപ്പെടുത്തിയത്. മകൾ ചിരിക്കുകയും ചുംബനം നല്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങൾ മിഷ്‌ടി എന്ന പേര് പോലെ തന്നെ മധുരതരമാണെന്നാണ് ആരാധകരുടെ പക്ഷം. ആ പേര് അവൾക്കു ഏറെ യോജിക്കുന്നുണ്ടെന്നു കുറിപ്പിൽ ബിപാഷയും പറയുന്നുണ്ട്.  മലൈക അറോറ അടക്കമുള്ള പ്രശസ്ത താരങ്ങൾ ആ വിഡിയോയ്ക്കു താഴെ ചുവന്ന ഹൃദയ ചിഹ്‌നം കമെന്റായി രേഖപ്പെടുത്തിയിരുന്നു. 

 

കഴിഞ്ഞ വർഷം നവംബർ 12 നാണ് ബിപാഷയ്ക്കും കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്. ''ഞങ്ങളുടെ ഹൃദയത്തിനു ആറു മാസം പ്രായമായി...ദേവി'' എന്ന ക്യാപ്ഷനോടെ മകൾ ജനിച്ചു, ആറുമാസം പൂർത്തിയായ വേളയിലെ ആഘോഷത്തിന്റെ ചിത്രവും ഒരു കുറിപ്പും ബിപാഷ പങ്കുവെച്ചിരുന്നു. കരൺ സിങ് ഗ്രോവർ മകളെ കൈകളിൽ എടുത്തിരിക്കുന്ന ആ ചിത്രത്തിന് താഴെ ആശംസകളും സമ്മാനങ്ങളും സ്നേഹവും നൽകിയ എല്ലാവർക്കും നന്ദി എന്നുമെഴുതിയിരുന്നു. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള യാത്രകൾക്ക് വേണ്ടി ഔഡിയുടെ ആഡംബര വാഹനവും ബിപാഷ സ്വന്തമാക്കിയിരുന്നു. ''ദേവിയുടെ പുതിയ യാത്ര'' എന്നാണ് അന്ന് ബിപാഷ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരുന്നത്.

 

Content Summary : Actress Bipasha Basu reveals daughter Devi's nickname

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com