കണ്ണുകെട്ടി സ്കേറ്റിങ് ഷൂവിൽ പറക്കും, അരക്കെട്ടിലിട്ടു വളയം കറക്കും; റെക്കോർഡുകളുമായി 12കാരൻ

HIGHLIGHTS
  • ഇത്രയും കാര്യങ്ങൾ ഒരുമിച്ച് ഒരു മിനുട്ട് 28 സെക്കന്റിൽ ചെയ്ത് ഈ 12 വയസുകാരൻ‍ നേടിയത് നിരവധി റെക്കോർഡുകളാണ്
  • ലോക്ഡൗൺ കാലത്തു വെറുതേ വീട്ടിലിരുന്നപ്പോൾ തോന്നിയ ഒരു കൗതുകമാണ് ഹാരിയെ ഇന്നു റെക്കോഡു നേട്ടങ്ങളിലേക്കെത്തിച്ചത്
Hari-paul
ഹാരി പോൾ, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡുമായി ഹാരി പോൾ.
SHARE

റുബിക്സ് ക്യൂബ് സോൾവ് ചെയ്യാനോ അരക്കെട്ടിലിട്ട് അൽപ്പനേരം ഒരു വളയം കറക്കാനോ എപ്പോഴെങ്കിലും ശ്രമിച്ചു നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അൽപ്പം പാടുപെട്ടിട്ടുണ്ടാവണം. എന്നാൽ കണ്ണുകെട്ടി സ്കേറ്റിങ് ബോഡിൽ പറന്നുകൊണ്ട് ഹൂളാ ഹൂപ്പ് കറക്കുകയും മിറർ ക്യൂബ് സോൾവ് ചെയ്യുകയും ചെയ്യുന്ന ഒരു മിടുക്കനുണ്ട്. തൃശൂർ സ്വദേശി ഹാരി പോൾ. ഇത്രയും കാര്യങ്ങൾ ഒരുമിച്ച് ഒരു മിനുട്ട് 28 സെക്കന്റിൽ ചെയ്ത് ഈ 12 വയസുകാരൻ‍ നേടിയത് നിരവധി റെക്കോഡുകളാണ്. ഇതുമാത്രല്ല റുബിക്സ് ക്യൂബുകൾ ചേർത്തുവച്ച് സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഛായാചിത്രങ്ങളും ഹാരി നിർമിക്കും. പോൾ ജോർജിന്റെയും ഡയാനാ പോളിന്റെയും മൂത്ത മകനായ ഹാരി തൃശൂർ നിർമല മാതാ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.12 വയസിലെ റെക്കോഡ് നേട്ടത്തെക്കുറിച്ചു മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ഹാരി പോൾ.

കോവിഡ് ലോക്ഡൗൺ കാലത്ത് ചിലർ കുക്കിങ് പഠിച്ചു. ചിലർ സമൂഹമാധ്യമ താരങ്ങളായി, മറ്റു ചിലർ വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന പല ബിസിനസുകളും തുടങ്ങി. ഇതുപോലെ ലോക്ഡൗൺ കാലത്തു വെറുതേ വീട്ടിലിരുന്നപ്പോൾ തോന്നിയ ഒരു കൗതുകമാണ് ഹാരിയെ ഇന്നു റെക്കോഡു നേട്ടങ്ങളിലേക്കെത്തിച്ചത്. ആദ്യം റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാനായിരുന്നു ശ്രമം. യൂട്യൂബിൽ നോക്കി 3*3 യുടെ ക്യൂബുകൾ ചെയ്യാൻ തുടങ്ങി. സംശയമുണ്ടാകുമ്പോൾ അമ്മയുടെ സഹോദരിയെ വിളിച്ചു ചോദിക്കും. മൂന്നെണ്ണം ശരിയായി സോൾവു ചെയ്യാൻ പഠിച്ചതോടെ പത്തിലേക്കു കടന്നു. ഇതിനൊപ്പം അരക്കെട്ടിലിട്ട് ഹൂളാ ഹൂപ്പ് കറക്കാനും പഠിച്ചു.  

എട്ടാം വയസിൽ അമ്മയുടെ സഹോദരി പിറന്നാൾ സമ്മാനമായി നൽകിയ സ്കേറ്റിങ് ബോഡിലാണ് ഹാരി സ്കേറ്റിങ് അഭ്യസിച്ചത്. സ്കേറ്റിങിലോ ഹൂപ്പിലോ ഒന്നും പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ല. "സ്കൂളിൽ പരിശീലനം ഉണ്ടായിരുന്നെങ്കിലും വീഴുമെന്ന ഭയം  കൊണ്ട് അച്ഛനും അമ്മയും അതിനു വിട്ടിരുന്നില്ല. യൂട്യൂബിൽ നോക്കി എല്ലാം സ്വയം പഠിച്ചെടുത്തതാണ്". ആദ്യമൊക്കെ വീഴുമായിരുന്നു. പക്ഷേ, പിന്മാറിയില്ല. വീണാലും വീണ്ടും പരിശ്രമിക്കുമായിരുന്നുവെന്നു ഹാരി പറയുന്നു. കണ്ണുകെട്ടിക്കൊണ്ടാണ് ഹാരിയുടെ അഭ്യാസങ്ങൾ. സ്കേറ്റ് ചെയ്തു കൊണ്ട് ഒരേസമയം രണ്ടു വളയങ്ങൾ അരക്കെട്ടിലിട്ട് കറക്കുകയും പലതരം ക്യൂബുകൾ സോൾവ് ചെയ്യുകയും ചെയ്യും ഇപ്പോൾ ഹാരി. ഇങ്ങനെ നേടിയത് 5 റെക്കോഡുകളാണ്. ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, ഹൈറേഞ്ച് വേൾഡ് റെക്കോഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നീ റെക്കോഡുകളാണ് ഹാരിക്കു ലഭിച്ചിട്ടുള്ളത്. 20 വ്യത്യസ്ഥ തരം ക്യൂബുകൾ ചുരുങ്ങിയ സമയം കൊണ്ട് സോൾവ് ചെയ്യാൻ ഹാരിക്കു ഇപ്പോൾ കഴിയും. 

Hari-paul-rahul
ഹാരി പോൾ, ക്യൂബുകൾ കൊണ്ടു നിർമിച്ച രാഹുലിന്റെ ചിത്രത്തിനു മുന്നിൽ ഹാരി പോൾ.

റുബിക്സ് ക്യൂബുകൾ ഉപയോഗിച്ചു സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം ഛായചിത്രങ്ങളും ഹാരി നിർമിക്കാറുണ്ട്. മോഹൻലാൽ, കുഞ്ചാക്കോബോബൻ, ഔസേപ്പച്ചൻ, പേളിമാണി, രാഹുൽഗാന്ധി തുടങ്ങി നിരവധി പ്രമുഖരുടെ മുഖങ്ങൾ ക്യൂബുകൾകൊണ്ടു നിർമിച്ചിട്ടുണ്ട്. ഹാരി ക്യൂബുകൾ കൊണ്ടു നിർമിച്ച രാഹുലിന്റെ ചിത്രം ഫ്രെയിം ചെയ്ത് അദ്ദേഹം കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയിരുന്നു. അന്നു 'വെൽഡൺ' എന്നു പറഞ്ഞു രാഹുൽ തന്നെ അഭിനന്ദിച്ചതായി ഹാരി പറയുന്നു. നാട്ടിലും സ്കൂളിലും ഹാരിയിപ്പോൾ താരമാണ്. ഭാവിയിൽ ശാസ്ത്രജ്ഞൻ ആകണമെന്നതാണ് ഹാരിയുടെ ആഗ്രഹം.

Content Highlight: Harry Paul | Thrissur | Rubik's Cube | Skating board

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS