സ്കൂളിൽ 'പെറ്റ് ഷോ'; ആനപ്പുറത്തേറി എത്തി കുട്ടി പാപ്പാൻ, അന്തംവിട്ട് കാഴ്ചക്കാർ

Mail This Article
സ്കൂളിൽ ഒരു 'പെറ്റ് ഷോ' നടത്താൻ അധ്യാപകർ തീരുമാനിച്ചു. കുട്ടികൾ എല്ലാവരും തങ്ങളുടെ അരുമ മൃഗങ്ങളെ കൊണ്ടുവരണമെന്നും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്തു. അങ്ങനെ പൂച്ചകളും പട്ടികളും പക്ഷികളും മുയലുകളും തുടങ്ങി കുതിര വരെ പ്രദർശനത്തിനായി അണിനിരന്നു. ഇനിയാണ് അവന്റെ വരവ്. തന്റെ അരുമ മൃഗത്തിന്റെ പുറത്തേറി രാജകീയമായി തന്നെയായിരുന്നു എഴുന്നെള്ളത്ത്. ആനപ്പുറത്തെറിയുള്ള അവന്റെ വരവ് സോഷ്യൽ ലോകത്തും തരംഗമാകാൻ അധിക സമയം വേണ്ടി വന്നില്ല.
കൂട്ടുകാരെല്ലാം തങ്ങളുടെ അരുമ മൃഗങ്ങളും പക്ഷികളുമായാണ് സ്കൂളിലെ പെറ്റ് ഷോയ്ക്ക് എത്തിയത്. പല ഇനങ്ങളിൽ ഉൾപ്പെട്ട പട്ടികളും പൂച്ചകളും വിവിധ നിറത്തിലുള്ള പക്ഷികളും പ്രദർശനത്തിൽ നിറഞ്ഞിരുന്നു. എന്നാൽ ഏറെ താമസിയാതെ ആനപ്പുറത്തേറിയെത്തിയ കൂട്ടുകാരനെയും അവന്റെ അരുമ മൃഗത്തെയും കണ്ടു അധ്യാപകരും കൂട്ടുകാരും അടക്കം എല്ലാവരും തന്നെയും അന്തംവിട്ടു. പിന്നെ ആനയെന്ന കൗതുക കാഴ്ച കാണാനായി എല്ലാവരും ആശ്ചര്യത്തോടെ വരിയായി നിന്നു. ആനയുടെ തോട്ടിയും കയ്യിൽ പിടിച്ചു പാപ്പാന്റെ ഗമയോടെ അവനും. അങ്ങനെ സ്കൂളിലെ പെറ്റ് ഷോ ഗംഭീര വിജയമായെന്നു പറയേണ്ടതില്ലല്ലോ.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ ധാരാളം പേരാണ് കുഞ്ഞുപാപ്പാന്റെ വരവ് മാസ്സ് ആയിരുന്നെന്ന കമന്റുമായി എത്തിയത്. ഇതിലും വലിയ ഹീറോയിസം സ്വപ്നങ്ങളിൽ മാത്രമെന്നും ചെക്കൻ ചുമ്മാ സീൻ ആണെന്നുമൊക്കെയാണ് വിഡിയോയുടെ താഴെയുള്ള കമന്റുകളിൽ അധികവും