ADVERTISEMENT

മകൻ ജനിച്ച ശേഷം, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ബെംഗളൂരുവിലാണ് മിനിസ്ക്രീൻ താരം ആതിരയും കുടുംബവും താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെയും യൂ ട്യൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ കാനഡയിൽ ചേച്ചിയുടെ വീട്ടിൽ പോയതിന്റെ സന്തോഷം ചില വിഡിയോകളിൽ താരം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാത ആതിര കഴിഞ്ഞ ഒരു മാസത്തിലേറെയായി സോഷ്യൽ ലോകത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു. എന്താണ് കാരണം എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ.

കഴിഞ്ഞ ഒരു മാസം ആതിരയുടെ ജീവിതത്തിലെ സമാനതകളില്ലാത്ത ദുരനുഭങ്ങളുടെ പകലിരവുകളായിരുന്നു. മകൻ റേ കടുത്ത രോഗകാലത്തിലൂടെ കടന്നു പോയ ഘട്ടം! ഒരു പനിയിൽ തുടങ്ങി, ഗുരുതരമായ വൈറസ് ബാധയെത്തുടർന്ന് 12 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു റേ രാജീവ്. അവിടെ നിന്ന് കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയാണ് ആ പൊന്നോമന.

ആതിരയും റേയും കാനഡയിൽ ആതിരയുടെ ചേച്ചിയുടെ വീട്ടിൽ പോയി വന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. തിരികെ ബെംഗളൂരുവിലെത്തിയപ്പോള്‍ റേയ്ക്ക് പനി ബാധിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ വൈറൽ പനിയാണെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ. അതിനുള്ള മരുന്നും നൽകി. എന്നാൽ പനി കുറഞ്ഞില്ല. ചൂടും കടുത്തു. വീണ്ടും ആശുപത്രിയിലേക്ക്. എന്നാല്‍ ടെസ്റ്റുകളിൽ കുഴപ്പമൊന്നുമില്ലെന്നും പേടിക്കാനില്ലെന്നുമായിരുന്നു മറുപടി. ആ വാക്ക് വിശ്വസിച്ച്, ഇന്ന് ഭേദമാകും നാളെ മാറുമെന്നു കരുതി, ദിവസങ്ങൾ നീക്കിയെങ്കിലും കുഞ്ഞ് കൂടുതൽ ക്ഷീണിതനായി. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോൾ, ഓക്സിജൻ ലെവൽ വളരെ കുറഞ്ഞിരുന്നു. അതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയത്. എക്സ് റേയിൽ ന്യുമോണിയ ആണെന്ന് കണ്ടെത്തി. അപ്പോഴേക്കും ഏഴ് ദിവസം പിന്നിട്ടിരുന്നു. ഉടൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും നാലു ദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടർന്നാണ് അഡിനോ വൈറസ് കുഞ്ഞിന്റെ ശരീരത്തിലാകെ ക്രമാതീതമായി ബാധിച്ചെന്ന് കണ്ടെത്തിയത്. രണ്ടരക്കോടി വൈറസ് കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടെന്നും അത് ശരീരമാകെ ബാധിച്ചു തുടങ്ങിയെന്നും മനസ്സിലായി. നിലവിൽ ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞു. തലച്ചോറിലേക്ക് പടർന്നാൽ ജീവൻ അപകടത്തിലാണ്. ഒടുവില്‍ ഡോക്ടർമാർ നിർദേശിച്ച പരിഹാരം ‘cedofivir’ എന്ന മരുന്നാണ്. കാൻസർ ബാധിതർക്ക് ഇമ്യൂണിറ്റി പവർ കുറയുമ്പോൾ, അപകടനില തരണം ചെയ്യാൻ നൽകുന്ന മരുന്നാണിത്. തൽക്കാലം ഇതേയുള്ളൂ ആശ്രയം. കുട്ടികളിൽ ഉപയോഗിക്കുമ്പോൾ റിസ്കുകളുണ്ട്. കിഡ്നിയെ ബാധിക്കാം. എന്നാൽ, അപ്പോഴത്തെ ഘട്ടത്തിൽ അതിന്റെ റിസ്കിനെക്കാൾ ആവശ്യതകയാണ് മുന്നിൽ നിന്നത്. ഒടുവിൽ മരുന്ന് നൽകി. ആ ആശുപത്രിയിൽ ആദ്യമായിട്ടാണ് ഒരു കുഞ്ഞു കുട്ടിക്ക് ‘cedofivir’ കൊടുക്കുന്നത്. മരുന്ന് ഗുണമായി. വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനു ശേഷം ഐസിയുവിൽ നിന്നും റേ പുറത്തു വന്നു. ഡിസ്ചാർജ് ആയി. ഇപ്പോൾ ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ട്. എന്നാലും മൂന്ന് നാല് മാസം കൂടി വേണം പൂർണമായി റിക്കവറാകാൻ.

‘‘അവന് എവിടെ നിന്നാണ് പനി കിട്ടിയതെന്ന് അറിയില്ല. രണ്ട് സാധ്യതകളാണ് എനിക്ക് തോന്നുന്നത്. ഒന്ന് ലണ്ടനിൽ നിന്ന് ഇങ്ങോട്ടുള്ള ഫ്ലൈറ്റിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരിൽ പലർക്കും പനിയായിരുന്നുവെന്ന് ചുമ കേൾക്കുമ്പോൾ മനസ്സിലാകും. ഒന്നുകിൽ അതാകാം. ഇല്ലെങ്കിൽ, ഇവിടെ എത്തിക്കഴിഞ്ഞ് ഉടൻ അവന് ഡ്രൈ സ്കിന്നിന്റെ പ്രശ്നം വന്നപ്പോൾ ഒരു ക്ലിനിക്കിൽ കാണിച്ചിരുന്നു. അവിടെയും പനിയുള്ള ഒരുപാട് കുട്ടികൾ വന്നിരുന്നു. പിന്നീട് ഡോക്ടറും പറഞ്ഞത്, എവിടെ നിന്നു കിട്ടിയെന്ന് കണ്ടുപിടിക്കാനൊക്കില്ലെന്നാണ്. പക്ഷേ, ബാംഗ്ലൂരിൽ ഇപ്പോൾ അഡിനോ വൈറസിന്റെ കേസുകൾ കുറച്ച് കൂടുതലാണത്രേ. ചിലപ്പോൾ ഒരു നോർമൽ വൈറൽ ഫിവർ ആയിട്ട്, പിന്നീട് പലവട്ടം പല ആശുപത്രികളിൽ പോയപ്പോൾ കടുത്തതാകാം. കുഞ്ഞല്ലേ...’’.– ആതിര ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘അഡിനോ വൈറസ് വളരെ നോർമലാണ്. പക്ഷേ, മോന്റെ കാര്യത്തിൽ അത് അവന്റെ ശ്വാസകോശത്തെയാണ് ബാധിച്ചത്. മാത്രമല്ല, ഒരു ലക്ഷമാണെങ്കിൽ പോലും കുഴപ്പമുണ്ടായിരുന്നില്ല. ഇത് രണ്ടരക്കോടി വൈറസാണ് ശരീരത്തിലുണ്ടായിരുന്നത്. എന്തൊക്കെപ്പറഞ്ഞാലും ഈ രണ്ടരക്കോടി വൈറസിനെ നേരിടാനുള്ള ഇമ്യൂണിറ്റി അവന്റെ ശരീരത്തിനില്ലല്ലോ. അതോടെയാണ് ‘cedofivir’ ഉപയോഗിക്കാമെന്ന അവസ്ഥയിലെത്തിയത്. അഡിനോ വൈറസിന്റെ പീക്കിൽ ഈ മരുന്ന് ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ കുഞ്ഞുങ്ങളിൽ ഉപയോഗിച്ചിട്ടില്ലത്രേ.

കാൻസർ ബാധിച്ചവർ, ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്തിയവർ, കിഡ്നി തകരാറുള്ളവർക്കൊക്കെ ഇമ്യൂണിറ്റി കുറവായതിനാൽ ഒരു ഇൻഫക്ഷൻ വന്നാൽ അവരുടെ ലൈഫ് സേവ് ചെയ്യാന്‍ കൊടുക്കുന്നതാണ് ‘cedofivir’. ഈ മരുന്ന് കിഡ്നിയെ ബാധിക്കും എന്നതാണ് റിസ്ക്. മോന്റെ കാര്യത്തിൽ ബെനിഫിറ്റ്സ് ആണ് കൂടുതൽ. പല ഡോക്ടർമാരുമായും സംസാരിച്ച ശേഷമാണ് മരുന്നെടുക്കാം എന്നു തീരുമാനിച്ചത്. ഇത്രയും ചെറിയ കുഞ്ഞിന്, അഡിനോ വൈറസ് ബാധയെത്തുടർന്ന് ഈ മരുന്ന് നൽകുന്നത് ഇതാദ്യമാണ്’’. – ആതിര പറയുന്നു

കൂടുതൽ അറിയാൻ 

English Summary:

Celebrity Mom Athira Reveals Heartbreaking Battle with Deadly Virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com