ADVERTISEMENT

‘ഒറ്റച്ചക്രം മതി ഒരു സൈക്കിളോടിക്കാൻ’, ‘സൈക്കിളോടിക്കണമെങ്കിൽ സീറ്റിൽ  ഇരിക്കണമെന്നുണ്ടോ?’ ‘സീറ്റിൽ നിന്നോടിച്ചാൽ എന്താ കുഴപ്പം?’... കേൾക്കുമ്പോത്തന്നെ എന്തോ പന്തികേടു മണക്കുന്നുണ്ടല്ലേ. പക്ഷേ ഇതല്ല, ഇതിലപ്പുറവും ചെയ്യാൻ കഴിയുമെന്നാണ് പത്തനംതിട്ട കോന്നി സ്വദേശികളായ നിസയും മക്കളും പറയുന്നത്. നിസയുടെ മൂത്തമകൻ 10 വയസ്സുള്ള ഇഷാൻ ഇന്ത്യയിലെ പ്രായം കുറഞ്ഞ എംടിബി ഫ്രീ സ്റ്റൈലറും എട്ടു വയസ്സുകാരൻ ഒർഹാൻ കേരളത്തിലെ പ്രായം കുറഞ്ഞ പാർക്കോറുമാണ്. ഇൻസ്റ്റഗ്രാമടക്കമുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വൈറലാണ് ഈ കുട്ടിത്താരങ്ങളുടെ വിഡിയോകൾ. നിസയുടെ ഭർത്താവ് ഷമീമാണ് വിഡിയോകൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ആദ്യമൊക്കെ പേടിച്ചു മാറി നിന്ന നിസ പിന്നീട് കുട്ടികൾക്കൊപ്പം വിഡിയോകൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ കുട്ടികൾക്കൊപ്പം ഒരു സൂപ്പർ വുമണായി പറക്കുകയാണ് നിസ. മഴവിൽ മനോരമയുടെ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോ വിജയി കൂടിയാണ് നിസ ഷമീം. ഉമ്മിയുടെ സപ്പോർട്ടാണ് സ്റ്റണ്ട് ചെയ്യാനുള്ള ധൈര്യമെന്നാണ് ഇഷാനും ഒർഹാനും പറയുന്നത്. മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഈ ഉമ്മിയും മക്കളും...

talented-child-stars-go-viral-for-their-freestyle-cycling-and-parkour-skill2

സൈക്കിൾ സ്റ്റണ്ട് പഠിച്ചത് ടൊവിനോയെ കാണാൻ
ഞങ്ങൾ ടൊവിനോയുടെ വലിയ ആരാധകരാണ്. ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും കാര്യത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ കാര്യം നടക്കുമെന്നു തോന്നി. ആ ചിന്തയാണ് ഇതിലേക്കെത്തിച്ചത്. കേരളത്തിൽ കുട്ടികളുടെ ഫ്രീ സ്റ്റൈൽ സൈക്ലിങ്  അധികം കണ്ടിട്ടില്ല. അതുകൊണ്ടാണ് സൈക്ലിങ് തിരഞ്ഞെടുത്തത്. പിന്നീട് കിഡീസ് സ്കൂപ്പ് എന്ന പേരിൽ ഒരു ചാനൽ തുടങ്ങുകയും വിഡിയോകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ, ടൊവിനോയെ കാണണമെന്ന ആഗ്രഹം സാധിച്ചെങ്കിലും ഞങ്ങളുടെ ലക്ഷ്യം ഇപ്പോൾ പൂർണമായും മാറി. കൂടുതൽ കൂടുതൽ ആഗ്രഹിക്കുമ്പോഴല്ലേ നമുക്ക് മുന്നോട്ടു പോകാൻ പറ്റൂ. ഇപ്പോൾ ഞങ്ങളുടെ ആഗ്രഹം ഒളിംപിക്സാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു ഒളിംപിക് മെഡൽ സ്വന്തമാക്കണം.

കമന്റ് ബോക്സിലെ പൊട്ടിത്തെറി
ചാനൽ തുടങ്ങിയ ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കമന്റുകളാണ്. ചില കമന്റുകൾ കണ്ടാൽ സഹിക്കാൻ പറ്റില്ല. ‘ലൈക്കിനും ഷെയറിനും വേണ്ടി മക്കളെ കുരുതിക്കു കൊടുക്കുകയാണ് ഈ തള്ള’, ‘കുഞ്ഞുങ്ങളെ പാടുപെടുത്തുന്നു’ എന്നൊക്കെയാണ് കമന്റുകൾ. ഒരമ്മയും മക്കളെ കഷ്ടപ്പെടുത്താൻ ഇതൊന്നും ചെയ്യില്ല. ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ നന്മയ്ക്കുവേണ്ടി മാത്രമാണ്. 

സുരക്ഷാ മുൻകരുതൽ എടുക്കാതെയാണ് കുട്ടികളെക്കൊണ്ട് വിഡിയോ ചെയ്യിപ്പിക്കുന്നതെന്നാണ് ചിലരുടെ വിമർശനം. പക്ഷേ പറയുന്നവർക്കോ വിഡിയോ മാത്രം കാണുന്നവർക്കോ അറിയില്ല ഞങ്ങൾ എത്രമാത്രം സേഫ്റ്റി എടുക്കുന്നുണ്ടെന്ന്. ഓരോ വിഡിയോയും ചെയ്യുന്നത് പലതവണ പരിശീലനം നടത്തിയിട്ടാണ്. ബെഡിലും ബാഗിൽ തുണി നിറച്ച് പുറത്ത് തൂക്കിയുമൊക്കെ പ്രാക്ടീസ് ചെയ്ത ശേഷമാണ് വിഡിയോ എടുക്കുന്നത്. അവർക്ക് സേഫായി സ്റ്റണ്ട് ചെയ്യാൻ പറ്റുമെന്ന് ഉറപ്പായാൽ മാത്രമേ ഞങ്ങൾ അതിന് അനുവദിക്കുകയുമുള്ളു. ട്രെയിനിങ് കൊടുക്കുന്നത് ഞങ്ങൾ തന്നെയാണ്. അവർക്ക് ബുദ്ധിമുട്ടോ അപകടമോ ഉണ്ടാക്കുന്ന സ്റ്റണ്ടുകൾ ചെയ്യാൻ ഞങ്ങൾ അനുവദിക്കാറില്ല. ഞങ്ങളുടെ വിഡിയോ കാണുന്ന കുട്ടികൾ ഇത് അനുകരിക്കരുത് എന്ന ഒരു റിക്വസ്റ്റ് കൂടിയുണ്ട്. കാരണം പെട്ടെന്നു ചെയ്യാൻ പറ്റുന്നതല്ല സൈക്കിൾ സ്റ്റണ്ട്. അതിനു നല്ല പ്രാക്ടീസ് ആവശ്യമാണ്.

talented-child-stars-go-viral-for-their-freestyle-cycling-and-parkour-skill5

ഓടാനും ചാടാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനുമൊക്കെ ഞങ്ങൾ മക്കൾക്കു പൂർണ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. എന്റെ ചെറുപ്രായത്തിൽ എനിക്ക് അതിനൊന്നും സ്വാതന്ത്ര്യമില്ലായിരുന്നു. പക്ഷേ അവരെ അടച്ചിട്ടു വളർത്താനോ ഞങ്ങളുടെ ഇഷ്ടത്തിനു വളർത്താനോ താൽപര്യമില്ല. അവർ അവരുടെ ഇഷ്ടത്തിനനുസരിച്ചു വളരട്ടെ. പക്ഷേ തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിത്തന്നെയാണ് മുൻപോട്ടു പോകുന്നത്.

talented-child-stars-go-viral-for-their-freestyle-cycling-and-parkour-skill1

വിഡിയോയുടെ മാസ്റ്റർ ബ്രെയിൻ
എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ ഇക്കയാണ്. കണ്ടന്റ് കണ്ടെത്തുന്നതും പരിശീലിപ്പിക്കുന്നതും വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതുമൊക്കെ അദ്ദേഹമാണ്. പക്ഷേ ഇതുവരെ വിഡിയോയിൽ വന്നിട്ടില്ല. പലരും എന്നോടു ചോദിക്കാറുണ്ട് ഭർത്താവില്ലേ എന്നൊക്കെ. ഇക്ക വിഡിയോയിൽ ഇല്ലെങ്കിലും എന്റെയും മക്കളുടെയും ഓൾ ഇൻ ഓൾ ഇക്കയാണ്. എല്ലാ കാര്യത്തിനും മുന്നിൽ നിന്നു സപ്പോർട്ട് ചെയ്യും.  മഴവിൽ മനോരമയുടെ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോയിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ വിജയി ആയി കിരീടം ചൂടിയ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.

English Summary:

Talented child stars  go viral for their freestyle cycling and parkour skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT