ADVERTISEMENT

2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യ മുത്തമിട്ടപ്പോൾ അതിൽ കേരളത്തിനും ഒരു അഭിമാനതാരം ഉണ്ടായിരുന്നു. എസ് ശ്രീശാന്ത് എന്ന ശാന്തകുമാരൻ ശ്രീശാന്ത്. കഴിഞ്ഞദിവസം ശ്രീശാന്തിന്റെ ഇളയമകൻ ടെസ്സിന്റെ പിറന്നാൾ ആയിരുന്നു.തന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീശാന്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മനോഹരമായ വാക്കുകളിലൂടെയാണ് തന്റെ പ്രിയപ്പെട്ട മകന് ശ്രീശാന്ത് ആശംസകൾ നേർന്നത്.

എന്റെ മകൻ, എന്റെ വിലപ്പെട്ട മാലാഖയായ ടെസ് സൂര്യ ശ്രീയുടെ ജന്മദിനമാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീശാന്തിന്റെ കുറിപ്പ് തുടങ്ങുന്നത്. 'ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം എന്റെ മകനുമേൽ ഉണ്ടാകട്ടെ. ഓരോ നിമിഷവും അതിരുകളില്ലാത്ത സ്നേഹത്തോടെയും ആവേശത്തോടെയും സ്വീകരിക്കുക. ജീവിതം ഒരു മനോഹരമായ സമ്മാനമാണ്. ജീവിതത്തിലെ എല്ലാ മേഖലകളിലും അഭിവൃദ്ധിപ്പെടാനും കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്താനും നിനക്കുള്ള കഴിവിൽ പൂർണമായി ഞാൻ വിശ്വസിക്കുന്നു. നീ എനിക്ക് മകനായി പിറന്നതിൽ ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. നിന്നോടുള്ള എന്റെ സ്നേഹം എല്ലാക്കാലത്തേക്കും നിലനിൽക്കും. എന്റെ പ്രിയപ്പെട്ട ടെസ് ബാബ നിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഞാൻ ഒന്നും ചെയ്യില്ല. നമുക്ക് ഒരുമിച്ച് പറന്നുയരാം' - മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ശ്രീശാന്ത് ആശംസാസന്ദേശം കുറിച്ചത്. നിരവധിപേരാണ് കുഞ്ഞ് ടെസ്സിന് ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. ശ്രീശാന്തിന്റെ സ്വപ്നങ്ങൾ ടെസിലൂടെ പൂർണമാകട്ടെ എന്ന് ആശംസിക്കുന്നവരും ഉണ്ട്. 

വെള്ള നിറത്തിലുള്ള ടീ ഷർട്ട് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. വിജയ ചിഹ്നം കാണിച്ച് കൈ ഉയർത്തി നിൽക്കുന്ന കുഞ്ഞു ടെസ് കണ്ണടയും ധരിച്ചിട്ടുണ്ട്. അച്ഛനോട് ചേർന്ന് നിന്നാണ് ടെസ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. വെള്ള ടീഷർട്ട് ധരിച്ച ശ്രീശാന്ത് തലയിൽ തൊപ്പിയും ധരിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ടു നിൽക്കുന്ന ശ്രീശാന്തിനെയാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്.

2013ൽ ആയിരുന്നു ഭുവനേശ്വരി കുമാരിയെ ശ്രീശാന്ത് വിവാഹം ചെയ്തത്. ജയ്പൂരിലെ രാജകുടുംബമായ ഷെഖാവത്ത് കുടുംബത്തിലെ ഇളമുറക്കാരിയായിരുന്നു ഭുവനേശ്വരി. ഒരു മകളും ഒരു മകനുമാണ് ഈ ദമ്പതികൾക്ക്. 2007 ൽ ഭുവനേശ്വരിയുമായി കണ്ടു മുട്ടിയതിന്റെ കഥ ശ്രീശാന്ത് തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വി ഐ പി ലോഞ്ചിൽ ആയിരുന്നു ആദ്യമായി ഭുവനേശ്വരിയെ കണ്ടത്. അത്ത് പതിനൊന്നാം ക്ലാസിൽ പഠിക്കുകയായിരുന്ന ഭുവനേശ്വരി പിന്നീട് ശ്രീയുടെ ജീവിതസഖിയായി മാറിയത് ചരിത്രം.

മക്കളുടെ കുസൃതി കലർന്ന ഫോട്ടോകളും വിഡിയോകളും ടെസ് സൂര്യ ശ്രീ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശ്രീശാന്ത് പങ്കുവെയ്ക്കാറുണ്ട്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാമിലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിരവധി വിവാദങ്ങൾക്കിടയിലും ശ്രീശാന്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എനർജി നൽകുന്ന പവർ പോയിന്റ് ആണ് കുടുംബവും മക്കളും.

English Summary:

Sreesanth's birthday message to son Tess melts hearts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com