ADVERTISEMENT

തിയറ്ററിൽ നിന്ന് ഇറങ്ങി പോന്നിട്ടും വിടാതെ കൂടെ കൂടുന്ന ചില സിനിമകളുണ്ട്. 100 കോടിയും 200 കോടിയും കടന്ന്, ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് ആണ് അടുത്ത കാലത്ത് പ്രേക്ഷകലക്ഷങ്ങൾ ഒരേപോലെ നെഞ്ചേറ്റിയ ചിത്രം. നടന്ന സംഭവത്തെ വെള്ളിത്തിരയിലേക്ക് ആവാഹിച്ചപ്പോൾ അത് സൗഹൃദം ആഘോഷിക്കുന്നർക്കും കൊതിക്കുന്നവർക്കും എക്കാലത്തേക്കുമുള്ള സമ്മാനമായി മാറി.

മഞ്ഞുമ്മൽ ബോയ്സ് കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടു വരികൾ ചുണ്ടിലും കാണും. 'മനിതർ ഉണർതുകൊള്ള ഇത് മനിത കാതൽ അല്ലെ, അതൈയും താണ്ടി, പുനിതമാനത്'. 1991ൽ കമൽഹാസൻ ചിത്രമായ ഗുണയിൽ അനശ്വര പ്രണയം ആഘോഷിച്ച ഗാനമായിരുന്നു 'കൺമണി അൻപോട്' എന്ന ഗാനം. വാലിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി കമൽഹാസനും എസ് ജാനകിയും ചേർന്നായിരുന്നു ഈ ഗാനം ആലപിച്ചത്. എന്നാൽ, അതേ വരികളും ഗാനവും മഞ്ഞുമ്മൽ ബോയ്സ് റിലീസ് ആയി കഴിഞ്ഞതോടെ സൗഹൃദത്തിന്റെ ഗാനമായി മാറി.

മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഹിറ്റ് ആയി മാറി. റീലുകളിൽ മഞ്ഞുമ്മൽ ഇഫക്റ്റ് ആണ്. ഗായിക റിമി ടോമിയും മഞ്ഞുമ്മൽ ബോയ്സ് ഇഫക്റ്റിൽ നിന്ന് മുക്തയല്ല. കുട്ടിമണിക്കും കുട്ടാപ്പിക്കും ഒപ്പമാണ് റിമി മഞ്ഞുമ്മൽ ഇഫക്റ്റുമായി എത്തിയത്. 

കൺമണി അൻപോട് ഗാനത്തിലെ 'ഉന്ദാനേ കായമെങ്കും' എന്ന് തുടങ്ങുന്ന അവസാന ഭാഗത്തെ വരികളാണ് റിമി ആലപിച്ചത്. റിമി പാടുമ്പോൾ മടിയിൽ കുട്ടിമണിയുമുണ്ട്. 'അഭിരാമിയെ താലാട്ടും സാമിയേ നാന്താനേ തെരിയുമാ' എന്ന വരികൾ കഴിയുമ്പോൾ കുട്ടാപ്പിയെയും പാടാനായി വിളിക്കുന്നുണ്ട്. 'സുബലാലിലാലിയേ ലാലി ലാലിയേ' എന്ന് കൊച്ചമ്മയ്ക്കൊപ്പം മനോഹരമായി കുട്ടാപ്പിയും ആലപിക്കുന്നുണ്ട്.

ഏതായാലും കൊച്ചമ്മയുടെയും കുട്ടാപ്പിയുടെയും പാട്ട് ആരാധകർക്ക് നന്നായി ഇഷ്ടപ്പെട്ടു. കുട്ടാപ്പിയെ അവസാനമാണെങ്കിലും കൊണ്ടു വന്നത് നന്നായി എന്നാണ് ആരാധകപക്ഷം. 'കുട്ടാപ്പി ഇല്ലാത്ത വിഡിയോ വെടിക്കെട്ട് ഇല്ലാത്ത പള്ളി പെരുന്നാൾ പോലെയാ' എന്നാണ് ഒരു കമന്റ്. ഏതായാലും കുട്ടാപ്പിക്ക് ഒപ്പമുള്ള അവസാനത്തെ ലാലിലാലിയേ പൊളിച്ചെന്നതിൽ കമന്റ് ബോക്സിലും തർക്കമില്ല.

റിമിയുടെ സഹോദരി റീനു ടോമിയുടെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. റിമി ടോമിയുടെ മിക്ക വിഡിയോകളിലും സഹോദരങ്ങളുടെ മക്കളെയും കാണാം. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളായ കിയാര എന്ന കൺമണിയും റിമിക്കൊപ്പം വിഡിയോകളിൽ സജീവമാണ്. സഹോദരങ്ങളുടെ മക്കൾക്കൊപ്പം പുറത്തു പോകുന്നതും കളിക്കുന്നതും എല്ലാമാണ് റിമിയുടെ പ്രധാനവിനോദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com