ADVERTISEMENT

നാടെങ്ങും തിരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ തിരഞ്ഞെടുപ്പ് ചൂടിലാണ്. ചൂടു കൂടിയതോടെ വീടുകയറിയുള്ള വോട്ട് പിടുത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ സജീവമാണ്. മാതാപിതാക്കളുടെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ കേട്ടു വളരുന്ന കുട്ടികൾക്കും സ്ഥാനാർഥികളുടെ പേരും ആർക്ക് വോട്ട് ചെയ്യണമെന്ന ധാരണയും ഒക്കെയുണ്ട്. മുതിർന്നവർ രാഷ്ട്രീയത്തെയോ സ്ഥാനാർഥികളെയോ കാണുന്നതു പോലെയായിരിക്കില്ല കുട്ടികളുടെ കാഴ്ചപ്പാട്. സ്ഥാനാർഥിയുടെ പേരും രൂപവും വ്യക്തിത്വവും സംസാരവും എല്ലാം കുട്ടികളെ ആകർഷിക്കും.

കുഞ്ഞു മൽഹാറും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആഘോഷത്തിലാണ്. രാഷ്ട്രീയക്കാരനായ അച്ഛൻ കെ.എസ്. ശബരീനാഥനും ഐഎഎസു കാരിയായ അമ്മ ദിവ്യ എസ്. അയ്യറും വീട്ടിലുള്ളപ്പോൾ മൽഹാറിന് എങ്ങനെ രാഷ്ട്രീയം ചിന്തിക്കാതിരിക്കാൻ കഴിയും. ഏതായാലും അച്ഛനെപ്പോലെ ഒരു രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർഥിയെ മാത്രമല്ല മൽഹാർ ചേർത്തുപിടിച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെ സ്ഥാനാർഥികളെയും മൽഹാറിന് അറിയാം.

വീടിന്റെ മതിലിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ വരച്ച് ഒട്ടിച്ചു വെച്ചിട്ടുണ്ട്. മതിലിൽ പതിച്ച സ്ഥാനാർഥി ചിത്രങ്ങളെ മൽഹാർ പരിചയപ്പെടുത്തുന്ന വിഡിയോ 'ജനാധിപത്യ ബോധമുള്ള പൗരൻ' എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ എസ്. അയ്യർ പങ്കുവെച്ചത്. ഏതായാലും പന്ന്യൻ രവീന്ദ്രനെ ആണെന്ന് തോന്നുന്നു മൽഹാറിന് ഏറെ ഇഷ്ടപ്പെട്ടത്. പന്ന്യന്റെ രണ്ടു ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. മഞ്ഞനിറമുള്ള ചാർട്ട് പേപ്പറിലാണ് പന്ന്യൻ രവീന്ദ്രനും ശശി തരൂരും രാജീവ് ചന്ദ്രശേഖറുമെല്ലാം ഇടം പിടിച്ചിരിക്കുന്നത്.

sabarinadh-divya-s-iyer-son-malhar-on-national-reading-day
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

കുഞ്ഞു മൽഹാർ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന രീതിയാണ് ഏറെ രസകരം. ഒരു കുഞ്ഞുവടിയെടുത്ത് ഓരോ സ്ഥാനാർഥിയെയും ചൂണ്ടിക്കാണിച്ചാണ് അവരുടെ പേരുകൾ പറയുന്നത്. 'ഇത് പന്ന്യൻ, ഇതും പന്ന്യൻ, ഇത് ശശി, ഇത് രാജീവ് ചന്ദ്രശേഖരൻ'  എന്നിങ്ങനെയാണ് സ്ഥാനാർഥികളെ മൽഹാർ പരിചയപ്പെടുത്തുന്നത്. ഇത് ആരാണ് വരച്ചതെന്ന് ചോദിക്കുമ്പോൾ 'ശബരി' എന്നായിരുന്നു മൽഹാറിന്റെ മറുപടി.

 Baby Malhar prepared watermelon juice for his mother
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'കുട്ടികൾക്ക് ചെറുപ്പത്തിലേ ഇങ്ങനെ ഉള്ള നല്ല ട്രെയിനിങ് കിട്ടിയാൽ അവരെയും സിവിൽ സർവീസിനായി ഒരുക്കാം', 'ഇങ്ങനെ പോയാൽ മൂന്നുപേരും നാടുവിടുന്ന ലക്ഷണം കാണുന്നുണ്ട്', 'ഭാവി രാഷ്ട്രീയക്കാരൻ', 'മൽഹാറിനോട് ഇപ്പോ വോട്ട് ഇടാൻ പറഞ്ഞാൽ ഒരുപക്ഷേ ഏറ്റവും സുന്ദരനായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യും. കുട്ടികളുടെ മനസ്സിൽ കളങ്കം ഇല്ല.' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ.എസ്. ശബരീനാഥനും ദിവ്യ എസ്. അയ്യർ ഐഎഎസും 2017ൽ ആണ് വിവാഹിതരായത്. കേരളചരിത്രത്തിലെ തന്നെ ആദ്യത്തെ എംഎൽഎ - ഐഎഎസ് ദമ്പതികൾ ആയിരുന്നു ഇവർ. 2019 ഏപ്രിലിലാണ് കുഞ്ഞു മൽഹാർ ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. മൽഹാറിന്റെ വിശേഷങ്ങളും കുസൃതികളും മൽഹാറിന് ഒപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം ദിവ്യ ഐഎഎസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ജോലിത്തിരക്കിനിടയിലും കുഞ്ഞിനു വേണ്ടി സമയം കണ്ടെത്തുന്ന ദിവ്യ സൂപ്പർ അമ്മ ആണെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

English Summary:

Malhar evaluates Thiruvananthapuram election candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com