'എന്റെ മകന് ഗ്രേഡ് കുറവാണ്, പക്ഷേ ശോഭനമായ ഭാവിയുണ്ടാകും'; മാർക്ക് കുറഞ്ഞ മകനെക്കുറിച്ച് അച്ഛൻ

Mail This Article
മക്കളുടെ പ്രോഗ്രസ് കാർഡ് മിക്ക മാതാപിതാക്കളുടെയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാലമാണിത്. മുഴുവൻ മാർക്കിൽ നിന്ന് അര മാർക്ക് കുറഞ്ഞാൽ പോലും കുട്ടികളെ സമ്മർദ്ദത്തിലാക്കുകയും സ്വയം ടെൻഷൻ അടിച്ച് നടക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കാലത്ത് തികച്ചും വ്യത്യസ്തരായിരിക്കുകയാണ് ഒരു അച്ഛനും മകനും. സൂക്ഷിച്ചു നോക്കണ്ട, കേരളത്തിലും ഇന്ത്യയിലും ഒന്നുമല്ല സംഭവം. അങ്ങ് ചൈനയിലാണ്.
പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ ക്ലാസിലെ ബാക്കി കുട്ടികളുടെ മാർക്ക് അന്വേഷിക്കുന്ന മാതാപിതാക്കളാണ് കൂടുതലും. അടുത്ത പരീക്ഷയ്ക്ക് അവരേക്കാൾ കൂടുതൽ മാർക്ക് വാങ്ങണമെന്ന് കുട്ടികളെ ചട്ടം കെട്ടുന്ന മാതാപിതാക്കൾ ഉള്ള കാലത്താണ് ഈ പിതാവ് വളരെ വ്യത്യസ്തനാകുന്നത്. പഠനത്തിന്റെ കാര്യത്തിൽ വളരെ പിറകിലായി പോയ തന്റെ മകനെ പ്രകീർത്തിച്ച് സംസാരിക്കുന്നതിൽ നിന്ന് ആ അച്ഛനെ ഒന്നും തടസപ്പെടുത്തുന്നില്ല. പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിക്കുന്ന ഈ അച്ഛന്റെ രീതിയാണ് ഇന്റർനെറ്റ് ലോകത്തിൽ സംസാരവിഷയമായത്. വളരെ ഹൃദയ സ്പർശിയായിരുന്നു ഈ അച്ഛന്റെ പ്രസംഗം. കുട്ടികളുടെ പഠനകാര്യത്തിലും മറ്റും മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം ഇങ്ങനെയായിരിക്കണം എന്നാണ് നെറ്റിസൺസ് പറയുന്നത്.
ഇനി വിഡിയോയിലേക്ക് വരാം. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയിലെ എലമെന്ററി സ്കൂളിലാണ് സംഭവം നടന്നത്. ടീച്ചർ - പേരന്റ്സ് യോഗത്തിന് എത്തിയ ഒരു പിതാവിനെ അയാളുടെ മകനെക്കുറിച്ച് സംസാരിക്കാൻ യോഗത്തിനിടയ്ക്ക് ക്ഷണിക്കുകയാണ്. ഇയാളുടെ മകനാകട്ടെ ക്ലാസിലെ അവസാനത്തെ റാങ്കുകാരനും. എന്നാൽ മകനെക്കുറിച്ച് പറഞ്ഞ പിതാവ്, തന്റെ മകൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി ആണെന്നും എന്നാൽ, വളർന്ന് വലുതാകുമ്പോൾ സമൂഹത്തിന് ഒരുപാട് മികച്ച സംഭാവനകൾ അവൻ നൽകുമെന്നും പറഞ്ഞു. തന്റെ മകൻ കുറഞ്ഞ ഗ്രേഡ് വാങ്ങിയതിൽ അധ്യാപകരോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. 'എങ്കിലും എന്റെ മകന് ഒരു ശോഭനമായ ഭാവി ഞാൻ കാണുന്നു. അതിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. സ്കോർ ഇത്രയധികം കുറവാണെങ്കിലും അവൻ വലിയ സമാധാനത്തിലാണ്. അവൻ നന്നായി ആഹാരം കഴിക്കുകയും കളിക്കുകയും ഉറങ്ങുകയും ചെയ്യുന്നു.അവൻ ഒരിക്കലും തന്റെ പഠനകാര്യങ്ങളെക്കുറിച്ചോർത്ത് ആകുലനല്ല. ഇത് തന്നെയാണ് എനിക്ക് അവനോട് ആരാധന തോന്നാനുള്ള കാരണവും.' - പിതാവ് പറഞ്ഞു.
ശക്തമായ മനോഭാവവും മികച്ച വൈകാരിക ഗുണനിലവാരവും എന്റെ മകനുണ്ട്. ഒരു നല്ല കരിയർ ഉണ്ടകാൻ അത്യാവശ്യമായി വേണ്ടത് അതാണ്. തന്റെ പഠനത്തിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അതിന് അധ്യാപകർക്ക് നന്ദി പറയുകയാണെന്നും പിതാവ് പറഞ്ഞു. ചിലപ്പോൾ പരീക്ഷകളിൽ 100ൽ 60 മാർക്ക് സ്കോർ ചെയ്യാൻ മകന് കഴിയുമെന്നും അതുകൊണ്ടു തന്നെ ഭാവിയിൽ ഒരു അസാധാരണ വ്യക്തിയാകാൻ അദ്ദേഹത്തിന് അവസരമുണ്ടെന്ന് താൻ കരുതുന്നെന്നും ആ പിതാവ് കുറിച്ചു. ഒരു ക്ലാസ് മുറിയിൽ വെച്ചാണ് ഈ വിഡിയോ ചിത്രീകരിക്കപ്പെട്ടത്. മക്കളോട് മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം എങ്ങനെയുള്ളതായിരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ അച്ഛന്റെ വാക്കുകളെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.