ADVERTISEMENT

വയനാട് ബത്തേരിയില്‍ സ്കൂളില്‍ വച്ച് 2019ൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിൻ എന്ന കുഞ്ഞു മാലാഖ ഇന്നും പല മാതാപിതാക്കൾക്കും ഉള്ളില്‍ തുടിക്കുന്ന വേദനയാണ്, ഓർമയാണ്.  അന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നും മാറി ഷഹല പഠിച്ച സ്കൂളിന് പുതിയ കെട്ടിടം ലഭിച്ചു. പക്ഷേ അപ്പോഴും മെച്ചപ്പെട്ട ചികിത്സയ്ക്കും അടിയന്തര സാഹചര്യങ്ങൾക്കും ചുരമിറങ്ങേണ്ടി വരുന്ന വയനാട്ടുകാരുടെ അവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയാണ് ഷഹലയുടെ ഉമ്മയുടെ സഹോദരി ഫസ്ന ഫാത്തിമ. വയനാട്ടിലൊരു നല്ല ആശുപത്രിയില്ലാത്തതു കൊണ്ട് ഷഹലയെന്ന കുഞ്ഞുജീവനേയും കൊണ്ട് നെട്ടോട്ടമോടേണ്ടി വന്ന ആ ദിവസത്തെക്കുറിച്ച് ഫസ്ന വികാരവായ്പോടെ കുറിക്കുന്നുണ്ട്. 

ഫസ്നയുടെ കുറിപ്പ്
എന്റെ മോള് പോയിട്ട് ഇന്നേക്ക് നാലു വര്‍ഷം. എന്റെ മോള് പോയി എന്നും പറഞ്ഞ് 2019 നവംബർ 20ന് രാത്രി എട്ടു മണിയോടെ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടതു കണ്ടിട്ട് ആറ്റയോട് ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു മുമ്പും ശേഷവും പലരും ചോദിച്ചിട്ടുണ്ട്, നിന്റെ പാത്തുവിന്റെ രണ്ടാം വിവാഹമാണോ എന്ന്. പ്രസവിക്കാതെ ഉമ്മയായവളാണ് ഞാന്‍. അതും എന്റെ ഷഹല മോളിലൂടെ.

വയനാട്ടിലൊരു നല്ല ആശുപത്രിയില്ലാത്തതു കൊണ്ട് അവളെയും കൊണ്ട് കോഴിക്കോട്ടേക്ക് വരികയാണെന്ന് ഇത്താത്ത (ഷഹല മോളുടെ ഉമ്മ) വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നതാണ്. അപ്പോഴും അവളെ കൈവിട്ടു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് അപായം സംഭവിച്ചത് വാപ്പച്ചിയെ ഒരു തരത്തില്‍ അറിയിച്ച് വയനാട്ടിലേക്ക് വണ്ടികയറാന്‍ ഇരിക്കുമ്പോള്‍ വാപ്പച്ചി ചോദിച്ച ഒരു ചോദ്യമുണ്ട്... മോളെ, അവളെ നമുക്ക് തിരിച്ചു കിട്ടില്ലേ എന്ന്.

വിഷപാമ്പുകള്‍ അവളുടെ അധ്യാപകര്‍ തന്നെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഞാന്‍ വയനാട്ടിലെത്തേണ്ടി വന്നു. നാലു വര്‍ഷമായി അവള്‍ പോയിട്ട്. അനാസ്ഥക്കു കാരണക്കാരായ അധ്യാപകര്‍ അവരുടെ ജോലികളില്‍ തിരിച്ചെത്തി. പാമ്പുകളുടെ താവളമായ ആ സ്‌കൂളിനു പുതിയ കെട്ടിടം ലഭിച്ചു. അവളെ അവരൊക്കെ പാടേ മറന്നു. കഴിഞ്ഞ ദിവസവും വയനാട്ടിലെത്തിയ ഞങ്ങള്‍ക്കു മുന്നിലൂടെ രോഗിയെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക് താമരശ്ശേരി ചുരം വഴി ചീറി പായുന്നത് കണ്ടു. പ്രതീക്ഷയുണ്ടായിരുന്നു ഭരണകൂടത്തിൽ. പക്ഷേ ഇപ്പോഴതില്ല. കാരണം ഒന്നും ശരിയാവാന്‍ പോവുന്നില്ല. പ്രതിഷേധം കൊണ്ടോ സമരം കൊണ്ടോ ഒന്നും നടക്കാന്‍ പോവുന്നില്ല. മനസ്സ് മടുത്തിരിക്കുന്നു...എല്ലാ സംഭവങ്ങളെയും പോലെ അവളും ഓര്‍മയായിരിക്കുന്നു. ഞങ്ങള്‍, വീട്ടുകാരുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന നനവാര്‍ന്ന ഓര്‍മ. നഷ്ടം ഞങ്ങളുടേത് മാത്രമാണ്..

ലോക ശിശു ദിനത്തിലാണ് അവൾക്ക് അധ്യാപകരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത് എന്നു കൂടി ഇവിടെ ചേർത്തു പറയട്ടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT