ADVERTISEMENT

തിരുവനന്തപുരം ∙ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ കൗതുകമായി നാലരവയസ്സുകാരി മിത്ര ജോബി ജോസ്. ക്യൂബൻ ഗ്രാൻഡ്മാസ്റ്റർ എലിയെര്‍ മിറാന്‍ദ മെസിനെ ഒരു മണിക്കൂറോളം കുഞ്ഞു മിത്ര നേരിട്ടത് ചിരിച്ചും കളിച്ചുമാണ്. ഒടുവിൽ തോറ്റെങ്കിലും ചിരിച്ചു തുള്ളിച്ചാടി അച്ഛന്റെ അരികിലേക്ക് അവൾ ഓടി. ഇടുക്കിയിലെ വെള്ളാരംകുന്നിൽനിന്ന് അച്ഛനും സഹോദരങ്ങൾക്കുമൊപ്പമാണ് മിത്ര ക്യൂബൻ ഗ്രാൻഡ് മാസ്റ്ററെ നേരിടാൻ വന്നത്. രണ്ടു മാസം മുൻപു മാത്രമാണ് അച്ഛൻ ജോബി ജോസിന്റെ ശിക്ഷണത്തിൽ ചെസ് പഠിക്കാൻ തുടങ്ങിയത്. മിത്രയുടെ സഹോദരങ്ങളായ വിവേക്, മാനസി, നവീൻ എന്നിവരും ക്യൂബൻ ഗ്രാൻഡ്മാസ്റ്റർമാരുമായി കളിക്കാൻ ജില്ലയിൽ നിന്ന് സിലക്‌ഷൻ നേടി വന്നതായിരുന്നു. 

chess-prodigy-mitra-jobi-jose-steals-the-show-in-kerala-chess-festival
മിത്ര ജോബി ജോസ്

കളിക്കിടെ കുസൃതി ചിരി ചിരിച്ചു ഇടയ്ക്ക് ബോറടിച്ചും മിത്ര തൊട്ടടുത്തിരുന്നു മത്സരിക്കുന്ന ചേച്ചി മാനസിയോട് കുശലം പറയുന്നതും രസകരമായ കാഴ്ചയായിരുന്നു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മിത്ര സന്തോഷത്തോടെയാണ് വേദിക്ക് പുറത്തു കാത്തിരുന്ന അച്ഛനരികിലെത്തിയത്. രാവിലെ മത്സരത്തിനു പോകും മുൻപ്, ക്യൂബൻ ഗ്രാൻഡ്മാസ്റ്ററെ തോൽപിക്കാനുള്ള ട്രിക്ക് തന്റെ കയ്യിലുണ്ടെന്ന് അവൾ പറഞ്ഞിരുന്നു. ‘ഇക്കുറി അത് വർക്ക് ആയില്ലേൽ അടുത്ത തവണ വീണ്ടും ശ്രമിക്കു’മെന്നാണ് അച്ഛൻ ചോദിച്ചപ്പോൾ മിത്രയുടെ മറുപടി. 

മിത്രയുടെ അച്ഛൻ ജോബി ജോസ് ഇടുക്കിയിൽ മൃഗസംരക്ഷണ വകുപ്പിലും അമ്മ ഷാനി ട്രഷറി വകുപ്പിലും ക്ലാർക്കാണ്. ജോബിയുടെ ചെസ്സിനോടുള്ള ഇഷ്ടമാണ് കുടുംബം മുഴുവനും ചെസ് കളിക്കാൻ കാരണം. മിത്ര ജനിച്ചപ്പോൾ മുതൽ കാണുന്നത് ചെസാണ്. രണ്ടു മാസം മുൻപാണ് അവളെ ജോബി ചെസ് പഠിപ്പിച്ചു തുടങ്ങിയത്. മൂന്നാറിൽ നടന്ന ടൂർണമെന്റിൽ വിജയിച്ചാണ് മിത്ര ചെസ് ഫെസ്റ്റിവലിലേക്ക് യോഗ്യത നേടിയത്.

ചെസ് ഫെസ്റ്റിവലിന്റെ ഒന്നാം ദിനം ഉച്ചക്ക് മൂന്നിനായിരുന്നു ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ്മാസ്റ്റർന്മാരും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി മത്സരിച്ചത്. ക്യൂബന്‍ ഗ്രാൻഡ് മാസ്റ്റര്‍മാരായ ദിലന്‍ ഇസിദ്രോ ബെര്‍ദായെസ് അസന്‍, റോഡ്‌നി ഒസ്‌കര്‍ പെരസ് ഗാര്‍സ്യ, എലിയെര്‍ മിറാന്‍ദ മെസ എന്നിവരോടൊപ്പം കേരളത്തിന്റെ ഗ്രാൻഡ്മാസ്റ്റർ എസ്.എൽ.നാരായണനും മത്സരിച്ചു.

English Summary:

Chess prodigy Mitra Jobi Jose steals the show in Kerala Chess festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com