ADVERTISEMENT

കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടം കളിക്കാനാണ്. കുഞ്ഞുങ്ങൾ പൂച്ചയോടും പട്ടിയോടും കോഴിയോടും ഒക്കെ കൂട്ടു കൂടുകയും ഒപ്പം കളിക്കുകയും ചെയ്യുന്നതിന്റെ നിരവധി വിഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ, യാതൊരു പേടിയും കൂസലുമില്ലാതെ ഒരു പാമ്പിനെ അതിന്റെ വാലിലൊക്കെ പിടിച്ചു നിർത്തുക, തന്റെ മടിയിലൂടെ കയറിയിറങ്ങിയ പാമ്പിന്റെ മുഖത്ത് തൊട്ടു നോക്കുക, എടുത്ത് മടിയിൽ വെയ്ക്കുക. ഒരു കുഞ്ഞുവാവയുടെ വിനോദങ്ങളാണ് മുകളിൽ പറഞ്ഞുത്. ഏതായാലും വിഡിയോ കണ്ടവർ ഞെട്ടിയിരിക്കുകയാണ്. കുഞ്ഞു മിടുക്കന്റെ തോണ്ടൽ ഇച്ചിരി കൂടിയപ്പോൾ പാമ്പ് ജീവനും കൊണ്ട് ഓടുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

പാമ്പുകൾ പൊതുവെ അപകടകാരികളും വിഷമുള്ളവയുമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ പാമ്പിന്റെ വാല് കണ്ടാൽ ഓടി മാളത്തിൽ ഒളിക്കുന്നവരാണ് മിക്ക ധൈര്യശാലികളും. വന്യജീവികളെ നി‍ർഭയം കൈകാര്യം ചെയ്യുന്ന ചിലരൊക്കെ പാമ്പുകളെ കൈയിലെടുക്കുന്നതും അഭ്യാസങ്ങൾ കാണിക്കുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ കൊച്ചു മിടുക്കന്റെ വിഡിയോ.

പിഹു മീനയെന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കൊച്ചു മിടുക്കനും പാമ്പും ഒരു 'വാടാ പോടാ' ബന്ധവുമായിരിക്കുന്ന വിഡിയോ പങ്കുവെച്ചത്. പാമ്പിനെ കൈയിലെടുത്ത് കളിക്കുന്ന കുഞ്ഞിന്റെ മുഖത്ത് ഭയത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവർക്ക് ഒരു നടുക്കമുണ്ടാകും. പലരും പലവിധത്തിലാണ് വിഡിയോ കണ്ട് പ്രതികരിച്ചിരിക്കുന്നത്. 

ഇത് ആദ്യമായല്ല കുട്ടികൾ പാമ്പിനെ നേരിടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നേരത്തെ, ഉത്തർപ്രദേശിലെ ഫറൂഖബാദിൽ അക്ഷയ് എന്ന മൂന്ന് വയസുള്ള കുട്ടി പാമ്പിനെ കൊന്നത് വലിയ വാർത്ത ആയിരുന്നു. അക്ഷയ് വീടിനു പുറത്ത് കളിക്കുമ്പോൾ കാട്ടിൽ നിന്ന് ഒരു ചെറിയ പാമ്പ് വരികയായിരുന്നു. പാമ്പിനെ കണ്ട അക്ഷയ് അതിനെ വായിലിട്ട് കടിക്കുകയായിരുന്നു. തന്റെ തന്നെ പ്രവൃത്തിയിൽ ഭയന്നുപോയ കുട്ടി നിലവിളിക്കുകയും മുത്തശ്ശി ഓടിയെത്തി പാമ്പിനെ കുട്ടിയുടെ വായിൽ നിന്ന് മാറ്റി ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ വിഷാംശം ഇല്ലെന്ന് കണ്ടെത്തി. കുട്ടി പൂർണ ആരോഗ്യവാനും സുരക്ഷിതനുമാണെന്ന് രേഖപ്പെടുത്തിയ ഡോക്ടർ പ്രാഥമിക പരിശോധന നൽകി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com