ഉണ്ണി മുകുന്ദന്റെ ഒക്കത്തിരുന്ന് 'ഉണ്ണി'യെന്ന് വിളിച്ച് കുരുന്ന് താരം, മനസ് കീഴടക്കി കൊച്ചു റയാൻ
Mail This Article
ഒപ്പം അഭിനയിക്കുന്ന കുട്ടികളെ കൂടെ കൂട്ടുന്നതിൽ ഉണ്ണി മുകുന്ദൻ ഒരിക്കലും മടി കാണിക്കാറില്ല. തന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഒരു കൊച്ചു താരത്തിന് ഒപ്പം ഉണ്ണി മുകുന്ദൻ പങ്കുവെച്ച വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ലൊക്കേഷനിൽ നിന്ന് ചിത്രത്തിലെ ഒരു കുട്ടി താരത്തിനൊപ്പമുള്ള വീഡിയോ ആണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന റയാനെ എടുത്തുപിടിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിലാണ് ഉണ്ണി മുകുന്ദനും റയാനും ഒന്നിച്ചെത്തുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയ് ഗണേഷ് പത്താം ദിവസം, ബിഹൈൻഡ് ദ സീൻ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയത്.
തന്നെ ആരും ചേട്ടാ എന്നും അങ്കിൾ എന്നും വിളിക്കുന്നില്ലെന്നും ഓൾഡ് മാൻ എന്നാണ് വിളിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുമ്പോൾ ഉണ്ണി എന്ന ധൈര്യത്തോടെ വിളിക്കുകയാണ് കൊച്ചു റയാൻ. നാലാം ക്ലാസിൽ പഠിക്കുന്ന റയാൻ ബംഗളൂരു മലയാളിയാണ്. എന്നാൽ, മലയാളം പറയാൻ കുറച്ച് മടിയുള്ള റയാൻ അടുത്ത വർഷത്തോടെ മലയാളം, ഹിന്ദി, തമിഴ്, മറാഠി, കന്നഡ എന്നീ ഭാഷകൾ പഠിക്കുമെന്ന് തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. തോളത്ത് നിന്ന് റയാനെ താഴെ ഇറക്കി നിർത്തിയതിനു ശേഷം ഉണ്ണി മുകുന്ദൻ കൊച്ചു റയാനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. സംവിധായകന്റെ പേര് ചോദിക്കുമ്പോൾ അറിയില്ല എന്ന ഉത്തരമാണ് റയാൻ നൽകിയത്. എന്നാൽ, സംവിധായകൻ വീഡിയോ കാണുമെന്ന് പറഞ്ഞ് രഞ്ജിത്ത് ശങ്കർ എന്ന പേര് പറഞ്ഞു കൊടുത്ത് റയാനെ കൊണ്ട് പറയിപ്പിക്കുകയാണ് ഉണ്ണി മുകുന്ദൻ. അതേപോലെ, നായികയുടെ പേര് മഹിമയെന്നും പറഞ്ഞുകൊടുത്ത് പറയിപ്പിക്കുന്നുണ്ട്. വളരെ രസകരമാണ് വീഡിയോ. 'മാളിപ്പുറം കഴിഞ്ഞപ്പോൾ വേറെ ഒരുത്തനെ കിട്ടിയിട്ടുണ്ട്' എന്ന് റയാനെ ചൂണ്ടിക്കാട്ടിയാണ് വീഡിയോ അവസാനിക്കുന്നത്.
റയാൻ ഹൃദയം കീഴടക്കിയെന്നും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ജയ് ഗണേഷ്. ചിത്രത്തിൽ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോൾ എത്തുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാളികപ്പുറം ആണ് ഒടുവിലായി തിയറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം.
വിഡിയോ കാണാം