ADVERTISEMENT

പന്ത്രണ്ട് വയസ്സാണ് കോഴിക്കോട് സ്വദേശിയായ ചാരുനൈനികയ്ക്ക്, സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി. എന്നാൽ പഠനത്തിനും കളികൾക്കുമപ്പുറം പ്രകൃതിയോടും സഹജീവികളോടും ഇണങ്ങി നിൽക്കുന്ന ചിന്തകളാണ് ഈ മിടുക്കിയെ സമപ്രയക്കാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാരു നൈനിക തന്റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കുന്നത്. ''ദി അൺനോൺ ഫ്രണ്ട്'' എന്നു പേരിട്ട ആദ്യ നോവലിന് പ്രത്യേകതകൾ ഏറെയാണ്. 

വളരെ ചെറിയ പ്രായത്തിൽ എഴുതിയ നോവൽ എന്നതിനപ്പുറം താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളും കൊറോണ കാലഘട്ടത്തിലെ ഒറ്റപ്പെടലുമെല്ലാം കോർത്തിണക്കി എഴുതിയ നോവലിന് ചേർന്ന ചിത്രങ്ങൾ വരച്ചതും ചാരു തന്നെയായിരുന്നു. അക്ഷരങ്ങൾ കൂട്ടിയെഴുതി തുടങ്ങും മുൻപേ നിറങ്ങളുടെ ലോകത്തെത്തിയ ചാരു നൈനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും മനോഹരമായ ചിത്രങ്ങൾ വരയ്ക്കും. പിന്നീട് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നപ്പോൾ തന്റെ ആശയങ്ങൾക്ക് രൂപവും നിറവും പകരുന്നതിനായി ചാരു സ്വയം ചിത്രങ്ങൾ വരച്ചു.

the-extraordinary-journey-of-charu-nainika2
ചാരു നൈനിക

ഒന്നാമത്തെ നോവൽ പുറത്തിറങ്ങി ഏകദേശം ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും തന്റെ രണ്ടാമത്തെ നോവൽ പൂർത്തിയാക്കി എഡിറ്റിങ്ങിനായി അയച്ചതിന്റെ സന്തോഷത്തിലാണ് ചാരു നൈനിക. നഗരത്തിൽ ജനിച്ചു വളർന്ന, നാഗരിക ജീവിതം മാത്രം പരിചയമുള്ള ഒരു കുട്ടി കൊറോണക്കാലത്ത് തന്റെ ഗ്രാമത്തിലുള്ള മുത്തശ്ശന്റെയും മുത്തശ്ശന്റേയും അടുത്ത് താമസിക്കാനെത്തുന്നതും അവന്റെ മനസിലൂടെ കടന്നു പോകുന്ന ചിന്തകൾ ആസ്പദമാക്കി അവന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് നോവൽ എഴുതിയിരിക്കുന്നത്. നോവലിന് വേണ്ടിയുള്ള ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ് ചാരു ഇനി. 

മാതാപിതാക്കളും  സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുമാണ് തനിക്ക് ശക്തിയും പ്രചോദനവുമെന്ന് ചാരു പറയുന്നു. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ അമ്മച്ഛനും അമ്മമ്മയും പറഞ്ഞു കൊടുത്തിരുന്ന കഥകൾ കേട്ടാണ് ചാരുവിന്റെ മനസ്സിൽ ഭാവന വിടരാൻ തുടങ്ങിയത്. ഒന്നര വയസ് പ്രായമുള്ളപ്പോൾ മുതൽ ചാരു വരയ്ക്കുമായിരുന്നു. വീടിന്റെ ചുമരുകളിൽ വരയ്ക്കുമ്പോൾ വീട് വൃത്തികേടാകുമെന്നു കരുതി ആരും ചാരുവിനെ തടഞ്ഞിരുന്നില്ല. മതിയാവോളം വരയ്ക്കാനുള്ള ക്രയോണുകളും മറ്റും വാങ്ങി നൽകി പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കളായ അഞ്ജലി ചന്ദ്രനും ലാജുവും ചെയ്തത്. 

the-extraordinary-journey-of-charu-nainika1
ചാരു നൈനിക വരച്ച ചിത്രങ്ങൾ

''പ്രത്യേകതരത്തിലായിരുന്നു ചാരുവിന്റെ ചിത്രരചനാ, അവൾ വരയ്ക്കുന്ന ഓരോ ചിത്രത്തോടനുബന്ധിച്ചും അവൾക്ക് എന്തെങ്കിലുമൊക്കെ കഥ പറയാനുണ്ടാകും. ഒരിക്കൽ പോലും ചാരുവിനെ വരയ്ക്കുന്നതിൽ നിന്ന് തടയാനോ അവൾ പറയുന്നത് കേൾക്കാതിരിക്കാനോ ഞങ്ങൾ നിന്നിട്ടില്ല. അവളുടെ ഭാവനകൾ വികസിക്കുന്നത്ര ആഴത്തിൽ അവളുടെ ചിന്തകളെ പങ്കുവയ്ക്കുവാനുള്ള അവസരം നൽകുകയാണ് ഞങ്ങൾ ചെയ്തത്.'' സംരംഭകയായ 'അമ്മ അഞ്ജലി ചന്ദ്രൻ പറയുന്നു. 

അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽക്ക് പുസ്തകങ്ങളുമായി ചാരു കൂട്ടുകൂടി. മലയാളത്തോട് ഏറെ ഇഷ്ടമായിരുന്നു ചാരുവിന്. രണ്ടാം ക്ലാസ്  മുതലാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. വായിച്ച പുസ്തകങ്ങളിലെ കഥകൾക്കും കഥാ പശ്ചാത്തലത്തിനുമൊപ്പം ചാരുവും സഞ്ചരിക്കുകയായിരുന്നു. പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ചിന്തിക്കാനും അത്തരം കാര്യങ്ങളെപ്പറ്റി എഴുതാനും വരക്കാനുമൊക്കെ തുടങ്ങിയതോടെ ചാരു തന്റേതായ ഒരു ലോകം തന്നെ സൃഷ്ടിക്കുകയായിരുന്നു.

സ്‌കൂളിലെ അധ്യാപകരുടെ പിന്തുണ കൂടിയായപ്പോൾ ചാരുവിന്റെ ചിന്തകൾക്ക് കൂടുതൽ ഊർജ്ജം കൈവന്നു. കൊറോണ കാലഘട്ടത്തിലെ രണ്ടാം ലോക്ക്ഡൗൺ സമയത്താണ് തന്റെ ചിന്തകളും വരകളുമെല്ലാം കോർത്തിണക്കി ഒരു പുസ്തകം എഴുതുന്നതിനെപ്പറ്റി ചാരു ചിന്തിക്കുന്നത്. പുസ്തകം എഴുതിത്തുടങ്ങൂ നമുക്ക് പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു പിന്തുണ നൽകിയത് സ്‌കൂളിലെ പ്രിൻസിപ്പലായ ബിജു ജോൺ വെള്ളക്കട ആയിരുന്നു. അങ്ങനെ ആദ്യ പുസ്തകം പുറത്തിറങ്ങി. ഇതേ കാലഘട്ടത്തിൽ തന്നെ ‘ഡൂഡിൽ ചാരു’ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ തുടങ്ങി സോഷ്യൽ മീഡിയയിലും ചാരു തന്റെ സാന്നിധ്യം അറിയിച്ചു. താൻ വായിച്ച പുസ്തകങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുകയാണ് ഈ ചാനൽ വഴി ചാരു ചെയ്തത്. ചുരുണ്ട മുടിയുള്ള ചാരു നൈനികയെ സുഹൃത്തുക്കൾ നൂഡിൽസ് ചാരു എന്ന് വിളിക്കുമായിരുന്നു. ഈ പേരിഷ്ടപ്പെട്ട ചാരു, വരയുമായി കൂട്ടിച്ചേർത്ത് അത് ഡൂഡിൽ ചാരു എന്നാക്കുകയായിരുന്നു.

സ്‌കൂളിൽ ഒരു ടോട്ടോച്ചാൻ പരിവേഷമാണ് ചാരുവിന്. ജനാലക്ക് അരികിൽ ഇരിക്കുന്ന വികൃതി കുട്ടിയായ ടോട്ടോച്ചാനെ പോലെ ചാരു നൈനികയുടെ ഇരിപ്പും ക്ലാസ് മുറിയിലെ ജനാലയോട് ചേർന്നാണ്. അധ്യാപകരോട് പ്രത്യേകം പറഞ്ഞു വാങ്ങിയതാണ് ഈ ഇരിപ്പിടം. ടോട്ടോച്ചാനെ പോലെ വികൃതിയൊന്നുമല്ല ജനാലക്ക് അരികിലെ ഇരുപ്പ് കൊണ്ട് ചാരുവിന്റെ ലക്‌ഷ്യം, പ്രകൃതി നിരീക്ഷണമാണ്. പഠനം കഴിഞ്ഞുള്ള സമയം പുറത്തെ മാവും അതിൽ വന്നിരിക്കുന്ന കിളികളും അവരുടെ വർത്തമാനവും ഇടതൂർത്തു നിൽക്കുന്ന മാമ്പഴവുമെല്ലാം ചാരുവിന്റെ ഭാവനയിൽ എഴുത്തിനും വരയ്ക്കുമുള്ള പുതിയ പുതിയ വിഷയങ്ങളാകുന്നു. എന്നാൽ മത്സരാധിഷ്ഠിതമായി എഴുതാനും വരയ്ക്കാനുമൊന്നും ചാരുവിന് താല്പര്യമില്ല.

ഡൂഡിൽ ചാരു
ഡൂഡിൽ ചാരു

എന്തിനാണ് മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്? എന്തിനാണ് മൃഗങ്ങളെ വേദനിപ്പിക്കുന്നത്? എന്തിനാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി മനുഷ്യർ കള്ളം പറയുന്നത്? എന്നിങ്ങനെ മനസാക്ഷിയെ ഒരായിരം സംശയങ്ങളാണ് ചാരു നൈനികക്ക്. ഇതിനെല്ലാമുള്ള ഉത്തരം സ്വയം കണ്ടെത്തി തന്റെ എഴുത്തിലൂടെയും വരയിലൂടെയും പുറം ലോകത്തെ കാണിക്കുകയാണ് ചാരു നൈനിക. പഠനത്തിലും മിടുക്കിയായ ചാരു നൈനികയുടെ സ്വപ്നം ഇന്ത്യൻ ഫോറിൻ സർവീസ് നേടി, രാജ്യത്തിന്റെ പ്രതിനിധിയായി മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുക എന്നതാണ്. ഒപ്പം ആൺപെൺ വ്യത്യസമില്ലാതെ എല്ലാവരും സമന്മാരായിരിക്കുന്ന ഒരു നാടാണ് ചാരു ഇഷ്ടപ്പെടുകയും സ്വപ്നം കാണുന്നതും.

മക്കളെ തങ്ങളുടെ സ്വപ്നങ്ങൾക്ക് ചേരുന്ന രീതിയിൽ വളർത്താതെ, അവരുടെ സ്വപ്നങ്ങൾക്ക് ചിറകായി ജീവിക്കുക, ആ സ്വപ്‌നങ്ങൾ നേടാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുക, പെൺകുട്ടിയാണ് ആൺകുട്ടിയാണ് തുടങ്ങിയ ടാഗ് കുട്ടികളുടെമേൽ അടിച്ചുനൽകാതിരിക്കുക  എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടതെന്ന് ചാരുവിന്റെ സ്വപ്നങ്ങളെയും നേട്ടങ്ങളെയും മുൻനിർത്തി മാതാപിതാക്കൾ പറയുന്നു. എഴുത്തിനും വരയ്ക്കും പുറമേ, കലോത്സവങ്ങൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയിലും ചാരു നൈനിക സജീവമാണ്.

English Summary:

The Extraordinary Journey of Charu Nainika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com