വിസ്മയ കാഴ്ച്ചകൾ അമ്മയെ കാണിച്ചു കൊടുത്ത് ഹോപ്പ്; ചിത്രം പങ്കുവച്ച് ബേസിൽ ജോസഫ്
Mail This Article
ചുറ്റിലും കാണുന്നതിലെല്ലാം കൗതുകം കണ്ടെത്തും കുഞ്ഞുങ്ങൾ. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും എന്നുവേണ്ട എല്ലാം തന്നെയും അവർക്കു വിസ്മയം ജനിപ്പിക്കുന്ന കാഴ്ച്ചകൾ തന്നെയാണ്. അത്തരമൊരു കാഴ്ചയിലേക്ക് കൈകൾ ചൂണ്ടി, അമ്മയ്ക്കും താൻ കാണുന്ന വർണലോകം കാണിച്ചു കൊടുക്കുകയാണ് ഹോപ്. ചുരുങ്ങിയ കാലം കൊണ്ട് സംവിധായകനായും അഭിനേതാവായും പാടവം തെളിയിച്ച മലയാളികളുടെ സ്വന്തം ബേസിൽ ജോസഫിന്റെ മകൾ. മകളുടെ ആ കൗതുകത്തെ ചിത്രമായി പകർത്തി, തന്റെ കൂട്ടുകാർക്കും ആരാധകർക്കുമായി പങ്കുവെച്ചിട്ടുമുണ്ട് താരം.
സിംഗപൂർ യാത്രയിൽ നിന്നും പകർത്തിയ ചിത്രമാണിതെന്നു ബേസിൽ സൂചിപ്പിച്ചിട്ടുണ്ട്. ഹോപ്പിനൊപ്പം ചിത്രത്തിൽ ഭാര്യ എലിസബത്തുമുണ്ട്. മകൾ മുകളിലേക്ക് കൈകൾ ചൂണ്ടി കാഴ്ചകൾ ആസ്വദിക്കുകയാണ്. അവിടെ കാണുന്നതു എന്താണെന്ന ആകാംക്ഷയിൽ മുകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് എലിസബത്ത്. ഹൃദയത്തിന്റെ രൂപമാണ് ചിത്രത്തിന് ക്യാപ്ഷനായി ബേസിൽ നൽകിയിരിക്കുന്നത്. ചിത്രത്തിന് പുറകിലായി മനോഹരമായ പുഷ്പങ്ങളും അതിനൊപ്പം തന്നെ പല നിറത്തിലുള്ള കടലാസുകളിൽ തീർത്ത രൂപങ്ങൾ തൂങ്ങിയാടുന്നതും കാണുവാൻ കഴിയും. നിറങ്ങൾ നിറഞ്ഞ ആ കാഴ്ചകൾ തന്നെയാകണം ഹോപ്പിനു മുന്നിൽ വിസ്മയം തീർത്തിട്ടുണ്ടാകുക.
ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ ഹോപ്പിന്റെ ചിത്രത്തിന് താഴെ ഇമോജികൾ കൊണ്ട് തങ്ങളുടെ സ്നേഹം അറിയിച്ചിട്ടുണ്ട്. ‘ദേ അങ്ങോട്ട് നോക്കൂ, ആകാശത്ത് ഒരു പറവ...’ എന്നിങ്ങനെയുള്ള രസകരമായ കമെന്റുകളും ചിത്രത്തിന് അടികുറിപ്പെന്ന പോലെ ചിലർ കുറിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 15 നാണ് ബേസിലിനും എലിസബത്തിനും മകൾ ജനിച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേരെന്നു ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അന്ന് താരം കുറിച്ചിരുന്നു.